Friday, November 22, 2024
spot_imgspot_img
HomeOpinionകത്തുവ, ഉന്നാവോ, ഹാത്രസ്, ഇവിടെയെല്ലാം രാമനുണ്ടാകുമോ?, ബിൽകിസ് ബാനുവിന്റെ കണ്ണീരിനു മുകളിൽ മോദി നടത്തുന്ന പ്രാണപ്രതിഷ്ഠ

കത്തുവ, ഉന്നാവോ, ഹാത്രസ്, ഇവിടെയെല്ലാം രാമനുണ്ടാകുമോ?, ബിൽകിസ് ബാനുവിന്റെ കണ്ണീരിനു മുകളിൽ മോദി നടത്തുന്ന പ്രാണപ്രതിഷ്ഠ

സച്ചിൻ ബാബു

മോദി സർക്കാർ ഇന്ത്യയെ അടിമപ്പെടുത്താൻ തുടങ്ങിയിട്ട് ഒരു ദശാബ്ദം പൂർത്തിയാക്കുകയാണ്. ‘ബഹുത് ഹുവാ നാരി പർ വർ, അബ്കി ബാർ മോദി സർക്കാർ’ (സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ മതി, ഇത്തവണ മോദി സർക്കാരിനെ തെരഞ്ഞെടുക്കൂ) എന്നത് 2014-ലെ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുടെ ഹൈ പിച്ച് പ്രചാരണ സംവിധാനത്തിലൂടെ പ്രചരിച്ച മുദ്രാവാക്യങ്ങളിലൊന്നായിരുന്നു. ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ (പെൺമക്കളെ രക്ഷിക്കൂ, അവർക്ക് വിദ്യാഭ്യാസം നൽകൂ), ‘മകളുമൊത്ത് സെൽഫി’ തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ സ്ത്രീപക്ഷ ഭരണത്തിന്റെ പ്രചാരണം ആയിരുന്നു ബിജെപിയെ വിശ്വസിച്ച ജനങ്ങൾ അവരെ അധികാരത്തിലേറ്റൻ കാരണമായത്. ഈ മുദ്രാവാക്യങ്ങൾ ജനപ്രിയമാക്കുന്നതിന് ദശലക്ഷക്കണക്കിന് രൂപ ചെലവഴിച്ചപ്പോൾ, ‘മോദിയുടെ രാമ രാജ്യത്തിൽ’ അഥവാ മോദി ഭരണത്തിന് കീഴിലുള്ള നവ ഇന്ത്യയിൽ സ്ത്രീകൾക്ക് എന്ത് മാറ്റമാണ് ഉണ്ടായതെന്ന് പരിശോധിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യകത ആയിമാറിയിരിക്കുന്നു.

ഈ അടുത്ത് കാലത്ത് നടന്ന ഒരു സംഭവികാസം എടുത്തു പറഞ്ഞുകൊണ്ട് മോദിയുടെ സ്ത്രീ സമൂഹത്തോടുള്ള ഉദാത്തമായ സ്നേഹത്തെ കുറിച്ച് പറഞ്ഞു തുടങ്ങാം. ബിജെപി എം പി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ ലൈംഗികാതിക്രമത്തിനെതിരെ പ്രതിഷേധിച്ച ഇന്ത്യയുടെ അഭിമാനമായി മാറിയ ലോക ചാമ്പ്യൻമാരായ വനിതാ ഗുസ്തി താരങ്ങളെ അതേ ദിവസം തന്നെ, പുതിയ പാർലമെന്റ് ഉദ്ഘാടനത്തിന്റെ പേരിൽ ക്രൂരമായ ബലപ്രയോഗത്തിലൂടെ നേരിട്ടപ്പോഴാണ് മോദി ഭരണത്തിൻ കീഴിലുള്ള സ്ത്രീകൾ നേരിടുന്നതിന്റെ ഒരു നേർക്കാഴ്ച വെളിച്ചം കണ്ടത്.

ഒളിമ്പിക്‌സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിൽ ഒന്നിലധികം മെഡലുകൾ നേടിയ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സംഗീതാ ഫോഗട്ട് തുടങ്ങിയ വനിതാ ഗുസ്തി താരങ്ങൾ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ബ്രിജ് ഭൂഷന്റെ ലൈംഗികാതിക്രമത്തിനെതിരെ മാസങ്ങളായി നീണ്ടു നിന്ന പ്രതിഷേധമായിരുന്നു മോദിയുടെ സൈന്യം ഒറ്റ രാത്രികൊണ്ട് തകർത്തെറിഞ്ഞത്. ഈ ഗുസ്തിക്കാർ മെഡലുകളുമായി സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തിയപ്പോൾ പ്രധാനമന്ത്രി തന്നെ അവരുമായി ഫോട്ടോ എടുത്തതും പിന്നീട് ഓരോരുത്തരേയും പുകഴ്തി സംസാരിച്ചതും ഇന്ത്യയിലെ ജനങ്ങൾ ഓർക്കുന്നുണ്ടാവും. മെഡൽ ജേതാക്കൾ ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമ പരാതി നൽകിയതോടെ അവരെ നിശബ്ദരാക്കാനുള്ള തിരക്കിലായിരുന്നു മോദി ഭരണകൂടം. മാസങ്ങൾ നീണ്ട പ്രതിഷേധത്തിനും സുപ്രീം കോടതിയുടെ ഇടപെടലിനും ശേഷമാണ് ബ്രിജ് ഭൂഷണെതിരെ എഫ്‌ഐആർ ഫയൽ ചെയ്യാൻ ഡൽഹി പൊലീസ് തയ്യാറായത്. എഫ്ഐആർ എടുത്താലും ബ്രിജ് ഭൂഷൺ എംപിയായി തുടരുന്നു.

മെഡൽ ജേതാക്കളായ കായിക താരങ്ങളെ ഇങ്ങനെയാണ് പരിഗണിക്കുന്നതെങ്കിൽ, മറ്റ് ദശലക്ഷക്കണക്കിന് സ്ത്രീകൾ അവരുടെ ജോലിസ്ഥലത്ത് ലൈംഗികാതിക്രമം നേരിടുകയും അതിനെതിരെ സംസാരിക്കാൻ ധൈര്യപ്പെടുകയും ചെയ്യുന്നത് എങ്ങനെയെന്ന് ഊഹിക്കാവുന്നതാണ്. ഗുസ്തിക്കാർ നൽകിയ പരാതിയെ തുടർന്നാണ് റെസലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ(ഡബ്ല്യുഎഫ്‌ഐ) യിൽ ഇന്റേണൽ കംപ്ലയിന്റ്‌സ് കമ്മിറ്റി (ഐസിസി) ഇല്ലെന്ന കാര്യം പുറത്തറിഞ്ഞത്. 2013-ലെ ജോലിസ്ഥലത്തെ ലൈംഗികാതിക്രമം തടയൽ നിയമം അനുസരിച്ച് എല്ലാ ജോലിസ്ഥലത്തും ഇന്റേണൽ കംപ്ലയിന്റ്‌സ് കമ്മിറ്റി നിർബന്ധമാണ്. ഡബ്ല്യുഎഫ്‌ഐ പോലുള്ള ഒരു ദേശീയ തലത്തിലുള്ള സ്ഥാപനം അതിന്റേ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു ഐസിസി രൂപീകരിക്കാൻ മെനക്കെടുന്നില്ലെങ്കിൽ, രാജ്യത്തുടനീളമുള്ള ജോലിസ്ഥലങ്ങളിലെ ഗതി പിന്നീട് വിവരിക്കേണ്ടതില്ലലോ.

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി ജനക്കൂട്ടം അവരെ ബലാത്സംഗം ചെയ്തപ്പോഴും മോദി മിണ്ടിയില്ല. ജമ്മുവിലെ കത്വയിൽ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിന്തുണച്ച് ബിജെപി മന്ത്രിമാർ പങ്കെടുത്ത റാലികൾ സംഘടിപ്പിച്ചത് മോദിയുടെ കീഴിലാണ്. ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ ബലാത്സംഗക്കേസിൽ പ്രതിയായപ്പോൾ ഉന്നാവോയിലും ബലാത്സംഗക്കേസ് പ്രതികൾക്കായി ബിജെപി തെരുവിൽ ഇറങ്ങി. സെൻഗാറിനെതിരെ മൊഴിനൽകിയതിന് പരാതിക്കാരിയും അവളുടെ കുടുംബവും കടുത്ത പീഡനങ്ങളും ആക്രമണങ്ങളും നേരിടേണ്ടി വന്നു.

ഹത്രാസിന്റെ ക്രൂരമായ ബലാത്സംഗവും കൊലപാതകവും നമ്മുടെ ഓർമ്മയിൽ ഇപ്പോഴും ഞെട്ടിക്കുന്ന ഒന്നാണ്. ഇവിടെ ബിജെപി നേതൃത്വത്തിലുള്ള യുപി സർക്കാർ കുറ്റവാളികളെ പ്രബല ജാതിയിൽപ്പെട്ടവരായതിനാൽ സംരക്ഷിക്കുന്ന സമീപനമാണ് പര്യസ്യമായി നടപ്പിലാക്കുന്നത്. മോദിയുടെ സ്വന്തം പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള ബനാറസ് ഹിന്ദു സർവകലാശാലയിലെ വനിതാ വിദ്യാർത്ഥിനികൾ ലൈംഗികാതിക്രമങ്ങൾക്കെതിരെ നീതി ആവശ്യപ്പെട്ട് ലാത്തി ചാർജും പോലീസ് നടപടിയും നേരിട്ടിട്ടും അവർ പിന്നോട്ട് പോയില്ല.

2002-ലെ ഗുജറാത്തിലെ മുസ്ലീം വിരുദ്ധ കലാപത്തിനിടെ ബിൽക്കിസ് ബാനോവിനെ കൂട്ടബലാത്സംഗം ചെയ്യുകയും അവളുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതികളായ പതിനൊന്ന് പേരെയും ബിജെപി നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാർ വിട്ടയച്ചു. 2021ൽ പുറത്തു വന്ന കേസുകൾ അനുസരിച്ച് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 42.96% വർധനവുണ്ടായത് മോദി സർക്കാരിന്റെ കീഴിലാണ്.

സ്ത്രീകളെ നിയന്ത്രിക്കാനും കീഴ്പ്പെടുത്താനുമുള്ള പിന്തിരിപ്പൻ പുരുഷാധിപത്യ ശക്തികളുടെ ഏറ്റവും വലിയ തന്ത്രമാണ് സ്ത്രീകളുടെ അവകാശങ്ങൾക്കു മേൽ കടന്നു കയറുന്നതും അവരെ ഒരു ചുറ്റുപാടിൽ തളച്ചിടാൻ ശ്രമിക്കുന്നതും. മോദി രാജിനു കീഴിലുള്ള സ്ത്രീകൾക്ക് സ്വയംഭരണത്തിനും തെരഞ്ഞെടുപ്പിനുമുള്ള അവരുടെ അവകാശം ബലമായി നിഷേധിക്കപ്പെടുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള നിരവധി സംസ്ഥാന സർക്കാരുകൾ ‘മതപരിവർത്തന വിരുദ്ധ’ നിയമങ്ങളിലൂടെ മിശ്രവിവാഹങ്ങളെ അപകീർത്തിപ്പെടുത്തുന്ന നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ‘ലൗ ജിഹാദ്’ എന്ന ബിജെപിയുടെ മുസ്‌ലിം വിരുദ്ധ, സ്ത്രീവിരുദ്ധ പ്രചാരണങ്ങൾക്ക് ഈ നിയമനിർമ്മാണത്തിലൂടെ നിയമസാധുത ലഭിക്കുന്നു. അതിനു ശേഷം നിരവധി മിശ്ര ദമ്പതികൾ നേരിടേണ്ടി വന്നത് ഭീഷണി, ആൾക്കൂട്ട ആക്രമണങ്ങൾ, നിയമങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഉപദ്രവങ്ങൾ മുതലായവയാണ്. കൂടാതെ അവരുടെ മതത്തിന് അതീതമായി സ്നേഹിക്കാൻ തിരഞ്ഞെടുത്തതിന് മരണശിക്ഷ പോലും അനുഭവിക്കേണ്ടി വന്നവർ വരെ നമ്മുടെ രാജ്യത്തുണ്ട്. സ്ത്രീകളെ ഭരണകൂടം തന്നെ മതനിയന്ത്രണത്തിന്റെ ചങ്ങലയിൽ നിർത്തി മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷം വളർത്താനാണ് ശ്രമിക്കുന്നത്.

വിദ്യാഭ്യാസത്തിലും തൊഴിലിലും മറ്റ് പൊതുമേഖലകളിലും അവർ നേരിടുന്ന ലൈംഗികാതിക്രമങ്ങൾക്കും വിവേചനങ്ങൾക്കും എതിരെ സംസാരിക്കുന്ന സ്ത്രീകളെ മോദി സർക്കാർ ബോധപൂർവം ഈ ഇടങ്ങളിൽ നിന്ന് പുറത്താക്കുകയാണ്. അവരെ നിശബ്ദരാക്കുക എന്നതാണ് ഇതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) 2020-ന്റെ സംയോജനത്തോടെ വിദ്യാഭ്യാസ മേഖലയിൽ രാജ്യത്ത് സ്ത്രീകൾ കൈവരിച്ച വർഷങ്ങളുടെ പുരോഗതി ഇല്ലാതാക്കുകയാണ്. ചെറുപട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും പൊതു ധനസഹായമുള്ള സ്കൂളുകളും കോളേജുകളും അടച്ചുപൂട്ടാൻ എൻഇപി പദ്ധതിയിടുന്നു. ലയനത്തിന്റെ പേരിൽ ഇന്ത്യയിൽ ഉടനീളം ആയിരക്കണക്കിന് സ്‌കൂളുകൾ അടച്ചുപൂട്ടി. നഗരങ്ങളിൽ വൻകിട സർവ്വകലാശാലകൾ നിർമ്മിക്കാനെന്ന പേരിൽ പൊതു ധനമുപയോഗിച്ച് കോളേജുകൾ അടച്ചുപൂട്ടാൻ ഉപദേശിക്കുന്നു. അഗാധമായ പുരുഷാധിപത്യ സമൂഹത്തിൽ വിദ്യാഭ്യാസം നേടുന്നതിന് പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന പോരാട്ടങ്ങളെക്കുറിച്ച് പരിചയ സമ്പന്നർക്ക് ആർക്കും അറിയാം. 2022ൽ ബിജെപി നേതൃത്വത്തിലുള്ള കർണാടക സർക്കാർ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്നത് നിരോധിച്ച് നോട്ടീസ് പുറപ്പെടുവിച്ചു. ഈ ഉത്തരവിനെത്തുടർന്ന് വിദ്യാർത്ഥിനികൾക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗേറ്റുകൾ ബലമായി അടച്ചു. ഹിജാബ് നിരോധന ഉത്തരവ് മൂലം 2022-ൽ 17,000-ത്തിലധികം വിദ്യാർത്ഥിനികൾക്ക് അവരുടെ ബോർഡ് പരീക്ഷ ഒഴിവാക്കാൻ നിർബന്ധിതരായതായി പിന്നീട് പുറത്തുവന്ന പല റിപ്പോർട്ടുകളും കണക്കുകൾ വെളിപ്പെടുത്തിയതാണ്.

മോദി ഭരണത്തിൽ ജോലി അന്വേഷിച്ചിറങ്ങുന്ന സ്ത്രീകളുടെ എണ്ണം മാസം തോറും കുറഞ്ഞുവരികയാണ്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് (എൽഎഫ്പിആർ) 2012-ൽ 27% ആയിരുന്നത് 2021-ൽ 22.9% ആയി കുറഞ്ഞുവെന്ന് സമീപകാലത്ത് പുറത്തുവന്ന പല റിപ്പോർട്ടുകളും വ്യക്തമാക്കി. ഒരു സമൂഹത്തിലെ സ്ത്രീ ശാക്തീകരണത്തിന്റെ വളരെ പ്രധാനപ്പെട്ട സൂചകമാണ് എൽഎഫ്‌പിആർ. സ്ത്രീകളെ സംബന്ധിച്ചിടത്തോളം തൊഴിൽ വിപണിയുടെയും പൊതുമേഖലയുടെയും ആരോഗ്യത്തിന്റെ സൂചകമാണിത്. മഹാമാരിക്ക് ശേഷം, സ്ത്രീകൾ ശമ്പളം നൽകുന്ന തൊഴിലിൽ നിന്ന് സ്വയം തൊഴിൽ മേഖലകളിലേക്ക് മാറിനിൽക്കേണ്ടിവന്നു.

തൊഴിൽ വിപണിയിൽ നിന്നും മാന്യമായ തൊഴിലിൽ നിന്നും സ്ത്രീകളെ കൂടുതലായി പുറത്താക്കുന്നതിലേക്ക് നയിക്കുന്നത് എന്താണ്? സ്ത്രീകളെ അവരുടെ വീടിന്റെ പരിമിതികളിലേക്ക് തിരിച്ചുവിടുന്ന പിന്തിരിപ്പൻ നയങ്ങളുള്ള മോദി ഭരണത്തിൻ കീഴിലുള്ള നവ ഇന്ത്യയെന്നതായിരിക്കും അതിന് ഉത്തരം.

95 ശതമാനത്തിലധികം സ്ത്രീകളുള്ള ഇന്ത്യയിലെ ഒരു കോടിയിലധികം സ്കീം വർക്കർമാർ പരസ്യമായി ചൂഷണം ചെയ്യപ്പെടുന്നു. ആശാ, അങ്കണവാടി, ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾ, സർക്കാരിന്റെ നിരവധി പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളെ ഉൾപ്പെടെ മിനിമം വേതനം പോലും നൽകാതെ ജോലി ചെയ്യിപ്പിക്കുകയാണ്. നിരവധി കേന്ദ്രസർക്കാർ പദ്ധതികളുടെ നട്ടെല്ലായി മാറിയ ഈ തൊഴിലാളികളെ തൊഴിലാളികളായി പോലും അംഗീകരിക്കുകയോ, ഒരു സാമൂഹിക സുരക്ഷാ പദ്ധതി പോലും ഇവർക്കായി പ്രയോജനപ്പെടുത്താനോ സർക്കാർ തയ്യാറാവുന്നില്ല.

ബിജെപി സർക്കാറിനു കീഴിൽ വർഗീയ സംവിധാനങ്ങൾ സ്ത്രീകളെ രക്ഷിക്കുന്നതിന്റെ പേരിൽ മുസ്ലീങ്ങൾക്കെതിരെ വിദ്വേഷം നിറഞ്ഞ ആക്രമണം അഴിച്ചു വിടുകയാണ്. ബിൽക്കിസ് ബാനോയുടെ ബലാത്സംഗികളുടെ മോചനത്തിലായാലും, കത്വയിലെ ബലാത്സംഗ-കൊലപാതക പ്രതികളുടെ സംരക്ഷണത്തിലായാലും, സിഎഎ-എൻആർസി പ്രക്ഷോഭകർക്കെതിരായ ആക്രമണത്തിലായാലും, സഫൂറയെയും ഗൾഫിഷയെയും മറ്റ് നിരവധി സ്ത്രീകളെയും തടവിലാക്കിയതിലും, സ്ത്രീകളെ വിദ്യാഭ്യാസത്തിൽ നിന്ന് പുറത്താക്കുന്നതിലായാലും, ഹിജാബ് നിരോധനത്തിന്റെ പേരിലും മോദി സർക്കാരിന്റെ വർഗീയ അജണ്ടകളാണ് ഈ വശങ്ങളിലെല്ലാം പ്രതിഫലിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്.

പുരുഷാധിപത്യ-സാമുദായിക സംവിധാനങ്ങൾക്കെതിരെ സ്ത്രീകളുടെ ഊർജ്ജസ്വലവും ധീരവുമായ മുന്നേറ്റങ്ങൾ കൂടിയാണ് കഴിഞ്ഞ ഒമ്പത് വർഷം രാജ്യത്ത് അടയാളപ്പെടുത്തിയത്. സി‌എ‌എ-എൻ‌ആർ‌സി-എൻ‌പി‌ആറിനെതിരെ സ്ത്രീകൾ നയിച്ച വൻ മുന്നേറ്റങ്ങൾ, കർഷക വിരുദ്ധ നിയമങ്ങൾക്കെതിരായ സ്ത്രീകളുടെ ദൃഢമായ പങ്കാളിത്തം, ലൈംഗികാതിക്രമങ്ങൾക്കെതിരെ ബിഎച്ച്‌യു, ഡിയു, കലാക്ഷേത്ര എന്നിവിടങ്ങളിൽ നിന്നുള്ള കോളേജ്, യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങൾ നമ്മൾ കണ്ടു. മോദി സർക്കാരിന്റെ ഒമ്പതാം വർഷത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഗുസ്തിക്കാരുടെ പ്രതിഷേധം കാണിക്കുന്നത് നീതിക്കും സമത്വത്തിനുമുള്ള അന്വേഷണം അചഞ്ചലമാണെന്നതാണ്. മോദി രാജിന്റെയും സംഘ പരിവാറിന്റെയും പുരുഷാധിപത്യ-വർഗീയ ഭരണത്തെ പിന്നോട്ടടിക്കാൻ സ്ത്രീകൾ ഒറ്റക്കെട്ടായി അണിനിരക്കുന്ന കാലം വിദൂരമല്ല.

(അഭിപ്രായം തികച്ചും വ്യക്തിപരം)

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares