സമീപ കാലത്ത് കേരളം ദർശിച്ച ഭീകരമായ ദുരന്തമാണ് ജൂലെെ മുപ്പതിന് പുലർച്ചെ വയനാട്ടിൽ സംഭവിച്ചത്. 99 ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924 ലെ പ്രളയ ശേഷം കേരളത്തിലുണ്ടായ ദുരന്തം മേപ്പാടി പഞ്ചായത്ത് പ്രദേശത്തെ മുണ്ടക്കെെ, ചൂരൽമല എന്നീ ഗ്രാമങ്ങളെ തന്നെ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റുകയുണ്ടായി. 1977നും 2023നും ഇടയ്ക്ക് വിനാശം വിതച്ച ഇരുപത്തിനാലോളം ഉരുൾപൊട്ടലുകളാണ് കേരളത്തിൽ ഉണ്ടായത്. ചൂരൽ മല ഉരുൾ കവർന്ന ദുരന്തത്തിൽ കേരളമാകെ വിറങ്ങലിച്ചു നിൽക്കുന്ന വേളയിൽ വയനാടിനെ ഭീതിയിലാഴ്‌ത്തിയ കവളപ്പാറ-പുത്തുമല ഉരുൾപൊട്ടലിന് ഇന്ന് അഞ്ച് വയസ്സ് തികയുന്നു.
പോത്തുകല്ല് പഞ്ചായത്തിലെ കവളപ്പാറ മുത്തപ്പൻ കുന്നിൽ 2019 ഓഗസ്റ്റ് 8ന് ഉരുൾപൊട്ടി 59 ജീവനുകൾ നഷ്ടമായി. 44 വീടുകൾ പൂർണമായും 28 എണ്ണം ഭാഗികമായും തകർന്നു. 18 ദിവസത്തെ തിരച്ചിലിനു ശേഷവും മൺകൂനകൾക്ക് ഇടയിൽ നിന്നു 11 മൃതദേഹങ്ങൾ കണ്ടെടുക്കാനായില്ല. അഞ്ചുവര്‍ഷം മുമ്പ് ഇതേദിവസം ഒരു രാത്രിയിലാണ് ഒരു ഗ്രാമം തന്നെ മണ്ണിടിഞ്ഞ് ഇല്ലാതായത്. രണ്ട് ദിവസമായി നിലയ്ക്കാതെ പെയ്ത മഴയിലാണ് മുകളിലെ കുന്ന് ഇടിഞ്ഞ് താഴെ താമസിക്കുന്നവരുടെ ജീവെനടുത്തത്. പിറ്റേന്ന് വെളുപ്പിനാണ് രാത്രിയുണ്ടായ അപകടം പുറം ലോകം അറിഞ്ഞത്.
നിലമ്പൂര്‍ കവളപ്പാറയില്‍ ഉരുള്‍പൊട്ടി മണിക്കൂറുകളുടെ വ്യത്യാസത്തിൽ പുത്തുമലയിലുമിറങ്ങിയ ദുരന്തം പതിനേഴ് പേരുടെ ജീവനാണെടുത്തത്. ദുരന്ത ശേഷം നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 12 പേരുടെ മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്നും കണ്ടെത്തി. എന്നാല്‍ ദുരന്തത്തില്‍ കാണാതായ അഞ്ചു പേര്‍ എവിടെയെന്നത് വയനാടിന്‍റെ നെഞ്ചില്‍ നിന്നുയരുന്ന നൊമ്പരമേറിയ ചോദ്യമായി ഇന്നും അവശേഷിക്കുകയാണ്. ദുരന്ത പ്രതികരണ സേനാംഗങ്ങളും നാട്ടുകാരുമടക്കം ദിവസങ്ങളോളം തെരച്ചില്‍ നടത്തിയിട്ടും അഞ്ച് പേര്‍ പുത്തുമലയിലെ മണ്ണറകള്‍ക്കുള്ളിലെവിടെയോ പുതഞ്ഞ് കിടപ്പുണ്ട്.
പ്രവചനങ്ങൾക്കപ്പുറമുള്ള കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയ ഭൂവിനിയോഗവും മറ്റു പാരിസ്ഥിതിക-ഭൗമ പ്രത്യേകതകളെല്ലാം ഒത്തുചേർന്ന് രൂപപ്പെട്ട അതിരൂക്ഷമായ പ്രകൃതി ദുരന്തങ്ങളിൽ കൂടിയാണ് നാം ഇന്ന് കടന്നു പോകുന്നത്. ഓരോ ദുരന്തങ്ങളും കവർന്നെടുക്കുന്നത് ആയിരക്കണക്കിന് ജീവനുകളാണ്. കാലാവസ്ഥയെയും പാരിസ്ഥിതിക ദുരന്തസാധ്യതകളെയും സംബന്ധിച്ച് സമഗ്ര പഠനം നടത്തി അതിനനുസൃതമായ വികസന പദ്ധതികൾ രൂപീകരിച്ച് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതെല്ലാം വിരൽ ചൂണ്ടുന്നത്.