കവിയൂർ പൊന്നമ്മ എന്ന പേര് ഓർത്തെടുക്കുമ്പോൾ ഒരോ മലയാളിയുടെ മനസ്സിലോടിയെത്തുന്നത് സ്നേഹ വാത്സല്യങ്ങൾ നിറഞ്ഞ അമ്മയെയാണ്. വേഷപ്പകർച്ചകളിലൂടെ മലയാളത്തിന്റെ അഭ്രപാളികളിൽ വിസ്‌മയം തീർത്ത് കവിയൂർ പൊന്നമ്മ നമ്മോട് വിട്ടപറഞ്ഞിരിക്കുന്നു. കവിയൂർ പൊന്നമ്മ എന്ന നടിയുടെ വളർച്ചയ്ക്ക് കേരള പീപ്പിൾസ് ആർട്ട്‌സ് ക്ലബിന്റെ (കെപിഎസി) പങ്ക് വളരെ വലുതാണ്. കവിയൂർ പൊന്നമ്മ തന്നെ പല അഭിമുഖങ്ങളിലും കെപിഎസിയുമായുള്ള ബന്ധത്തെക്കുറിച്ചും തോപ്പിൽ ഭസി എന്ന മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവിനെക്കുറിച്ചും വാചാലയാവാറുണ്ട്. കെപിഎസിയുടെ പ്രശസ്‌തമായ ‘മൂലധനം’ എന്ന നാടകത്തിലാണ് ആദ്യമായി വേഷമിട്ടത്. പാട്ടുപാടാനെത്തിയ പൊന്നമ്മയെ നാടകാചാര്യൻ തോപ്പിൽ ഭാസിയാണ് അഭിനയ രംഗത്തേക്ക് പൊന്നമ്മയെ തിരിച്ചുവിടുന്നത്. ‘മൂലധന’ത്തിൽ പാടാനായി 12–-ാം വയസിൽ സംഗീത സംവിധായകൻ ജി ദേവരാജന്റെ കൈപിടിച്ചാണ് ആലപ്പുഴയിലെത്തുന്നത്. ഗായികയായി തിളങ്ങിയ കൗമാരക്കാരി പിന്നീട് അതേ നാടകത്തിൽ അഭിനേത്രിയായി. പിന്നീട് നാടക രംഗത്തുനിന്നും സിനിമയുടെ ലോകത്തെത്തിയെങ്കിലും തന്റെ അഭിനയ ലോകത്തെക്ക് കൈപിടിച്ചെത്തിച്ച തോപ്പിൽ ഭാസിയെ ഗുരുവായാണ് പൊന്നമ്മ കണ്ടിരുന്നത്.
അച്ഛൻ ടി പി ദാമോദരനിൽനിന്ന് പകർന്നുകിട്ടിയ സംഗീതത്തോടായിരുന്നു പൊന്നമ്മക്ക് അഭിനിവേശം. കുട്ടിക്കാലം മുതൽ സംഗീതവും പഠിച്ചിരുന്നു. കുട്ടിക്കാലത്ത് എപ്പോളൊ കണ്ട എം എസ് സുബ്ബലക്ഷ്മിയുടെ സംഗീതകച്ചേരിക്കു ശേഷം സുബ്ബലക്ഷ്മിയെ പോലെ പാട്ടുകാരിയാവാനായി മോഹം. ആ ആരാധനയാണ് പിന്നീട് വലിയ പൊട്ട് തൊടാൻ പൊന്നമ്മയെ പ്രചോദിപ്പിച്ചത്. സംഗീതം അഭ്യസിച്ചിട്ടുള്ള പൊന്നമ്മ ഗായിക ആയിട്ടാണ് കെപിഎസിയിൽ എത്തിച്ചേരുന്നത്. പാട്ടുപാടാനെത്തിയ കുട്ടിയുടെ ഉള്ളിലെ അഭിനേത്രിയെ തിരിച്ചറിഞ്ഞ നാടകാചാര്യൻ തോപ്പിൽ ഭാസിയാണ് പൊന്നമ്മയുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവന്നത്.
അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് വിതുമ്പിയ പൊന്നമ്മയ്‌ക്ക് തോപ്പിൽ ഭാസിയാണ് ധൈര്യം നൽകുന്നത്. ‘എടീ കൊച്ചേ, അഭിനയം അത്ര വലിയ കാര്യമൊന്നുമല്ല. ഞാൻ പറയുന്നതുപോലെ ചെയ്താൽ മതി’ എന്നു പറഞ്ഞ് ധൈര്യം പകർന്നത് തോപ്പിൽ ഭാസിയാണ്. അങ്ങനെയാണ് പിന്നീട് കെപിഎസിയുടെ പ്രധാന നടിയായി പൊന്നമ്മ മാറിയത്. ആറോളം നാടകങ്ങളിൽ കെപിഎസിയ്‌ക്കായി പൊന്നമ്മ വേഷമിട്ടു. തിരക്കുകൾക്കിടയിലും സംഗീതത്തെ കൈവിടാൻ പൊന്നമ്മ തയ്യാറായിരുന്നില്ല. മറ്റ് നാടക സമിതികൾക്കായി വേഷമിടുമ്പോഴും കെപിഎസിയിൽനിന്ന് വിളിയെത്തിയാൽ പൊന്നമ്മ എപ്പോഴും തയ്യാർ. തിരക്കുകൾക്കിടയിലും പലകുറി കെപിഎസി സ്‌കൂൾ ഓഫ് ആർട്ട്‌സിന്റെ വാർഷിക സമ്മേളനങ്ങളിൽ ഉദ്‌ഘാടകയായി. 2017ൽ വാർഷിക ചടങ്ങിലാണ് തോപ്പിൽ ഭാസി തന്നിലെ നടിയെ കണ്ടെത്തിയ കെപിഎസിയുടെ മണ്ണിലേക്ക് പൊന്നമ്മ അവസാനമായി എത്തുന്നത്.