കായംകുളം: കായംകുളം പെരിങ്ങാല തയ്യിൽ റോഡിൽ ഇല്ലത്ത് ക്ഷേത്രത്തിനു കിഴക്കുവശം മാലിന്യക്കൂമ്പാരമായിരുന്ന പ്രദേശം ഇടതുപക്ഷ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ചു ഫലവൃക്ഷത്തൈകൾ നട്ട് മനോഹരമാക്കി. അറവ്ശാല മാലിന്യങ്ങൾ ഉൾപ്പടെ സ്ഥിരമായി നിക്ഷേപിച്ചിരുന്നതിനാൽ പ്രദേശത്ത് തെരുവുനായശല്യവും രൂക്ഷമായിരുന്നു. സ്‌കൂൾവിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർക്ക് ഇത് വലിയ ഭീഷണിയുയർത്തിയിരുന്നു. കൂടാതെ മഴക്കാലമായതോടെ കടുത്ത സാംക്രമികരോഗ ഭീഷണിയിലുമായിരുന്നു പ്രദേശവാസികൾ. ഈ പ്രദേശമാണ് സിപിഐ, സിപിഐഎം നേതാക്കൾ ഉൾപ്പടെയുള്ള സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിക്കുകയും ഫലവൃക്ഷത്തൈകളും പൂച്ചെടികളും നട്ടുപിടിപ്പിച്ചു മനോഹരമാക്കുകയും ചെയ്തത്. മുൻപ്, ലോക്ഡൗൺ കാലത്തും ഈ കൂട്ടായ്മ പ്രദേശത്തെ ജനങ്ങൾക്ക് സഹായഹസ്തങ്ങളുമായി സജീവമായി രംഗത്തുണ്ടായിരുന്നു.
പ്രദേശത്തെ തുടർന്നും മാലിന്യമുക്തമായി കാത്തുസൂക്ഷിക്കുന്നതിന് എല്ലാ നാട്ടുകാരുടെയും സഹകരണവും ജാഗ്രതയും ഉണ്ടാകണമെന്നാണ് കൂട്ടായ്മയ്ക്ക് അഭ്യർത്ഥിക്കുവാനുള്ളത്. സിപിഐ നേതാക്കളായ അശോകൻ, ത്യാഗരാജൻ, വി പ്രസാദ്, അബ്ദുൾസമദ്, സിപിഐഎം നേതാക്കളായ മുനീർ, ബിജു തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.