കേരള കാർഷിക സർവകലാശാലാ ഭരണസമിതി ഗവർണറുടെ നോമിനികളുടെ നാമനിർദേശ പത്രിക സ്വീകരിച്ചത് ചട്ടം ലംഘിച്ച്. ആർ എസ് എസിന്റെ സമ്മർദത്തിന് വഴങ്ങി വരണാധികാരി വർണറുടെ നോമിനികളുടെ തെറ്റായ നാമനിർദേശ പത്രിക സ്വീകരിച്ചതായാണ് പരാതി.
സൂക്ഷ്‌മ പരിശോധനാവേളയിൽ ഇടതുപക്ഷ സ്ഥാനാർഥികൾ പത്രികയിലെ അപാകം ചൂണ്ടിക്കാട്ടിയിരുന്നു. പത്രിക തള്ളാനും ആവശ്യപ്പെട്ടിട്ടും വരണാധികാരി പത്രിക സ്വീകരിക്കുകയായിരുന്നു. ജനറൽ കൗൺസിലിലേക്ക് സർക്കാർ നിർദേശിച്ചവരെ തള്ളിക്കളഞ്ഞ് ഗവർണർ തിരുകിക്കയറ്റിയവരെ ഭരണസമിതിയിലേക്കും ഉൾപ്പെടുത്താനാണ് പുതിയ നീക്കം.
കാർഷിക സർവകലാശാലാ ഭരണസമിതി തെരഞ്ഞെടുപ്പിൽ അനൗദ്യോഗിക അംഗങ്ങളുടെ (ജനറൽ) വിഭാഗത്തിലേക്ക് മൂന്നു പേരെയാണ് തെരഞ്ഞെടുക്കേണ്ടത്. അതിനാൽ ഒരംഗത്തിന് മൂന്നു പേരെയേ നിർദേശിക്കാനോ പിന്തുണക്കാനോ കഴിയൂ. അതേ അംഗത്തിന് വീണ്ടും സ്ഥാനാർഥിയാകാൻ കഴിയില്ല. ഇത് ലംഘിച്ചാണ് ഗവർണറുടെ നോമിനികളുടെ നാമനിർദേശ പത്രിക വാരണാധികാരി സ്വീകരിച്ചത്.
കാസർകോട്ട് സിപിസിആർഐയിലെ ശാസ്ത്രജ്ഞ ഡോ. അൽക്ക ഗുപ്ത സ്ഥാനാർഥിയായി പത്രിക നൽകിയതിനൊപ്പം മറ്റു രണ്ടുപേരെ നിർദേശിക്കുകയും ഒരാളെ പിന്തുണയ്‌ക്കുകയും ചെയ്‌തു. ചട്ടപ്രകാരം അൽക്കയുടെ പത്രികയും പിന്തുണയ്‌ക്കുകയും നാമനിർദേശം ചെയ്യുകയും ചെയ്തവരുടെയും പത്രികകളും അംഗീകരിക്കാൻ പാടില്ല.
ഇക്കാര്യം തിങ്കളാഴ്‌ച നടന്ന സൂക്ഷ്‌മ പരിശോധനയിൽ ഇടതുസ്ഥാനാർഥികൾ ചൂണ്ടിക്കാട്ടിയെങ്കിലും ആർഎസ്എസ് സംഘം ബഹളമുണ്ടാക്കിയതോടെ റിട്ടേണിങ് ഓഫീസർ പത്രിക അംഗീകരിക്കുകയായിരുന്നു.
ജനറൽ കൗൺസിൽ അംഗങ്ങളും ഇടതുപക്ഷ സ്ഥാനാർഥികളുമായ എംഎൽഎമാർ ഉൾപ്പെടെയുള്ളവർ റിട്ടേണിങ് ഓഫീസർക്കും വൈസ് ചാൻസലർക്കും പരാതി നൽകി. അധ്യാപക മണ്ഡലം, പട്ടിക ജാതി, വനിത എന്നിങ്ങനെ മൂന്നു മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ജനുവരി നാലിനാണ് തെരഞ്ഞെടുപ്പ്.