തിരുവനന്തപുരം : കേരളത്തിലെ കാര്‍ഷിക മേഖലയ്ക്കായി പ്രത്യേക പരിഗണന നല്‍കി ബജറ്റ്. കാർഷിക മേഖലയ്ക്ക് ആകെ 971.71 കോടി രൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. ഇതിൽ 156.30 കോടി രൂപ കേന്ദ്ര സഹായമായി പ്രതീക്ഷിക്കുന്നുവെന്ന് കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
വിളപരിപാലന മേഖലയ്ക്കായി 2023 -24 വർഷം ആകെ 732.46 കോടി രൂപവകയിരുത്തി. നെൽകൃഷി വികസനത്തിന് ഈ വർഷത്തെ 76 കോടിയിൽ നിന്ന് 95.10 കൂടിയായി ഉയർത്തി. ആധുനിക സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ കൃഷി രീതികൾക്കൊപ്പം ജൈവ കൃഷിരീതിയും ചേർത്ത് ഭക്ഷ്യയോഗ്യവും സുരക്ഷിതവുമായ ഭക്ഷ്യ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കാനും ബജറ്റിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി 6 കോടി രൂപ അനുവദിച്ചു.
സമഗ്രമായ പച്ചക്കറി കൃഷി വികസന പദ്ധതികൾക്കായി 93.45 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. നാളികേര വികസന പദ്ധതികൾക്കായി 68.95 കോടി രൂപയാനുള്ളത്. നാളികേര മിഷന്റെ ഭാഗമായി വിത്ത് തേങ്ങാ സംഭരിക്കുന്നതിനും കൃഷി വകുപ്പ് ഫാമിൻറെ തെങ്ങും തൈകൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനും 25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നാളികേരത്തിന്റെ താങ്ങുവില 32 രൂപയിൽ നിന്നും 34 രൂപയായി ഉയർത്തിയിട്ടുണ്ട്. സുഗന്ധ വ്യഞ്ജന കൃഷികളുടെ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി 4. കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. തദ്ദേശീയവും വിദേശീയവുമായ പഴവർഗങ്ങളുടെ ഉത്പാദനം വർധിപ്പിക്കുന്നതിന് പഴവർഗ കൃഷി വിപുലീകരിക്കും. ഇതിനായി 18.92 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
വന്യ ജീവികൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയുന്നതിനായി പുതിയ തരത്തിലുള്ള ശാസ്ത്രീയ മാർഗങ്ങൾ തരപ്പെടുത്തുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ കൃഷിവകുപ്പ് ചെയ്യുന്നുണ്ട്. ഇതിനായി അനുവദിച്ചിരിക്കുന്നത് 2 കോടി രൂപയാണ്. സ്മാർട്ട് കൃഷി ഭവനുകൾക്ക് 10 കോടി രൂപയും കൃഷി ദർശൻ പരിപാടികൾക്ക് 2.1 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
‘ഞങ്ങളും കൃഷിയിലേക്ക്’ പരിപാടിക്ക് 6 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കാർഷിക കർമസേനകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് 8 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിക്കായി 30 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
കുട്ടനാട് മേഖലയിലെ കാർഷിക വികസനത്തിനായി 17 കോടി രൂപയും സാങ്കേതിക സൗകര്യ വികസനത്തിനായി 12 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. കാർഷിക ഉൽപ്പനങ്ങളുടെ വിപണനം, സംഭരണം, വെയർ ഹോക്‌സിംഗ് എന്നിവയ്ക്കായി 74.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.