തിരുവനന്തപുരം: കേരളത്തിലെ മത്സ്യബന്ധന മേഖലക്ക് 321.31 കോടി ബജറ്റിൽ വകയിരുത്തി കേരള സർക്കാർ. ട്രോളിങ് അടക്കമുള്ള തൊഴിൽ നഷ്ടമാകുന്ന കാലങ്ങളിൽ മത്സ്യ തൊഴിലാളികൾക്കുള്ള സാമ്പാദ്യ പദ്ധതിക്കു 27 കോടി വകയിരുത്തും. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടലിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുക എന്ന് ലക്ഷ്യത്തോടെ നടപ്പാക്കുന്ന ശുചിത്വ സാഗരം പദ്ധതിക്ക് 5.5 കോടിയും വകയിരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
മത്സ്യബന്ധന ബോട്ടുകൾ ആധുനികവത്ക്കരിക്കാൻ പുതിയൊരു പദ്ധതിക്ക് രൂപം നൽകിയതായി മന്ത്രി പ്രഖ്യാപിച്ചു, പദ്ധതിക്ക് പത്ത് കോടി രൂപ മാറ്റിവെക്കും. 60 % നിരക്കിൽ പരമാവധി പത്ത് ലക്ഷം രൂപ വരെ സബ്സിഡി ഇനത്തിൽ അനുവദിക്കാൻ പദ്ധതിയിൽ തീരുമാനമായിട്ടുണ്ട്.
കൂടാതെ, നിലവിലുള്ള മത്സ്യബന്ധന ബോട്ടുകൾ ഘട്ടം ഘട്ടമായി പെട്രോൾ ഡീസൽ എൻജിനുകളിലേക്ക് മാറ്റാനുള്ള പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു. എട്ട് കോടി രൂപ അതിനായി നീക്കിവെക്കും. നോർവേയിലെ ആർട്ടിഫിക്കൽ ഇന്റലിജിൻസ് അധിഷ്ഠിത സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരളത്തിൽ സമുദ്ര കൂട് കൃഷി കൊണ്ട് വരാൻ സർക്കാർ തീരുമാനിക്കുന്നതായി മന്ത്രി പ്രഖ്യാപിച്ചു. ഇതിനായി ഒൻപത് കോടി വിലയിരുത്തി.
മത്സ്യ സംസ്കരണത്തിന് അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതിനായി ആധുനിക സൗകര്യങ്ങളോടെ കെഎസ്ഐഡിസി ഫുഡ് പാർക്ക് 20 കോടി രൂപക്ക് നവീകരിക്കും.