തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും വിജയികൾ ആരെന്ന് ഇന്നറിയാം. എട്ട് മണിയോടെ വോട്ടെണ്ണൽ തുടങ്ങും. എട്ടരയോടെ ആദ്യ ഫല സൂചനകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
ചേലക്കര നിലനിർത്തുന്നതിനൊപ്പം പാലക്കാട് മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ചേലക്കരയിൽ വിജയം ഇടതുമുന്നണി ഉറപ്പിക്കുന്നുണ്ട്. പാലക്കാട് മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞുവെന്നും അത് ഇടതുപക്ഷത്തിനു നേട്ടമുണ്ടാക്കുമെന്നും കണക്കുകൂട്ടുന്നു . വയനാട് സിപിഐ സ്ഥാനാർഥി മികച്ച മുന്നേറ്റമാണ് നടത്തിയത്. മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്രത്തിന്റെ അവഗണനയും, രാഹുൽഗാന്ധിക്കെതിരെ ഉയരുന്ന ജനരോക്ഷവും ഇടതു മുന്നണിക്ക് വോട്ടായി മാറിയിട്ടുണ്ടെന്നും ഇടതുമുന്നണി വിലയിരുത്തന്നു.