ടി കെ മുസ്തഫ വയനാട്
ഇതര മതസ്ഥനായ സഹപാഠിയെ പ്രണയിച്ചതിന്റെ പേരിൽ ആലുവ കരുമാല്ലൂർ സ്വദേശിനി ഫാത്തിമയെന്ന പതിനാലുകാരിയെ പിതാവ് വിഷം നൽകി കൊലപ്പെടുത്തിയ സംഭവം ജാതി മത ഭേദമില്ലെന്ന ആവർത്തിച്ചാവർത്തിച്ചുള്ള പ്രഘോഷണങ്ങൾക്കിടയിലും നമ്മുടെ സാമൂഹ്യ ബന്ധങ്ങളിലും പൗരബോധത്തിലും ജാതിയും മതവും അലംഘനീയമായ വ്യവസ്ഥിതി തന്നെയാണെന്ന നഗ്ന സത്യം വിളിച്ചോതുന്നു.
പലതവണ വിലക്കിയിട്ടും സഹപാഠിയുമായുള്ള പ്രണയത്തിൽ നിന്ന് പിന്മാറാത്ത സാഹചര്യത്തിൽ പെൺകുട്ടിയെ പിതാവ് അബീസ് കമ്പി വടി കൊണ്ട് ക്രൂരമായി മർദ്ധിച്ചവശയാക്കുകയും അനന്തരം ബലം പ്രയോഗിച്ച് വായിൽകീടനാശിനി ഒഴിക്കുകയും ചെയ്യുകയായിരുന്നു. കടുത്ത ശാരീരിക പീഡനങ്ങളും ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതവും നിമിത്തം അത്യന്തം ഗുരുതരാവസ്ഥയിൽ ദിവസങ്ങളോളം ചികിത്സയിലായിരിക്കെ ഇന്നലെ വൈകിട്ടാണ് (നവംബർ 7) പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്.
ജാതി രഹിത-മതേതര സമൂഹമെന്ന് ഊറ്റം കൊള്ളുന്ന കേരളത്തിൽ വർഷങ്ങൾക്ക് മുൻപ് കോട്ടയം മാന്നാനം സ്വദേശി കെവിന്റെ ജീവനെടുത്തത് റോമൻ കത്തോലിക്കാ വിഭാഗത്തിൽ നിന്നുള്ള നീനുവുമായുള്ള പ്രണയവും പ്രണയാനന്തരമുള്ള വിവാഹവും ഭാര്യ വീട്ടുകാർക്കിടയിൽ സൃഷ്ടിച്ച ദുരഭിമാനമായിരുന്നു. ദളിത് ക്രൈസ്തവ കുടുംബാംഗമായിരുന്ന കെവിൻ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പ്രതികാരമെന്നോണം 2018 മെയ് 27 നാണ് അദ്ദേഹത്തെ ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.
മലയാളി യുവാവിനെ ദുരഭിമാനക്കൊല ചെയ്ത പ്രതിക്ക് രാജസ്ഥാൻ ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദ് ചെയ്ത വാർത്ത ഈയടുത്ത കാലത്ത് കേരളത്തിൽ വലിയ ചർച്ചകൾക്ക് ഇട വരുത്തിയിരുന്നു. 2017 ലാണ് രാജസ്ഥാൻ സ്വദേശിയായ മുകേഷ് ചൗധരി തന്റെ സഹോദരിയുമായുള്ള വിവാഹ ബന്ധത്തിന്റെ പേരിൽ പത്തനംതിട്ട സ്വദേശി അമിത് നായരെ വെടി വെച്ച് കൊല്ലുന്നത്. അന്യ ജാതിയിൽ പെട്ട വ്യക്തിയുമായുള്ള വിവാഹമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രഥമദൃഷ്ട്യ കണ്ടെത്തിയിരുന്നു. സിവിൽ എഞ്ചിനീയറായിരുന്ന അമിത്തും അഭിഭാഷകയായ മമ്തയും വീട്ടുകാരുടെ എതിർപ്പ് മറികടന്ന് 2015 ലാണ് വിവാഹിതരായത്. വിവാഹാനന്തരം അകന്ന് കഴിയുകയായിരുന്ന മമ്തയുടെ കുടുംബം 2017 ൽ വീണ്ടും അടുത്തെങ്കിലും ആസൂത്രിതമായി അമിത്തിനെ കൊലപ്പെടുത്തുകയായിരുന്നു. ദുരഭിമാനക്കൊലയുടെ സാമൂഹ്യ പ്രത്യാഘാതങ്ങളും നിയമ പരമായ ഗൗരവവശവും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് രാജസ്ഥാൻ ഹൈക്കോടതി വിധിയെ അപ്രസക്തമാക്കി അന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.
ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് ദുരഭിമാന കൊലപാതകങ്ങളിലൂടെ സംഭവിക്കുന്നതെന്ന് ഇന്ത്യൻ നീതിന്യായ കോടതികൾ പലതവണ ചൂണ്ടിക്കാണിച്ചിട്ടും നാളിതുവരെയായി പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട നിയമ നിർമ്മാണം സാധ്യമായിട്ടില്ലെന്നത് ദൗർഭാഗ്യകരമാണ്. ദുരഭിമാന കൊലകൾ പ്രാകൃതമാണെന്ന് 2006 ൽ സുപ്രീം കോടതിയുടെ വിധിയുണ്ടായിരുന്നു.
ഇതര കൊലപാതകങ്ങളിൽ നിന്ന് വേറിട്ട് ദുരഭിമാനക്കൊലകളെക്കുറിച്ചുള്ള പ്രത്യേക കണക്കെടുപ്പ് തുടങ്ങിയത് 2015 മുതലാണ്. ദുരഭിമാനക്കൊലകൾക്കെതിരെ നിയമഭേദഗതി ആവശ്യപ്പെട്ട് പാർലമെന്റിലുയർന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെല്ലാം തന്നെ പാതിവഴിയിൽ അവസാനിക്കുകയായിരുന്നു എന്നതാണ് യഥാർത്ഥ്യo. 2010 ഓഗസ്റ്റ് അഞ്ചിന് അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം ലോക്‌സഭയിൽ ദുരഭിമാന കൊലകളിൽ പരമാവധി ശിക്ഷ ഉറപ്പാക്കുന്ന ബില്ല് അവതരിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയം കാണാനായില്ല. പ്രസ്തുത വർഷം തന്നെ അന്നത്തെ നിയമ മന്ത്രി എം വീരപ്പമൊയ്‌ലി ദുരഭിമാന കൊലപാതകങ്ങൾക്ക് പ്രത്യേക ശിക്ഷ നൽകുന്നതിനായി ഇന്ത്യൻ പീനൽ കോഡ് ഭേദഗതി ചെയ്യണമെന്ന ആവശ്യവുമായി മുന്നോട്ടു വരികയും വിഷയത്തിൽ തീരുമാനമെടുക്കാൻ മൻമോഹൻ സിംഗ് പ്രത്യേക മന്ത്രിമാരുടെ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു.
ദുരഭിമാന കൊലകൾ പ്രത്യേക കുറ്റമായി പരിഗണിക്കുക, ഇന്ത്യൻ എവിഡൻസ് ആക്ട് ഭേദഗതി ചെയ്യുക, കൊലപാതകത്തിൽ നേരിട്ടും അല്ലാതെയും പങ്കെടുത്തവർക്കും കടുത്ത ശിക്ഷ നൽകുക എന്നീ നിർദേശങ്ങൾ അന്ന് വീരപ്പമൊയ്‌ലി മുന്നോട്ടു വെക്കുകയുണ്ടായെങ്കിലും നടപ്പാക്കുന്നതിലെ സാങ്കേതികത്വ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രസ്തുതനിർദ്ദേശങ്ങൾ മന്ത്രിതല സംഘം തള്ളുകയാണുണ്ടായത്.
ജാതി വ്യവസ്ഥയിലൂടെ അടിച്ചേല്പിച്ച സാമൂഹികാസമത്വം ഇഷ്‌ടപ്പെട്ട ജീവിതപങ്കാളിയെസ്വീകരിക്കുന്നതിനായുള്ള വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കരുത്. നിയമ സംവിധാനങ്ങൾ ഇവിടെ കാര്യ ക്ഷമമായി പ്രവർത്തിക്കുക തന്നെ വേണം പ്രണയത്തിന്റെയും വിവാഹത്തിന്റെയും പേരിലുള്ള കൊലപാതകങ്ങൾ ഇനിയും ആവർത്തിക്കപ്പെട്ടുകൂടാ!.
വേണ്ടത് സാമൂഹ്യാവബോധവും ജാഗ്രതയുമാണ്.