തൃശ്ശൂർ: കേരളോത്സവത്തിന്റെ മറവിൽ കൊണ്ടാഴി പഞ്ചായത്തിൽ ഭരണ സമതി നടത്തുന്ന അഴിമതികെതിരെ പ്രതിഷേധം സംഘടിപ്പിച്ച് എഐവൈഎഫ് കൊണ്ടാഴി മേഖല കമ്മിറ്റി. യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ നടത്തുന്ന കേരളോത്സവം പരിപാടിയ്ക്കായി പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ഒന്നര ലക്ഷം രൂപ ചിലവഴിക്കാമെന്ന് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ഉള്ളതാണെന്നും, ഈ തുക കൂടാതെ കേരളോത്സവം നടത്തിപ്പിനായി പൊതുജനങ്ങളിൽ നിന്നും പഞ്ചായത്തിന് സംഭാവന പിരിക്കാമെന്നതുമാണ് ചട്ടമെന്ന് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി പറഞ്ഞു. പഞ്ചായത്ത് ഭരണ സമിതി യുവജന ക്ഷേമ ബോർഡ് കോഡിനേറ്ററെ മാറ്റിനിർത്തി കേരളോത്സവം സംഘടിപ്പിക്കുന്നതിനെതിരെയും കേരളോത്സവം അഴിമതിയിൽ മുക്കാനൊരുങ്ങുന്നതിനെതിരെയും പ്രതിഷേധിച്ച് കൊണ്ടാഴി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളോത്സവത്തിന്റെ മറവിൽ വൻ അഴിമതി നടത്തുക എന്ന ഉദ്ദേശത്തോടെ യുവജന ക്ഷേമ ബോർഡിനെയോ, കോഡിനേറ്ററയോ അറിയ്ക്കാതെ ബോർഡിന്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായിട്ടാണ് ഗ്രാമ പഞ്ചായത്ത് ഭരണസമിതി കേരളോത്സവം നടത്തുന്നതെന്ന് എഐവൈഎഫ് തൃശ്ശൂർ ജില്ല സെക്രട്ടറി പ്രസാദ് പറേരി വ്യക്തമാക്കി. പ്രതിഷേധ പരിപാടിയിൽ മേഖല പ്രസിഡന്റ് അബ്‌ദുൾ ഖാദർ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് ചേലക്കര മണ്ഡലം സെക്രട്ടറി കെ എസ് ദിനേഷ്, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ശ്രീജ സത്യൻ, മണ്ഡലം കമ്മിറ്റി അംഗം പി ആർ വിശ്വനാഥൻ, മേഖല സെക്രട്ടറി പി ആർ കൃഷ്ണകുമാർ, സിപിഐ ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി ടി എസ് സുമേഷ്, മേഖല കമ്മിറ്റി അംഗം വി കെ പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.