തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികളുമായി കേരള വ്യവസായ വാണിജ്യ വകുപ്പ്. കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭക സഹായ പദ്ധതി വഴി ഉല്പാദന മേഖലയിൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന വനിതാ സംരംഭകർക്ക് സ്ഥിര നിക്ഷേപത്തിന്റെ 25 ശതമാനം(പരമാവധി 40 ലക്ഷം രൂപ വരെ) സബ്‌സിഡിയായി ലഭിക്കും.
നാനോ യൂണിറ്റുകൾക്കായുള്ള മാർജിൻ മണി ഗ്രാൻഡ് വഴി ഉൽപാദന മേഖലയിലോ സേവന മേഖലയിലോ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതാ സംരംഭകർക്ക് പത്തുലക്ഷം രൂപ വരെയുള്ള പ്രൊജക്ടുകൾക്ക് 40 ശതമാനം സബ്‌സിഡി നൽകുന്നു. തൊഴിലും ഉൽപാദനവും വർധിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി വഴി ഉൽപാദന മേഖലയിൽ 50 ലക്ഷം രൂപ വരെയും സേവനമേഖലയിൽ 20 ലക്ഷം രൂപ വരെയും ഉള്ള പ്രൊജക്ടുകൾക്ക് 15 മുതൽ 35 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്നു. എന്നിങ്ങനെ ആകർഷകരമായ നിരവധി പദ്ധതികൾ ആണ് സർക്കാർ സ്ത്രീകളെ മുൻഗണന വിഭാഗക്കാരായി കണക്കാക്കി ഒരുക്കിയിട്ടുള്ളത്.