തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് മന്ത്രി കെ രാജൻ. നാളെ വൈകിട്ട് വരെ തെക്കൻ, മധ്യ കേരളത്തിൽ അതിതീവ്ര മഴയുണ്ടാവാൻ സാധ്യതയുണ്ട്. തീരദേശമേഖലയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോര മേഖലയിലെ രാത്രികാല യാത്ര ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച്ചക്ക് ശേഷം ശക്തമായ മഴയ്ക്ക് ശമനം ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.
കാലവർഷം ശക്തിപ്രാപിച്ചതോടെ റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചു. വിളിക്കേണ്ട നമ്പർ:8078548538. സംസ്ഥാനത്ത് മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കൺട്രോൾ റൂം തുറന്നു . ഏഴു വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഈ എമർജൻസി ഓപ്പറേഷൻ സെന്ററിൽ ഏകോപിച്ച് പ്രവർത്തിക്കും .
സംസ്ഥാനത്ത് അതിതീവ്രമഴതുടരുന്ന സാഹചര്യത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
ബുധനാഴ്ച 12 ജില്ലകളിലാണ് റെഡ് അലർട്ട്. കണ്ണൂർ ജില്ലയിൽ ഓറഞ്ച് അലർട്ടും കാസർകോട് ജില്ലയിൽ റെഡ് അലർട്ടുമാണ്. വ്യാഴാഴ്ച എറണാകുളം മുതൽ കാസർകോട് വരെയാണ് റെഡ് അലർട്ട് പ്രഖ്യാപച്ചത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.