കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
തനിക്കെതിരായ ആരോപണങ്ങൾ ആടിസ്ഥാനരഹിതമാണെന്നാണ് സിദ്ദിഖ് ഹർജിയിൽ ബോധിപ്പിച്ചത്. വർഷങ്ങൾക്കു മുൻപ് യുവനടി ഉന്നയിച്ച ആരോപണങ്ങളിൽ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്കു പിന്നിലുള്ളതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സിദ്ദിഖ് ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.
നടനെതിരെ യുവനടി നൽകിയ പരാതിയിൽ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്. തിരുവനന്തപുരത്തെ ഹോട്ടലിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരി വയ്ക്കുന്നതാണ് തെളിവുകളെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് സിദ്ദിഖിനെതിരെ ലൈംഗിക അതിക്രമ കേസ് രജിസ്റ്റർ ചെയ്തത്. യുവ നടിയാണ് പരാതി നൽകിയത്. 2016 ജനുവരി 28നാണ് സംഭവമെന്നായിരുന്നു നടിയുടെ ആരോപണം. നിള തിയേറ്ററിൽ സിനിമ പ്രിവ്യു കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലിൽ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.