നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി തടഞ്ഞ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയിൽ. രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവർണറെയും എതിർകക്ഷികളാക്കിയാണ് സംസ്ഥാനത്തിന്റെ അസാധാരണ നീക്കം.
നിയമസഭ പാസാക്കിയ ഏഴു ബില്ലുകളാണ് പരിഗണനയ്ക്കായി ഗവർണർ രാഷ്ട്രപതിക്കു വിട്ടിരുന്നത്. ഇതിൽ ലോകായുക്ത ബില്ലിന് അനുമതി നൽകിയ രാഷ്ട്രപതി മറ്റു ബില്ലുകൾ തടഞ്ഞുവയ്ക്കുകയായിരുന്നു. ഈ ബില്ലുകളിൽ അനുമതി ലഭിച്ചിട്ടില്ലെന്നും വിത്‌ഹെൽഡ് എന്ന് അറിയിച്ചതായും ഗവർണർ തന്നെ വ്യക്തമാക്കിയിരുന്നു.
നിയമസഭ പാസാക്കി, ഗവർണർ വഴി രാഷ്ട്രപതിക്കു സമർപ്പിക്കുന്ന ബില്ലുകളിൽ എത്ര സമയത്തിനകം തീരുമാനമെടുക്കണമെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടില്ല. എത്രയും വേഗം എന്നാണ് ഇക്കാര്യത്തിൽ ഭരണഘടനയിലെ വ്യവസ്ഥ. ഇതിൽ വ്യക്തത വരുത്തണമെന്നാണ് കേരളം നൽകിയ റിട്ട് ഹർജിയിലെ ആവശ്യം.
ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ ഗവർണർക്കെതിരെ നേരത്തെ കേരളം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിൽ സർക്കാരിന് അനുകൂല വിധിയുണ്ടാകുമെന്ന ഘട്ടത്തിൽ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടുകയായിരുന്നു ഗവർണർ. ഗവർണറെ സർവകലാശാല ചാൻസലർ പദവിയിൽനിന്നു നീക്കുന്നത് ഉൾപ്പെടെയുള്ള ബില്ലുകളാണ് രാഷ്ട്രപതിയുടെ അനുമതി കാത്തു കിടക്കുന്നത്.