മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വേതനം കേന്ദ്ര സർക്കാർ പുതുക്കിയപ്പോൾ കേരളത്തോട് അവഗണന. ചില സംസ്ഥാനങ്ങൾക്ക് 10 ശതമാനത്തിലേറെ വർധിപ്പിച്ചു. ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന കേരളത്തിന് വർധിപ്പിച്ചതാകട്ടെ 3.9 ശതമാനം മാത്രം. മറ്റു സംസ്ഥാനങ്ങൾക്ക് 25 രൂപമുതൽ 34 രൂപവരെ കൂടുമ്പോൾ കേരളത്തിൽ 13 രൂപമാത്രം (333–- 346). കുടിശ്ശികയുള്ള 750 കോടിയും കേന്ദ്രം അനുവദിക്കുന്നില്ല.
തൊഴിലുറപ്പ് പദ്ധതിയിൽ കേരളം കഴിഞ്ഞ വർഷം 9.65 കോടി തൊഴിൽ ദിനം നേടി. രാജ്യത്ത് ഒരു കുടുംബത്തിന് ലഭിച്ച ശരാശരി തൊഴിൽദിനം 51.47, കേരളം –- 67.35 ആണ്. വനിതകൾക്ക് –- 58.96%, കേരളത്തിൽ 89.27%. പട്ടികവർഗ കുടുംബങ്ങൾക്ക് 100 അധിക തൊഴിൽ ദിനങ്ങൾ നൽകുന്ന കേരളാ ട്രൈബൽ പ്ലസ്സ് പദ്ധതിയിലും മികവ്. പദ്ധതിനിർവഹണത്തിൽ കൈവരിച്ച ഈ നേട്ടങ്ങളൊന്നും കണ്ടില്ലെന്ന് നടിച്ചാണ് വേതനവർധനയിലും കേരളത്തെ അവഗണിച്ചത്. കേരളത്തോടുള്ള കടുത്ത അവഗണനയിലും വിവേചനത്തിലും എൻആർഇജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ വർധിപ്പിച്ച വേതനം (ബ്രാക്കറ്റിൽ നിലവിലെ വേതനം)
കേരളം 346 (333), ആന്ധ്രപ്രദേശ് 300 (272), അരുണാചൽ പ്രദേശ് 234 (224), അസം 249 (238), ബിഹാർ 245 (228), ഛത്തീസ്‌ഗഢ് 243 (221), നാഗാലാൻഡ് 234 (224), ഗോവ 356 (322), ഗുജറാത്ത് 280 (256), ഹിമാചൽ പ്രദേശ് ഷെഡ്യൂൾഡ് ഏരിയ 295 (224), ഹിമാചൽപ്രദേശ് നോൺ ഷെഡ്യൂൾഡ് ഏരിയ 236 (280), ജമ്മു കശ്മീർ 259 (244), ലഡാക്ക് 259 (244), ജാർഖണ്ഡ് 245 (228), കർണാടകം 349 (316), , മധ്യപ്രദേശ് 243 (221), മഹാരാഷ്ട്ര 297 (273), മണിപ്പുർ 272 (260), മേഘാലയ 254 (238), മിസോറം 266 (249), ഒഡിഷ 254 (237), പഞ്ചാബ് 322 (303), രാജസ്ഥാൻ 266 (255), സിക്കിം 249 (236), സിക്കിമിലെ മൂന്ന് പഞ്ചായത്തിൽ 374 (354), തമിഴ്നാട് 319 (294), തെലങ്കാന 242 (272), ഉത്തരാഖണ്ഡ് 237 (230), പശ്ചിമ ബംഗാൾ 250 (237), ആൻഡമാൻ ജില്ല 329 (311), നിക്കോബാർ ജില്ല 347 (328), ദാദ്ര നഗർ ഹവേലി ദാമൻ ദിയു 324 (297), ലക്ഷദ്വീപ് 315 (304), പുതുച്ചേരി 319 (294).