പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാക്കുന്ന എൻസിഇആർടിയുടെ ശുപാർശക്കെതിരെ കേരളം. ഇന്ത്യ എന്ന പേര് ഒഴിവാക്കുന്ന പാഠപുസ്തകങ്ങൾ പഠിപ്പാക്കാതിരിക്കാനുള്ള സാധ്യതകൾ കേരളം പരിശോധിക്കുകയാണ്. ഇന്ത്യയെന്ന പേര് നിലനിർത്തി എസ്‌സിഇആര്‍ടിയുടെ പാഠപുസ്തകങ്ങൾ സ്വന്തം നിലയ്ക്ക് ഇറക്കുന്നതിനെ കുറിച്ചാണ് ആലോചന.
‘ഇന്ത്യ’ ഒഴിവാക്കുന്നത് കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയലക്ഷ്യം വെച്ചുള്ള നീക്കമെന്ന നിലയിലാണ് കേരളം തീരുമാനത്തെ ശക്തമായി എതിർക്കുന്നത്. വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. നേരത്തെ എന്‍സിഇആര്‍ടി വെട്ടിമാറ്റിയ പാഠഭാഗങ്ങള്‍ എസ്‌സിഇആര്‍ടി ഉള്‍പ്പെടുത്തിയിരുന്നു.
അതേസമയം എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാനുള്ള നിര്‍ദേശം എന്‍സിആര്‍ടി സോഷ്യൽ സയൻസ് പാനല്‍ ഏകകണ്ഠമായി അംഗീകരിച്ചു. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാന്‍ എന്‍സിഇആര്‍ടി സമിതി ശുപാര്‍ശ നല്‍കിയിരിക്കുകയാണ്.
പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ സാമൂഹിക പാഠപുസ്തകങ്ങളിൽ സമൂലമാറ്റം ലക്ഷ്യവെച്ചാണ് ചരിത്രകാരൻ സിഐ ഐസക് അധ്യക്ഷനായ ഏഴംഗസമിതിയെ എൻസിഇആർടി നിയോഗിച്ചത്. പാഠഭാഗങ്ങളിലെ മാറ്റം അടക്കം സമിതി നൽകിയ മൂന്ന് ശുപാർശകളിൽ ഇന്ത്യക്ക് പകരം ഭാരത് എന്ന് ഉപയോഗിക്കുകയെന്നതാണ് പ്രധാനം.
രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് രേഖപ്പെടുത്തിയ എല്ലാ പാഠപുസ്തകങ്ങളിലും തിരുത്തൽ വരുത്തുവാനാണ് ശുപാർശ. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാൻ സമതി ആവശ്യപ്പെടുന്നു. ബ്രിട്ടീഷ് ഭരണക്കാലത്താണ് ഇന്ത്യയെന്ന വാക്ക് ഉപയോഗിച്ചതെന്നും അതിന് മുൻപ് തന്നെ ഭാരത് എന്ന പ്രയോഗം നിലവിലുണ്ടെന്നും സമിതി പറയുന്നു.
ഏഴംഗ ഉന്നതതല സമിതി ഏകകണ്ഠമായാണ് ശുപാര്‍ശ നല്‍കിയത്. ചരിത്രപഠനത്തിലും സമിതി മാറ്റങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. പുരാതന ഇന്ത്യൻ ചരിത്രത്തിന് പകരം ക്ലാസിക്കൽ ചരിത്രം എന്ന പേര് നൽകുകയും ഹിന്ദുരാജക്കന്മാരുടെ ചരിത്രം കൂടുതലായി ഉൾപ്പെടുത്തുകയും ചെയ്യും. മാർത്താണ്ഡവർമ്മയടക്കം ഹിന്ദുരാജക്കന്മാരുടെ യുദ്ധവിജയങ്ങൾ പഠനഭാഗമാക്കണം. ഇന്ത്യയുടെ പരാജയങ്ങൾ മാത്രമാണ് നിലവിൽ പഠിപ്പിക്കുന്നതെന്നും പല രാജാക്കൻമാരും മുഗളർക്ക് മേൽ നേടിയ വിജയം പകരം പരാമർശിക്കണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം എൻസിഇആർടി ശുപാർശ വലിയ വിവാദമായതോടെ വിഷയം തണുപ്പിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. സമിതിയുടെ നിലപാട് കേന്ദ്ര സർക്കാരിന്റേതല്ലെന്നും വിവാദമുണ്ടാക്കുന്നവർ സർക്കാരിന്റെ ഔദ്യോഗിക നിലപാട് വരുന്നതുവരെ കാത്തിരിക്കണമെന്നും എൻസിഇആർടി അദ്ധ്യക്ഷൻ ദിനേശ് സക്ലാനി പറയുന്നു.