തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് അടക്കം 37 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. ലാസ്റ്റ് ഗ്രേഡ് സെർവന്റ്സിന്റെ വിജ്ഞാപനം ഡിസംബർ 15 ഓടേയാണ് പ്രസിദ്ധീകരിക്കുക. ഈ വർഷം മുതൽ ഒറ്റ പരീക്ഷ മാത്രമായി നടക്കുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ്സിന് ജനുവരി 17 വരെ അപേക്ഷിക്കാം. ഏഴാം ക്ലാസാണ് യോഗ്യത. ബിരുദമുള്ളവർക്ക് അപേക്ഷിക്കാനാകില്ല.
സംസ്ഥാനതല ജനറൽ റിക്രൂട്ട്മെന്റിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ഇൻ നെഫ്രോളജി, വാട്ടർ അതോറിറ്റിയിൽ അസി. ഡേറ്റബേസ് അഡ്മിനിസ്ട്രേറ്റർ, മെഡിക്കൽ ഓഫിസർ (സിദ്ധ), ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫിസർ, ജനറൽ ഫിസിയോതെറപ്പിസ്റ്റ്, അഗ്രികൾചർ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് അടക്കം 11 തസ്തികയിലേക്കാണ് വിജ്ഞാപനം. ജില്ലാ തല ജനറൽ റിക്രൂട്ട്മെന്റിൽ ലാസ്റ്റ്ഗ്രേഡ് സെർവന്റ്സ്, പൊതുമരാമത്ത് വകുപ്പിൽ ലൈൻമാൻ, മൃഗസംരക്ഷണ വകുപ്പിൽ പമ്പ് ഓപറേറ്റർ/പ്ലംബർ അടക്കം നാല് തസ്തികയിൽ അപേക്ഷിക്കാം.