കോട്ടയം സർക്കാർ നഴ്സിങ് കോളേജിലെ റാഗിങ്ങിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. കോളേജ് ഹോസ്റ്റലിൽ പരാതിക്കാരനായ വിദ്യാർത്ഥിയെ കെട്ടിയിട്ട് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തുന്നതും മുറിവിൽ ലോഷൻ ഒഴിക്കുന്നതും സ്വകാര്യഭാഗത്ത് പരുക്കേൽപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കൈയ്യും കാലും കെട്ടിയിട്ടായിരുന്നു മർദനം.
റാഗിങ് എത്രമാത്രം ക്രൂരവും മനുഷ്യവിരുദ്ധമാണെന്നും ക്യാമ്പസുകളിലെ കുട്ടികൾക്ക് മനസിലാകാത്തതിന് പിന്നിലെ മാനസിക വികാരങ്ങൾ എന്താകും? ക്യാമ്പസുകളിൽ അപ്രമാദിത്യം പുലർത്തുന്ന പ്രത്യയശാസ്ത്ര വ്യക്തതയില്ലാത്ത ചില ആൾക്കൂട്ട സംഘടനകളും, സംഘടനാ പ്രവർത്തനം എന്ന പേരിൽ ഈ അധമക്കൂട്ടങ്ങളെ സംരക്ഷിക്കുന്നു എന്നത് വസ്തുതയാണ്. കേരളത്തിൽ അടുത്തകാലത്ത് നടന്ന മനസാക്ഷി മരവിപ്പിക്കുന്ന ചില റാഗിങ് സംഭങ്ങളിലേക്ക്.
വയനാട്ടിലെ പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ ഒരു സംഘം വിദ്യാർഥികളുടെ ക്രൂര മർദനത്തിന് ഇരയായ രണ്ടാം വർഷ ബിവിഎസ് സി വിദ്യാർഥി ജെ.എസ്. സിദ്ധാർഥനെ പിന്നീട് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവമുണ്ടായിട്ട് ഒരു വർഷം തികഞ്ഞിട്ടില്ല. ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ സിദ്ധാർഥനെ കാണുന്നത് കഴിഞ്ഞ വർഷം ഫെബ്രുവരി പതിനെട്ടിനാണ്. ഒരു സംഘം സീനിയർ വിദ്യാർഥികളുടെ മൃഗീയമായ റാഗിങ് സിദ്ധാർഥനെ ശാരീരികമായും മാനസികമായും തളർത്തുകയായിരുന്നു. നൂറോളം വിദ്യാർഥികൾ നോക്കിനിൽക്കെ പരസ്യ വിചാരണ നടത്തുകയും വിവസ്ത്രനാക്കി മർദിക്കുകയും ചെയ്തുവത്രേ. ബെൽറ്റു കൊണ്ട് അടിച്ചെന്നും മൂന്നു ദിവസം വെള്ളവും ഭക്ഷണവും നൽകിയില്ലെന്നും പറയുന്നുണ്ട്. ഇനിയൊരാൾക്കും സിദ്ധാർഥൻറെ ഗതി വരരുത് എന്നൊക്കെ അക്കാലത്ത് എല്ലാവരും ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു.

റാഗിങ്ങിനെതിരേ കർശന നടപടിയും അതീവ ജാഗ്രതയും ആവശ്യമാണെന്ന് ഈ സംഭവം തെളിയിച്ചതാണ്. പക്ഷേ, പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആ ജാഗ്രതയില്ല എന്നാണു കരുതേണ്ടത്. അടുത്തിടെ തൃപ്പൂണിത്തുറയിൽ പതിനഞ്ചു വയസുകാരൻ ഫ്ലാറ്റിനു മുകളിൽ നിന്നു ചാടി മരിച്ചത് സ്കുളിൽ സഹപാഠികളുടെ റാഗിങ്ങിനെത്തുടർന്നാണെന്നു പരാതി ഉയർന്നതാണ്. അതിക്രൂരമായ ശാരീരിക- മാനസിക പീഡനമാണ് കുട്ടി നേരിട്ടതെന്നു ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.
20 വർഷങ്ങൾക്ക് മുന്നേയാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച എസ്.എം.ഇ റാഗിങ് നടന്നത്. 2005 ഒക്ടോബർ 21നായിരുന്നു കോട്ടയം ഗാന്ധി നഗറിലെ എസ്എംഇ സ്‌കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷനിൽ സംഭവം നടന്നത്. ഒന്നാം വർഷക്കാരിയായ ബി.എസ്.സി. നേഴ്‌സിങ്ങ് വിദ്യാർഥിനി തന്റെ ക്ലാസ് കഴിഞ്ഞ് വൈകുന്നേരം നാലുമണിയോടുകൂടി രണ്ടാം നിലയിൽ നിന്നും കോണിപ്പടി ഇറങ്ങി വരുമ്പോൾ മൂന്നാം വർഷ വിദ്യാർഥികളായ പ്രതികൾ വഴിയിൽ തടയുകയും അവളോട് മോശമായി പെരുമാറുകയും പരിഹസിക്കുകയും അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു.
തുടർന്ന് പരാതിക്കാരിയെ റാഗിങ്ങിന് എന്ന വ്യാജേന ഒന്നാം നിലയിലുള്ള മുറിയിലെ ഹിസ്‌റ്റോപാത്തോളജി ലാബിലേക്ക് കൊണ്ടുപോയ ശേഷം വാതിൽ അകത്തു നിന്ന് കുറ്റിയിടുകയും മയക്കുമരുന്ന് കലർന്ന ലഡ്ഡു ബലമായി കഴിപ്പിക്കുകയും ചെയ്തു. പിന്നീട് പ്രതികൾ ലാബിലെ ബെഞ്ചിൽ കിടത്തി പ്രായപൂർത്തിയാകാത്ത ആ പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു.

ആ സമയത്ത് കൂട്ടാളികൾ പാത്തോളജി ലാബിനു മുന്നിലും, കോണിപ്പടിയിലും മറ്റാരും ലാബിന്റെ ഉള്ളിലേക്ക് കടക്കാതിരിക്കാനായി കാവൽ നിൽക്കുകയും ചെയ്തു. ഈ കേസിൽ സ്ഥാപനത്തിന്റെ പ്രിൻസിപ്പലും ഡയറക്ടറും സംഭവമറിഞ്ഞെങ്കിലും അതിൽ അന്വേഷണം നടത്തുന്നതിലും പോലീസിനെയോ മജിസ്‌ട്രേറ്റിനെയും അറിയിക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തു.ഇത് റാഗിങ് എന്നതിനപ്പുറം റാഗിങിന്റെ മറവിൽ നടന്ന ക്രൂര ബലാത്സംഗമായിരുന്നു എന്നത് മലയാളികളുടെ മനസ് മരവിപ്പിച്ചിരുന്നു. സംഭവം നടന്ന് 20 വർഷങ്ങൾ പിന്നിട്ടിട്ടും ശക്തമായ നിയമങ്ങൾ നിലവിലുണ്ടായിട്ടും റാഗിങ് ഇപ്പോഴും ക്യാമ്പസുകളിൽ ഒരു കുറവുമില്ലാതെ നടന്നുകൊണ്ടിരിക്കുകയാണ്.
2016 ൽ കോട്ടയം നാട്ടകം ഗവൺമെൻറ് പോളിടെക്‌നിക് കോളജ് ഹോസ്റ്റലിലെ ഒന്നാം വർഷ വിദ്യാർഥി, സീനിയർ വിദ്യാർഥികളുടെ ക്രൂരമായ റാഗിങ്ങിന് ഇരയായതിന് പിന്നാലെ വൃക്ക തകരാറിലായി. ഇലക്‌ട്രിക്കൽ ഡിപ്ലോമ വിദ്യാർത്ഥിയായിരുന്ന അവിനാശ് പത്ത് ദിവസത്തിനുള്ളിൽ മൂന്ന് തവണയാണ് ഡയാലിസിസിന് വിധേയനായത്. റാഗിങ്ങിൻറെ ഭാഗമായി അമിതമായ വ്യായാമം ചെയ്യിപ്പിച്ചതും മദ്യം കുടിപ്പിച്ചതും അവിനാശിൻറെ വൃക്കകളെ ബാധിച്ചതായാണ് ഡോക്‌ടർമാർ കണ്ടെത്തിയത്.
2016 ഡിസംബർ 2 ന്, പോളിടെക്‌നിക് കോളജിൻറെ ഹോസ്റ്റലിൽ രാത്രി 9:30 മുതൽ പുലർച്ചെ 3:00 വരെ റാഗിങ് നടന്നതായി വിദ്യാർത്ഥികൾ പൊലീസിന് മൊഴി നൽകി. തറയിൽ കിടന്നുകൊണ്ട് 100 പുഷ്-അപ്പുകളും സിറ്റ്-അപ്പുകളും ചെയ്യാൻ നിർബന്ധിക്കുകയും നഗ്നരായി നിർത്തി മദ്യം കുടിക്കാൻ നിർബന്ധിക്കുകയും ചെയ്‌തതായി മൊഴിയിൽ പറയുന്നു.
2016 ഡിസംബറിലാണ് കൊച്ചി മറൈൻ എഞ്ചിനീയറിങ് കോളജിലെ മറൈൻ ബി.ടെക് വിദ്യാർത്ഥിയായ ആശിഷ് തമ്പാൻ റാഗിങ്ങിന് ഇരയായതിനെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷം ആന്തരികാവയവങ്ങളെ ബാധിച്ച് ആശിഷ് ഗുരുതരാവസ്ഥയിലായിരുന്നു. 2016 സെപ്റ്റംബർ 4 മുതൽ കോളജിലെ സീനിയർ വിദ്യാർത്ഥികൾ ആശിഷിനെ മർദിച്ചിരുന്നു. പരാതി നൽകരുതെന്ന് സീനിയർ വിദ്യാർഥികൾ ആശിഷിനെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.പരിക്കേറ്റ് അബോധാവസ്ഥയിലായ ആശിഷിനെ കൊച്ചിയിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കോഴ്‌സ് തുടരാനുള്ള ആശിഷിൻറെ ആഗ്രഹത്തിന് അനുസൃതമായി വീണ്ടും കോളജിലെത്തി.
നവംബർ 2 ന് സീനിയർ വിദ്യാർത്ഥികൾ വീണ്ടും ആശിഷിനെ ക്രൂരമായി പീഡിപ്പിച്ചു. പിന്നീട് വീണ്ടും സുഖമില്ലായ്‌മ അനുഭവപ്പെട്ട ആശിഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. റാഗിങ്ങിനെക്കുറിച്ച് ആശിഷ് തൻറെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌തിരുന്നു: ‘ഇത് ഞാൻ വളരെ ആഗ്രഹത്തോടെ എടുത്ത കോഴ്‌സാണ്. ഇവിടുത്തെ ഇരുകാലികളായ മൃഗങ്ങൾ എന്നെ വല്ലാതെ പീഡിപ്പിച്ചു. ഓർക്കുക, നിങ്ങളാണ് എൻറെ ജീവിതം നശിപ്പിച്ചത്.’
2017 ജനുവരി ആറിനാണ് പാമ്പാടി നെഹ്‌റു കോളേജ് ഹോസ്റ്റലിലെ ശുചിമുറിയിൽ ജിഷ്ണു പ്രണോയിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആയിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ കോളജിലെ ഇടിമുറിയും അവിടെ കണ്ടെത്തിയ ചോരപ്പാടുകളും മരണം ദുരൂഹമാക്കി. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. കോപ്പിയടി ആരോപണത്തെ തുടർന്നാണ് ജിഷ്ണു ആത്മഹത്യ ചെയ്തത് എന്നാണ് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. പാലക്കാട് നെഹ്‌റു കോളേജിലെ വൈസ് പ്രിൻസിപ്പലായിരുന്ന ശക്തിവേലു, അധ്യാപകനായിരുന്ന സി.പി.പ്രവീൺ എന്നീ രണ്ട് പ്രതികളിൽ മാത്രം കുറ്റം ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ കേസിൽ ആരോപണ വിധേയരായിരുന്ന സഞ്ജിത്ത് വിശ്വനാഥ്, നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസ് എന്നിവരെ പ്രതി ചേർക്കാതിരുന്നതിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.

2019 നവംബറിലാണ് എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളജിലെ ഒരു കൂട്ടം സീനിയർ വിദ്യാർത്ഥികളുടെയും ഹൗസ് സർജൻമാരുടെയും റാഗിങ് അതിക്രമത്തിൽ ദേശീയ പവർലിഫ്റ്റിങ് ചാമ്പ്യന് ഗുരുതരമായി പരിക്കേറ്റത്. സ്പോർട്‌സ് ക്വാട്ടയിൽ പ്രവേശനം നേടിയ ഒന്നാം വർഷ വിദ്യാർത്ഥിയായ അനക്‌സ് റോൺ ഫിലിപ്പിന് മർദനത്തെ തുടർന്ന് വലത് കൈയിലെ തോളിലെ അസ്ഥിക്ക് സ്ഥാനഭ്രംശം സംഭവിച്ചു. പരിശീലനം മുടങ്ങിയതിനാൽ അദ്ദേഹത്തിന് ദേശീയ പവർലിഫ്റ്റിങ് മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. 2017 ലും 2018 ലും അനക്‌സ് ദേശീയ ചാമ്പ്യനായിരുന്നു. ലോക സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അഞ്ചാം സ്ഥാനം നേടിയിട്ടുണ്ട്. ദേശീയ തലത്തിൽ ഒന്നാമതെത്തിയ ഒരു പവർലിഫ്റ്ററുടെ തോളിലെ അസ്ഥിയുടെ മൂല്യം അറിയാവുന്ന മെഡിക്കൽ വിദ്യാർത്ഥികളും ഹൗസ് സർജൻമാരുമാണ് ഇത്തരത്തിൽ ക്രൂര വിനോദം നടത്തിയത് എന്നത് കുറ്റകൃത്യത്തിൻറെ ആഴം വർദ്ധിപ്പിക്കുന്നു.
കഴിഞ്ഞ വർഷം നവംബർ പതിനഞ്ചിനാണ് പത്തനംത്തിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥി അമ്മു സജീവൻ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്. വീഴ്ചയിൽ അമ്മുവിൻറെ തലച്ചോറിലെ വിവിധ ഭാഗങ്ങളിൽ ആഴത്തിലുള്ള ക്ഷതം ഏറ്റിട്ടുണ്ടെന്നും തുടയ്ക്കും ഇടുപ്പിനും ഏറ്റ മാരകമായ പൊട്ടലുമാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അമ്മുവിന്റെ ശരീരത്തിൽ ജലാംശം തീരെ കുറവായിരുന്നു. അമ്മുവിൻ്റെ സഹപാഠികളായ മൂന്ന് പെൺകുട്ടികളും സൈക്യാട്രി വിഭാഗം അധ്യാപകനും മാനസികമായി വേട്ടയാടി എന്നാണ് കുടുംബത്തിന്റെ ആരോപണം.

ജനുവരി 15 നാണ് എറണാകുളം തിരുവാണിയൂരിലെ ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ പഠിച്ചിരുന്ന മിഹിർ അഹമ്മദ് എന്ന വിദ്യാർത്ഥി തൃപ്പൂണിത്തുറയിലെ ചോയിസ് ടവറിന്റെ 26-ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ചോയിസ് ടവറിൽ താമസിക്കുന്ന സരിൻ- റജ്‌ന ദമ്പതികളുടെ മകനായിരുന്നു മിഹിർ. മിഹിറിന്റെ അമ്മ റജ്‌ന അവരുടെ ഇൻസ്റ്റാഗ്രാം അകൗണ്ടിലൂടെ ഇന്നലെയാണ് പ്രസ് റീലിസ് പോസ്റ്റ് ചെയ്തത്. തന്റെ മകൻ സ്‌കൂളിൽ അതിക്രൂരമായ റാഗിംഗിന് ഇരയായെന്നും അവന്റെ ആത്മഹത്യക്ക് പിന്നിലെ കാരണം അതായിരുന്നുവെന്നും അവർ വ്യക്തമാക്കുന്നു.
മിഹിർ മൂന്ന് മാസം മുമ്പ് പുതുതായി ചേർന്ന ഗ്ലോബൽ പബ്ലിക് സ്കൂളിൽ വെച്ച് ഒരു പ്രത്യേക ഗ്യാങ് വിദ്യാർത്ഥികളാൽ അതി ക്രൂരമായി റാഗ് ചെയ്യപ്പെട്ടിരുന്നു. മിഹിർ ശക്തമായ മാനസിക ശാരീരിക പിഡനങ്ങൾക്ക് വിധേയനായിരുന്നു, അവന്റെ ചില സഹപാഠികളോടും സുഹൃത്തുക്കളോടും സംസാരിച്ചതിൽ നിന്നും ഞങ്ങൾക്ക് ലഭ്യമായ ചില സോഷ്യൽ മീഡിയ ചാറ്റുകളുടെ അടിസ്ഥാനത്തിലും അത് വ്യക്തമായെന്നും വാട്സ്ആപ് ചാറ്റുകൾ ഉൾപ്പെടെ പങ്കുവെച്ചുള്ള മിഹിറിന്റെ അമ്മയുടെ പോസ്റ്റിൽ പറയുന്നു.

നിറത്തിന്റെ പേരിൽ പരിഹാസം നേരിട്ടിരുന്നു. വാഷ് റൂമിൽ കൊണ്ടുപോയി ഉപദ്രവിച്ചു. ക്ലോസെറ്റിൽ മുഖം പൂഴ്ത്തിക്കുകയും, ടോയ്ലറ്റിൽ നക്കിക്കുകയും ചെയ്തുവെന്നും അമ്മ പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സ്‌കൂളിൽ പരാതിപ്പെട്ടിരുന്നുവെന്നും എന്നാൽ അവർക്ക് സൽപ്പേര് പോകുമോ എന്ന ഭയമായിരുന്നുവെന്നും അമ്മ പറയുന്നു. സംഭവത്തിൽ കഴിഞ്ഞ ദിവസം ഹിൽ പാലസ് പോലീസിൽ അമ്മ പരാതി നൽകിയിട്ടുണ്ട്. അവർ പങ്കുവെച്ച ആരോപണവിധേയരായ കുട്ടികളുടെ ചാറ്റുകളിൽ നിറഞ്ഞുനിൽക്കുന്നത് മരിച്ച മിഹിറിനോടുള്ള വർണവെറി നിറഞ്ഞ പരിഹാസങ്ങളാണ്. നിറത്തിന്റെ പേരിൽ വലിയ രീതിയിലുള്ള ക്രൂരത മിഹിർ നേരിട്ടിരുന്നവെന്ന് ഈ ചാറ്റുകളിൽ നിന്ന് വ്യക്തമാണ്. മിഹിർ മാതാപിതാക്കളോട് തനിക്ക് നേരിട്ട ക്രൂരതകൾ ഒന്നും പങ്കുവെച്ചിരുന്നില്ല. മിഹിറിന്റെ മരണത്തിന് ശേഷം മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ അവർക്ക് മനസിലാക്കാൻ കഴിഞ്ഞത്.