തിരുവനന്തപുരം: മദ്ധ്യ- കിഴക്കൻ അറബിക്കടലിന് മുകളിലുള്ള ബിപോർജോയ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറി. ഇതിന്റെ ഭാഗമായി കേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും ലഭിക്കും.അതേസമയം, സംസ്ഥനത്ത് കാലവർഷത്തിന്റെ വരവ് സംബന്ധിച്ച് കാലാവസ്ഥാ വകുപ്പിന്റെ പ്രഖ്യപനം ഇന്നുണ്ടായേക്കാനും സാധ്യതയുണ്ട്. രണ്ട് ദിവസമായി ലഭിക്കുന്ന മഴയുടെ കണക്ക് പരിശോധിച്ചാണ് വിലയിരുത്തുക. തെക്കു പടിഞ്ഞാറൻ കാലവർഷത്തിന്റെ വരവ് പ്രഖ്യാപിക്കുന്നതിനുള്ള വിവിധ മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷമാകും നടപടി.