തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിരുടെ എണ്ണം ഉയരുന്നു. ഇന്നലെ പനി ബാധിച്ചത് 12,984 പേർക്ക്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പനി ബാധിതരുള്ളത്. ജില്ലയിൽ ഗുരുതര സ്ഥിതിയാണ് നിലവിൽ. ഇന്നലെ മാത്രം മലപ്പുറത്ത് 2171 പേർക്കാണ് പനി ബാധിച്ചത്. ഇന്നലെ വരെ ജില്ലയിൽ 53 ഡെങ്കിപ്പനി കേസുകളും നേരിയ ലക്ഷണങ്ങളുള്ള 213 കേസുകളും റിപ്പോർട്ട് ചെയ്തു.
സംസ്ഥാനത്ത് ആകെ 218 പേർക്കാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുള്ളത്. എട്ട് പേർക്ക് എലിപ്പനിയും മൂന്ന് പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. പനി ബാധിച്ചു ഇതുവരെ മരിച്ചവരിൽ 50ന് താഴെ ഉള്ളവരും കുട്ടികളും ആണ് കൂടുതലുള്ളത് എന്നത് ആശങ്ക ഉയർത്തുന്നു.
ഡെങ്കിപ്പനി കേസുകളാണ് മലപ്പുറത്ത് കൂടുന്നത്. കഴിഞ്ഞ തവണത്തേക്കാൾ മൂന്നിരട്ടിയാണ് കേസുകൾ. മലയോര മേഖലയിലാണ് രോഗം കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. വണ്ടൂർ, മേലാറ്റൂർ ഹെൽത്ത് ബ്ലോക്കുകളിലാണ് കൂടുതൽ കേസുകളും. വണ്ടൂരിൽ 78 കേസുകളും മേലാറ്റൂരിൽ 54 കേസുകളും റിപ്പോർട്ട് ചെയ്തു.