സംസ്ഥാനത്ത് പനിബാധയെ തുടർന്ന് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. കൊല്ലം ജില്ലയിൽ രണ്ട് പേരും പത്തനംതിട്ടയിൽ ഒരാളും പനിബാധയെ തുടർന്ന് മരിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. കൊല്ലം ചവറ സ്വദേശി അരുൺ കൃഷ്ണ (33) ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. ചാത്തന്നൂർ സെന്റ് ജോസഫ് യു പി സ്‌കൂളിലെ അഭിജിത്തും പനി ബാധിച്ച് മരിച്ചു.
പത്തനംതിട്ടയിൽ ഡെങ്കിപ്പനി ബാധിച്ച് മുണ്ടുക്കോട്ടക്കൽ ശ്രുതി ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇന്നലെ രാത്രി എത്തിച്ച ശ്രുതിയെ ആരോഗ്യനില മോശമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെന്റിലേറ്ററിൽ നിരീക്ഷണത്തിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ മാത്രം ഇന്നലെ ചികിത്സ തേടിയത് 12876 പേരാണ്. മലപ്പുറത്ത് പ്രതിദിന പനിബാധിതരുടെ എണ്ണം 2000 കടന്നു. പകർച്ച പനിക്ക് എതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഡെങ്കിപ്പനി വ്യാപനം ജൂലൈയിൽ ശക്തമാകാനും രോഗികളുടെ എണ്ണത്തിൽ വർധനവിനുമാണ് സാധ്യത. 2017ന് സമാനമായ രീതിയിലാണ് കേസുകൾ വർധിക്കുന്നത്. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തിൽ വീഴ്ച്ച പാടില്ലെന്നും ഡെങ്കിപനി കൂടുതൽ വ്യാപിച്ച സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.