ഉത്തര്‍പ്രദേശിലെ മുഴുവന്‍ കോൺഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ട് പാർടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് കനത്ത തിരിച്ചടികളില്‍ നേരിട്ടതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ, നഗര, ബ്ലോക്ക് കമ്മിറ്റികൾ പിരിച്ചുവിട്ടുകൊണ്ടുള്ള പാർടി അധ്യക്ഷന്റെ നീക്കം. 2019ലെയും 2024ലെയും ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും 2022ലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന്റെ പ്രകടനം നിരാശാജനകമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സ്ഥാനാര്‍ഥിയെ പോലും മത്സരിപ്പിക്കാനായിരുന്നില്ല. ഇന്ത്യാ സഖ്യത്തിലെ സ്ഥാനാര്‍ഥിയെ പിന്തുണക്കുകയാണ് ചെയ്തത്.
സംസ്ഥാന ഘടകം പുനഃസംഘടിപ്പിച്ചും പ്രാദേശിക ശക്തിപ്പെടുത്തിയും സംസ്ഥാനത്ത് കാലുറപ്പിക്കാനുള്ള ശ്രമമാണ് നിലവിൽ കോൺഗ്രസ് നടത്തുന്നത്. ഉത്തർപ്രദേശിൽ പാർടിയുടെ തിരിച്ചുവരവിന് ഇത്തരമൊരു നീക്കം അത്യന്താപേക്ഷിതമാണെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. ജാതി സമവാക്യങ്ങൾ കണക്കിലെടുത്ത് പാർടിയെ പുനഃസംഘടിപ്പിക്കുന്നതിലാകും കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുക. കഴിഞ്ഞ മാസം ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും അതിന്റെ കീഴിലുള്ള യൂണിറ്റുകളും പിരിച്ചുവിട്ടിരുന്നു.