കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കുട്ടിയെ കണ്ടെത്തുന്നതിന് വേണ്ടി തിരച്ചിലിന് ഇറങ്ങി എഐവൈഎഫ് പ്രവർത്തകരും. പൂയപ്പള്ളി കാറ്റാടി ഓട്ടുമല റെജിഭവനിൽ റെജി ജോണിന്റെയും സിജി ജോണിന്റെയും മകൾ അബിഗേൽ സാറ റെജിയെയാണ് തിങ്കൾ വൈകിട്ട് തട്ടിക്കൊണ്ടുപോയത്. 4.45ന് ഓയൂർ കാറ്റാടിമുക്കിൽ വെച്ചായിരുന്നു സംഭവം. നാലാം ക്ലാസിൽ പഠിക്കുന്ന സഹോദരൻ ജൊനാഥനൊപ്പം ട്യൂഷൻ സെന്ററിലേക്ക് പോകവെ വീടിനു 50 മീറ്റർ അകലെ വെള്ള നിറത്തിലുള്ള സ്വിഫ്‌റ്റ് ഡിസയർ കാറിലെത്തിയവരാണ് തട്ടിക്കൊണ്ടുപോയത്. ഒരു പേപ്പർ അമ്മയ്‌ക്കു നൽകണമെന്നു പറഞ്ഞ് തന്നെന്നും വാങ്ങാതിരുന്നപ്പോൾ കമ്പുകൊണ്ട് അടിച്ചെന്നും സാറയെ ബലമായി വലിച്ചിഴച്ച് കാറിൽ കയറ്റിക്കൊണ്ടുപോയതായും സഹോദരൻ ജൊനാഥൻ പറഞ്ഞു. രാത്രി 7.45ഓടെയാണ് വീട്ടിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് ആദ്യ വിളിയെത്തിയത്. ശേഷം രാത്രി വൈകി രണ്ടാമതും ഫോൺ കോളെത്തിയതായി ബന്ധുക്കൾ പറഞ്ഞു. പൊലീസ് സംസ്ഥാന വ്യാപകമായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കേരള പൊലീസ്. എന്തെങ്കിലും വിവരം കിട്ടുന്നവർ 112 എന്ന പൊലീസ് കൺട്രോൾ റൂം നമ്പറിൽ വിളിച്ച് അറിയിക്കാനും കേരള പൊലീസ് ആവശ്യപ്പെട്ടു. അതിനിടെ, മുമ്പും അബിഗേലിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി മുത്തശ്ശി പറഞ്ഞു. 24-ാം തീയതിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ മുത്തശ്ശിയുടെ സാന്നിദ്ധ്യം ദൗത്യത്തിന് തടസ്സമായതായി കണ്ടെത്തി. അതിനിടെ, ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.
പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്. ഇയാൾ കുട്ടിയുടെ വീട്ടിലേക്ക് ഫോൺചെയ്തത് കടയുടമയായ സ്ത്രീയുടെ ഫോണിൽ നിന്നായിരുന്നു. ഒരു സ്ത്രീയും മറ്റൊരു പുരുഷനും ഇയാൾക്കൊപ്പമുണ്ടായിരുന്നുവെന്നും, ഇരുവരും ഓട്ടോയിലാണ് ഇവർ കടയിൽ വന്നതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. പൊലീസ് പുറത്തുവിട്ട രേഖാ ചിത്രത്തിലുള്ള ആൾക്കൊപ്പം വന്ന സ്ത്രീയാണ് കുട്ടിയുടെ മാതാവിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്.