തിരുവനന്തപുരം: കൊല്ലം കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് മർദ്ദിച്ച സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രാഥമികാന്വേഷണത്തെ തുടർന്ന് മൂന്ന് പൊലീസുകാരെ ഇതിനോടകം തന്നെ സ്ഥലംമാറ്റിയിരുന്നു.
കിളികൊല്ലൂർ സ്റ്റേഷനിലെ എസ്ഐ അനീഷിനെ പാരിപ്പള്ളിയിലേക്കും സീനിയർ സിപിഒമാരായ പ്രകാശ് ചന്ദ്രനെ ഇരവിപുരത്തേക്കും വി ആർ ദിലീപിനെ അഞ്ചാലുംമൂട്ടിലേക്കുമാണ് സ്ഥലം മാറ്റിയത്. ആരോപണ വിധേയരായ പലർക്കെതിരെയും നടപടി സ്വീകരിക്കാത്തത് വിമർശനത്തിനിടയാക്കിയിരിക്കുകയാണ്. ഇവർ മൂന്ന് പേർ മാത്രമല്ല, മറ്റ് ഉദ്യോഗസ്ഥരും തങ്ങളെ മർദ്ദിച്ചതായി ചൂണ്ടിക്കാട്ടി സൈനികനും സഹോദരനും മജിസ്ട്രേറ്റിന് മൊഴിയും നൽകിയിരുന്നു.
അതേതുടർന്ന് ദക്ഷിണമേഖലാ ഡിഐജി കൊല്ലം സിറ്റി പൊലീസ് കമ്മിഷണറോട് വിശദീകരണം തേടിയിട്ടുണ്ട്. ഡിജിപിയുടെ നിർദേശപ്രകാരമാണ് ഡിഐജി ആർ നിശാന്തിനി കമ്മിഷണർ മെറിൻ ജോസഫിനോട് റിപ്പോർട്ട് തേടിയത്.