Friday, November 22, 2024
spot_imgspot_img
HomeOpinionപരിസ്ഥിതിയെ അറിയുക, സംരക്ഷിക്കുക !

പരിസ്ഥിതിയെ അറിയുക, സംരക്ഷിക്കുക !

ടി ടി ജിസ്‌മോൻ
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി

1962ൽ അമേരിക്കൻ ജീവ ശാസ്ത്രജ്ഞ റേച്ചൽകഴ്‌സൺ രചിച്ച ‘നിശബ്ദ വസന്തം ‘എന്ന പുസ്തകത്തിന്റെ പിറവിയോടെയാണ് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഗൗരവകരമായ ചർച്ചകളും സംവാദങ്ങളും ആധുനിക ലോകത്ത് ഉരിത്തിരിഞ്ഞു വരുന്നത്. ‘പരിസ്ഥിതിയുടെ ബൈബിൾ’ എന്ന പേരിൽ അറിയപ്പെടുന്ന പ്രസ്തുത പുസ്തകം ഉയർത്തി വിട്ട ആശയങ്ങളുടെ ചുവടു പിടിച്ച് 1972 ൽ സ്വീഡനിലെ സ്‌റ്റോക്ക്‌ഹോമിൽ വെച്ച് നടന്ന ലോകപരിസ്ഥിതി സമ്മേളനത്തിൽ പരിസ്ഥിതി സംരക്ഷണത്തിനായി രാജ്യങ്ങൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന തീരുമാനം കൈകൊണ്ടു.

ലോകത്താകമാനം അനുഭവപ്പെടുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെ ആഴത്തിൽ അപഗ്രഥിച്ചു കൊണ്ടുള്ള പ്രഖ്യാപനം പ്രസ്തുത സമ്മേളനം അംഗീകരിക്കുകയും പ്രശ്‌നപരിഹാരത്തിന് രാജ്യങ്ങളും അതിലെ പൗരന്മാരും എടുക്കേണ്ട മുൻകരുതലുകൾ വിശദീകരിക്കുകയും ചെയ്തു.
ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നതും സ്‌റ്റോക്‌ഹോം സമ്മേളനത്തിന്റെ ഭാഗമായിത്തന്നെയാണ്.

നാം അധിവസിക്കുന്ന ചുറ്റുപാടുകളെയും അതിനുള്ളിലെ സസ്യ, ജന്തു ജീവജാലങ്ങളെയും അതിലുണ്ടാകുന്ന ഋതുഭേദങ്ങളെയും കൃത്യതയോടെയും സൂക്ഷ്മതയോടെയും വിലയിരുത്തുന്നതാണ് പരിസ്ഥിതി വിജ്ഞാനത്തിന്റെ പ്രാഥമിക ബോധം. പരിസ്ഥിതിയെ പരിഗണിച്ചു കൊണ്ടുള്ള സുസ്ഥിര വികസന മാർഗങ്ങളും പ്രകൃതിവിഭവങ്ങളുടെമേൽ നടത്തുന്ന ചൂഷണങ്ങൾക്കെതിരെയുള്ള ചെറുത്തുനിൽപ്പുകളുമാണ് കേവല പ്രകൃതി സൗഹാർദ്ദ പ്രഖ്യാപനത്തിനപ്പുറം വളർത്തിയെടുക്കേണ്ടത്.രാഷ്ട്ര പുരോഗതിക്ക് വികസനം അനിവാര്യമാണെങ്കിലും പ്രകൃതിയെയും ആവാസവ്യവസ്ഥയെയും നിഷ്കാസനം ചെയ്ത് കൊണ്ടുള്ള വികസനത്തെ ചെറുത്ത്‌ തോല്പിക്കുക തന്നെ ചെയ്യേണ്ടതുണ്ട്. ഭൂമിയില്ലെങ്കിൽ നമ്മളില്ലെന്ന ബോധ്യവും ജൈവമണ്ഡലത്തിലെ ജീവനുള്ളതും ഇല്ലാത്തതുമായ സകല ഘടകങ്ങളുടെയും പരിരക്ഷയുമായിരിക്കണം ഓരോരുത്തരിലും രൂപപ്പെടേണ്ടത്.

വർത്തമാന ലോകത്ത് മുതലാളിത്ത കാഴ്ചപ്പാടുകളുടെ സ്വാധീനം സൃഷ്ടിച്ച പരിവർത്തനം മനുഷ്യ-പ്രകൃതി ബന്ധത്തിന്റെ സ്വാഭാവിക തനിമയെ ഇല്ലായ്മ ചെയ്യുകയും തൽഫലമായി പ്രകൃതിയോടുള്ള മനുഷ്യ സമീപനം ലാഭത്തെ മുൻ നിർത്തിയുള്ള കച്ചവട സ്വഭാവത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ കാണാൻ കഴിയും. മനുഷ്യനെയെന്നപോലെ പ്രകൃതിയെയും തങ്ങളുടെ ലാഭം പെരുപ്പിക്കാനുള്ള ഉപാധിയായിയായി കണ്ടെത്തുന്ന മുതലാളിത്തം പ്രകൃതിക്കും മനുഷ്യനും അനുയോജ്യമായവിധത്തിൽ സാങ്കേതികവിദ്യകളെ വികസിപ്പിച്ചു കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ലെന്ന് മാത്രമല്ല, നിരന്തര ചൂഷണത്തിലൂടെ പരിസ്ഥിതി ശോഷണത്തിനുള്ള വകകൾ വരുത്തുക കൂടി ചെയ്യുന്നുമുണ്ട്!

വനവും വനഭൂമിയും ഇതര ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നത് നിയന്ത്രിക്കുന്ന 1980 ലെ വന സംരക്ഷണ നിയമ വ്യവസ്ഥകളെ അട്ടിമറിച്ചു കൊണ്ട് പാരിസ്ഥിതിക ആവശ്യങ്ങൾക്ക് സൗകര്യമൊരുക്കാനെന്ന ലേബലിൽ വനഭൂമിയിലേക്ക് കോർപറേറ്റ് കുത്തകകൾക്ക് കടന്നു കയറാനുള്ള അവസരം സൃഷ്ടിക്കുകയായിരുന്നു 2023 ലെ വന സംരക്ഷണ ഭേദഗതി ബില്ലിലൂടെ കേന്ദ്ര സർക്കാർ. വന സംരക്ഷണ നിയമത്തിലെ 2,3 വകുപ്പുകൾ പ്രകാരം അഡ്വൈസറി കമ്മിറ്റിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാറിന്റെ മുൻകൂർ അംഗീകാരമില്ലാതെ വനവും വനഭൂമിയും ഡി റിസർവ് ചെയ്യാൻ പറ്റില്ലെന്നിരിക്കെ ഭേദഗതി നിയമത്തിന്റെ മൂന്നാം വകുപ്പ് പ്രകാരം സ്‌കൂളുകൾ, ആശുപത്രികൾ, റോഡുകൾ, അങ്കണ വാടികൾ,ന്യായവില ഷോപ്പുകൾ, വൈദ്യുതി -വാർത്താ വിനിമയ ലൈനുകൾ, ടാങ്കുകൾ, ചെറുകിട ജലസ്രോതസ്സുകൾ, ചെറുകിട ജലസേചന കനാലുകൾ തുടങ്ങിയവ സ്ഥാപിക്കാനായി കേന്ദ്ര സർക്കാറിന് വനഭൂമി തരം മാറ്റാനാകും.

വനേതര ആവശ്യങ്ങൾക്കായി വന മേഖല ഉപയോഗപ്പെടുത്തണമെങ്കിൽ ആ പ്രദേശങ്ങളിലെ ഗ്രാമ സഭകളുടെ അനുമതി – കൺസെന്റ്- ആവശ്യമാണെന്ന വന സംരക്ഷണ നിയമത്തിലെ വ്യവസ്ഥയുടേയും വനത്തിന്റെയും വനവിഭവങ്ങളുടെയും സംരക്ഷണാധികാരം തദ്ദേശീയരായ ഗോത്രവിഭാഗങ്ങൾക്ക് നൽകുന്ന വനാവകാശ നിയമത്തിന്റെയും നഗ്നമായ ലംഘനമാണിതിലൂടെ നടക്കുന്നത്.

2022 ൽ കേന്ദ്ര സർക്കാർ പാസ്സാക്കിയ ‘ഫോറസ്റ്റ് കൺസർവേഷൻ നിയമ’മാകട്ടെ വനസംരക്ഷണത്തിൽ പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തത്തെ പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്തു കൊണ്ട് ഗ്രാമസഭകളുടെ അധികാരത്തെ വെട്ടിക്കുറക്കുകയും ആദിവാസി നിയമപരിരക്ഷ ലക്ഷ്യം വെച്ച് കൊണ്ട് 1996 ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ‘പെസ’ (പഞ്ചായത്ത്‌ എക്‌സ്‌റ്റൻഷൻ ടു ദി ഷെഡ്യൂൾഡ്‌ ഏരിയ ആക്‌ട്‌) നിയമത്തെ തീർത്തും അപ്രസക്തമാക്കുകയുമാണ് ചെയ്തത്.

കേരളത്തിലെ ഇടത് പക്ഷ ജനാധിപത്യ മുന്നണി സർക്കാർ സംസ്ഥാനത്തിന്റെ സുസ്ഥിരവികസനം നിർണയിക്കുന്ന അടിസ്ഥാന ഘടകങ്ങളിൽ പ്രഥമ സ്ഥാനം തന്നെയാണ് പ്രകൃതി സംരക്ഷണത്തിന് നൽകിയിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ വികസന ലക്ഷ്യം മുൻ നിർത്തി ഒന്നാം പിണറായി സർക്കാർ പുറത്തിറക്കിയ ധവളപത്രം ഭൂമി ശാസ്ത്ര പരവും പാരിസ്ഥിതികവുമായ വിഷയങ്ങളിലെ സർക്കാറിന്റെ ക്രിയാത്മകമായ ഇടപെടലിനെയാണ് കാണിക്കുന്നത്.

2018 ലെ മഹാ പ്രളയത്തിന്റെയും 2019 ലെ മഴക്കെടുതിയുടെയും പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ സുസ്ഥിര ഭൂവിനിയോഗത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് ‘കേരള പുനർ നിർമ്മാണ പദ്ധതി’. ശുചിത്വമാലിന്യ സംസ്കരണം, ജലവിഭവ സംരക്ഷണം, കാർഷിക മേഖലയുടെ വികസനം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ‘ഹരിതകേരളം മിഷൻ’ മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം’ എന്ന ആശയം മുൻനിർത്തി 2017ലും ആരംഭിക്കുകയുണ്ടായി.

ജനിതക വൈവിധ്യങ്ങളാൽ സമ്പന്നമായ അന്യം നിന്നുപോകുന്ന വൃക്ഷങ്ങളെ സംരക്ഷിക്കുന്നതിനും അപ്രകാരമുള്ള വൃക്ഷങ്ങളെ കണ്ടെത്തി അവയുടെ തൈകളുൽപ്പാദിപ്പിച്ച് സംസ്ഥാനത്താകെ നട്ടുവളർത്തുന്നതിനുമുള്ള നടപടികൾ ‘ഗ്രീൻ ഇനിഷ്യേറ്റിവ് ‘പദ്ധതിയിലൂടെ നടപ്പാക്കുമ്പോൾ
2018 നവംബറിൽ രൂപീകരിച്ച മുഖ്യ മന്ത്രി ചെയർ മാനായ ‘റീ ബിൽഡ് കേരള പദ്ധതി’ പരിസ്ഥിതി സൗഹാർദപരമായ നിർമാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയുന്നു.

ശുചിത്വ മാലിന്യ സംസ്‌കരണം, ജലവിഭവ സംരക്ഷണം, കാർഷികമേഖലയുടെ വികസനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന മികച്ച മാതൃകകൾ സൃഷ്ടിക്കാൻ ഇതിനോടകം സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. 2018 ൽ ഇ-വാഹന നയം പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. അത് പോലെ തന്നെ വനം കയ്യേറ്റം തടയുന്നതിനും വനാതിർത്തി സംരക്ഷിക്കുന്നതിനുമായി 2022-23 സാമ്പത്തിക വർഷത്തിൽ 274.070 കിലോ മീറ്ററിൽ 1379 ജണ്ടകൾ നിർമ്മിക്കുകയും 2023-24 സാമ്പത്തിക വർഷത്തിൽ 6000 ൽ പരം ജണ്ടകളുടെ നിർമ്മാണത്തിന് നടപടികൾ സ്വീകരിക്കുകയും ചെയ്തു.

പെരിയാർ മത്സ്യക്കുരുതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും കേരളത്തിൽ വ്യാപകമായ അളവിൽ പരിസ്ഥിതി അവബോധം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കുറി പരിസ്ഥിതി ദിനം കടന്നു വരുന്നത്. ഏലൂർ-എടയാർ മേഖലകളിലെ 285-ലധികം വ്യാവസായിക കമ്പനികളിൽ 100-ലധികം കമ്പനികൾ റെഡ് കാറ്റഗറിയിലുള്ളതാണെന്നാണ് കണക്കുകൾ പറയുന്നത്. അത്യന്തം അപകടകരമായ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്ന റെഡ് കാറ്റഗറി വ്യവസായങ്ങളിൽ ശരിയായി പ്രവർത്തിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റുകളില്ലെന്നതാണ് വസ്തുത.

കമ്പനികളുടെ രാസ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിച്ച ശേഷം കടലിൽ കൊണ്ട് പോയി ഒഴുക്കണം എന്നാണ് നിയമം എന്നിരിക്കെ കമ്പനികൾ ഭൂമിക്കടിയിൽ കുഴലുകൾ സ്ഥാപിച്ച് ഇത് പെരിയാറിലേക്ക് ഒഴുക്കി വിടുകയാണ് നിലവിൽ ചെയ്യുന്നത്. വ്യാവസായിക പ്രവർത്തനങ്ങളുടെ ആധിക്യം നിമിത്തം പെരിയാർ നദിയും വേമ്പനാട് കായലും മാത്രമല്ല, തീരപ്രദേശങ്ങളും പരിസ്ഥിതിയും ജീവജാലങ്ങളുമെല്ലാം വലിയതോതിൽവിഷമയമായിക്കഴിഞ്ഞിരിക്കുകയാണ്.

‘കുഫോസി’ന്റെ പഠന റിപ്പോർട്ടിൽ പെരിയാറിൽ അമോണിയയും സൾഫൈഡും അപകടകരമായ രീതിയിൽ നില നിൽക്കുന്നുവെന്നും വെള്ളത്തിൽ ഓക്സിജന്റെ അളവ് വളരെ കുറവായിരിക്കുന്നുവെന്നും വെളിപ്പെടുത്തുന്നുണ്ട്. രാസമലിനജലത്തിലൂടെ മെർക്കുറി, സിങ്ക്, ക്രോമിയം, കോപ്പർ അടങ്ങിയ ഘനലോഹങ്ങൾ ടൺ കണക്കിന് പുഴയുടെ വൃഷ്ടിപ്രദേശത്ത് അടിഞ്ഞു കൂടുകയും കുടി വെള്ളത്തിലും മത്സ്യത്തിലുമടക്കം രാസവിഷമാലിന്യത്തിന്റെ സാന്നിധ്യം അപകടകരമായ അളവിൽ നില നിൽക്കുകയും ചെയ്യുകയാണ്.

രാസമാലിന്യ തള്ളൽമൂലം പെരിയാർ നദിയിലെ മത്സ്യങ്ങളിലെ എണ്ണത്തിലും വൈവിധ്യത്തിലും ഗുണമേന്മയിലും വലിയ മാറ്റങ്ങൾ ഉള്ളതായി വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നൂ. ഇന്ത്യയിലെ വിവിധ നദികളിൽ പഠനം നടത്തിയപ്പോൾ ഏറ്റവും നാശം വന്നിരിക്കുന്ന നദികളിൽ മുൻനിരയിലാണ് പെരിയാറെന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പെരിയാറിലെ ജലം ശുദ്ധീകരിച്ച് കുടിവെള്ളമായി ഉപയോഗിക്കുന്ന പതിനായിരങ്ങളുടെ ജീവന് വരെ ഭീഷണിയാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. രാസ മാലിന്യങ്ങൾ പെരിയാറിലേക്ക് ഒഴുക്കുന്നു എന്ന പരാതി ഒരു ജുഡീഷ്യൽ കമ്മീഷനെ കൊണ്ട് അന്വേഷിപ്പിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും മനുഷ്യ ജീവന് ഭീഷണിയാകുന്ന പ്രവൃത്തി നടത്തിയ സ്ഥാപനങ്ങൾക്കും അതിന്റെ ഉടമകൾക്കുമെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നുമാണ് വിഷയത്തിൽ എഐവൈഎഫ് നിലപാട്.

മുതലാളിത്ത സാമ്രാജ്യത്വ ശക്തികളുടെ വികസന നയം സൃഷ്ടിച്ചെടുത്ത പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വിടവുകളെ പരിസ്ഥിതി സൗഹാർദമായ ജീവിതവീക്ഷണങ്ങളുടെ പുനർ നിർമാണത്തിലൂടെ പൊളിച്ചെഴുതേണ്ടതുണ്ട് നാം. മനുഷ്യന്റെ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വസ്തുവിന്റെ മൂല്യവും നിലനിൽപും നിശ്ചയിക്കുന്ന രീതി പ്രകൃതിയ്ക്കും മനുഷ്യകുലത്തിനും ഗുണകരമാവുകയില്ലെന്ന തിരിച്ചറിവാണ് പ്രധാനം.
പൗരന്മാരെന്ന നിലയിൽ വ്യക്തി ജീവിതത്തിലും സാമൂഹ്യ ചുറ്റു പാടുകളിലും പാലിക്കേണ്ട ഉപഭോഗത്തിലെ മിതത്വം, ജലസംരക്ഷണം, മാലിന്യസംസ്‌കരണം എന്നിവയിലുള്ള ജാഗ്രതയും അതിനനുസൃതമായ ബോധവത്കരണ പരിപാടികളും ഉത്തര വാദിത്വമായിത്തന്നെ ഓരോരുത്തരും ഏറ്റെടുക്കണം.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares