തിരുവനന്തപുരം: സിപിഐക്കെതിരെ ചിന്താവാരികയിൽ പ്രസിദ്ധീകരിച്ച ലേഖനം തെറ്റാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ വെളിപ്പെടുത്തി. ചിന്താ മാസികയുടെ നുണപ്രചരണത്തിനു തെളിവുകൾ നിരത്തി നവയുഗം തുടർച്ചയായി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതോടെയാണ് കോടിയേരിയുടെ ഇത്തരം പ്രതികരണം. ഇരു ഭാഗത്തുനിന്നും വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് കോടിയേരി അഭ്യർത്ഥിച്ചിട്ടുണ്ട്.
ചിന്താ വാരികയാണ് സിപിഐക്കെതിരെ നട്ടാൽ കുരുക്കാത്ത നുണകളുപയോഗിച്ച് ആദ്യം ലേഖനം പ്രസിദ്ധീകരിച്ചത്. ചിന്താവാരികയ്ക്കുള്ള മറുപടി നവയുഗം നൽകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയതിനു പിന്നാലെ യഥാർത്ഥ വസ്തുതകൾ നിരത്തി ചിന്താവാരികയുടെ ആരോപണങ്ങളെ പൊളിച്ചടുക്കാൻ നവയുഗത്തിനു കഴിഞ്ഞു. സിപിഐ(എം) നു എതിരെ “കണ്ടാലും കൊണ്ടാലും പഠിക്കാത്തവർ” എന്ന തലക്കെട്ടോടെയാണ് നവയുഗം ലേഖനം പ്രസിദ്ധീകരിച്ചത്.
എന്നാൽ വിവാദം അവസാനിപ്പിക്കാൻ സിപിഐ(എം)ന്റെ ഭാഗത്തു നിന്നും ചിന്തയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സിപിഐയും അത്തരം നിർദ്ദേശം നവയുഗത്തിനും നൽകണമെന്നും കോടിയേരി ആവശ്യപ്പെട്ടിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാർട്ടിയായിരുന്നു സിപിഐ എന്നായിരുന്നു ലേഖനത്തിലെ പരാമർശം. റിവിഷനിസ്റ്റ് രോഗം ബാധിച്ചവരും വർഗവഞ്ചകരെന്ന വിശേഷണം അന്വർഥമാക്കുന്നവരുമാണ് സിപിഐ എന്നും ചിന്ത ലേഖനത്തിൽ ആരോപിച്ചിരുന്നു. പാർട്ടിസമ്മേളനങ്ങളിലെ പ്രസംഗത്തിന് സിപിഐ തയ്യാറാക്കിയ കുറിപ്പിൽ ഇടതുപക്ഷത്തെ തിരുത്തൽശക്തിയായി നിലകൊള്ളുമെന്ന പ്രയോഗമുണ്ടായിരുന്നു. ഇതിനെതിരേയായിരുന്നു ‘തിരുത്തൽവാദത്തിന്റെ ചരിത്രവേരുകൾ’ എന്നപേരിൽ ചിന്തയിലെ ലേഖനം. സിപിഎം ഒറ്റപ്പാലം ഏരിയ കമ്മിറ്റി അംഗവും പാലക്കാട് കിള്ളിക്കുറുശ്ശി മംഗലം കുഞ്ചൻ നമ്പ്യാർ സ്മാരകം ചെയർമാനുമായ ഇ രാമചന്ദ്രനാണ് ചിന്തയിലെ ലേഖനം എഴുതിയത്.
ഇതിനെതിരെ രണ്ട് ലക്കങ്ങളിലായി തെളിവുകൾ നിരത്തി നവയുഗം മറ്റൊരു ലേഖനത്തിലൂടെ മറുപടി നൽകി. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചന നടത്തിയതും അതിനു നേതൃത്വം കൊടുത്തതും മുൻ മുഖ്യമന്ത്രിയായ ഇഎംഎസ് ആണെന്ന് തുറന്നെഴുതിയാണ് നവയുഗം ചിന്തക്കെതിരെ തുറന്നടിച്ചത്. ആദ്യമായി തുടർഭരണം കിട്ടിയ അച്യുതമേനോൻ സർക്കാരിന്റെ മികച്ച പ്രകടനത്തെ ചരിത്രത്തിൽ നിന്ന് മറയ്ക്കാൻ സിപിഎം ശ്രമിക്കുന്നതായും നവയുഗം ആരോപിച്ചിരുന്നു. കേരളത്തിൽ വ്യാജ ഏറ്റുമുടലുകളിലൂടെ ഒൻപത് മാവോയിസ്റ്റുകളെയാണ് നിരുപാധികം കൊലപ്പെടുത്തിയത്. രാജൻ സംഭവത്തിൽ അച്യുതമേനോനെ വിമർശിക്കുന്നവർ മാവോയിസ്റ്റുകളെ കൊന്നതിന്റെ പേരിൽ ഇപ്പോഴത്തെ മുഖ്യമന്ത്രിയെ അധിഷേപിക്കാൻ തയ്യാറാകുമോ എന്നും നവയുഗം ലേഖനത്തിൽ ചോദിച്ചിരുന്നു.