ഒന്നാംകേരളനിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്നു കൊളാടി ഗോവിന്ദന്‍കുട്ടി മേനോന്‍. 126 അംഗ സംസ്ഥാന നിയമസഭയിലേക്കായിരുന്നു അന്ന് തിരഞ്ഞെടുപ്പ്. വൈകീട്ട് 6 മണിയോടെ 125 മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ്ഫലം പുറത്തുവന്നു. കമ്മ്യൂണിസ്റ്റ്പാര്‍ട്ടി സ്വതന്ത്രരുടെ പിന്തുണയോടെ 63 സീറ്റ് നേടി ചരിത്രനിമിഷത്തിലേക്ക് കാത്തുനില്‍ക്കുന്നു. അണ്ടത്തോട് മണ്ഡലത്തിന്റെ ഫലം പുറത്തുവന്നാല്‍മാത്രമെ സംസ്ഥാനം ആര് ഭരിക്കണമെന്ന കാര്യത്തില്‍ തീരുമാനമാവൂ.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി 26കാരന്‍ കൊളാടി ഗോവിന്ദന്‍ കുട്ടിയും കോണ്‍ഗ്രസ്സിനു വേണ്ടി പരിചയസമ്പന്നനായ കെ ജി കരുണാകരമേനോനുമാണ് അണ്ടത്തോട് മണ്ഡലത്തില്‍ ജനവിധി തേടിയത്. സാങ്കേതിക കാരണങ്ങളാല്‍ വോട്ടെണ്ണല്‍ തുടങ്ങാന്‍ വൈകിയതു ഫലം പുറത്തുവരുന്നത് വൈകാന്‍ ഇടയാക്കി. ഇതോടെ സംസ്ഥാനത്തിന്റെ മുഴുവന്‍ ശ്രദ്ധയും അണ്ടത്തോടേക്ക് തിരിഞ്ഞു. ഒടുവില്‍ അര്‍ധരാത്രയില്‍ ഫലംവന്നു. കൊളാടി ഗോവിന്ദന്‍കുട്ടി വിജയിച്ചിരിക്കുന്നു. ലോകത്താദ്യമായി തിരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേക്ക്. അതിന് നിമിത്തമായതോ പഴയ പൊന്നാനി മണ്ഡലമായ അണ്ടത്തോട് മണ്ഡലവും.
പൊന്നാനി, തിരൂര്‍ താലൂക്കുകളില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇടമൊരുക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച കൊളാടി ബാലകൃഷ്ണന്റെ സഹോദരന്‍ എന്ന നിലയിലാണ് കൊളാടി ഗോവിന്ദന്‍കുട്ടി മത്സരരംഗത്തേക്കു വരുന്നത്. ബാലകൃഷ്ണന്റെ ആകസ്മിക മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കൊളാടി ഗോവിന്ദന്‍കുട്ടിയോട് എം.എന്‍. ഗോവിന്ദന്‍നായര്‍ ആവശ്യപ്പെടുകയായിരുന്നു. ചെന്നൈയില്‍ ബാരിസ്റ്റര്‍ എം കെ നമ്പ്യാരുടെ കീഴില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്ന അപ്പോള്‍ ഗോവിന്ദന്‍കുട്ടി.
മലപ്പുറം ജില്ലയിലെ വെളിയങ്കോട് പഞ്ചായത്തിലെ കോതമുക്കാണ് ഗോവിന്ദൻ കുട്ടിമേനോന്റെ കുടുംബതറവാട്.രാഷ്ട്രീയ നേതാവും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്ന കോളാടി ഗോവിന്ദൻകുട്ടി മേനോൻ എന്ന അപ്പുമേനോന്‍ , കൊളാടി നാരായണമേനോന്റേയും കൊച്ചുകുട്ടിയുടെയും മകനായി 1928 ലാണ് ജനിച്ചത്.ഗുരുവായൂര്‍ പൊന്നാനി മേഘലയിലെ ഭൂരിഭാഗം ഭൂമിയും ഒരുകാലത്ത് കൊളാടി തറവാടിന്റെതായിരുന്നു.
വെളിയങ്കോട്ടും ചാവാക്കാട്ടുമായി സ്കൂൾ വിദ്യാഭ്യാസം പുർത്തിയാക്കിയ ഗോവിന്ദൻകുട്ടി മേനോന്‍ ഇന്റർമീഡിയറ്റ് പാലക്കാട് വിക്ടോറിയ കോളേജിൽ പഠിച്ചു. 1950-ൽ തൃശൂർ കേരളവർമ്മ കോളേജിൽ നിന്നും സാമ്പത്തികശാസ്ത്രം രാഷ്ടതന്ത്രശാസ്ത്രം എന്നിവയിൽ ബിരുദം പൂർത്തിയാക്കി. മദ്രാസ് ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടിയശേഷം അഭിഭാഷകനും എഴുത്തുകാരനുമായിരുന്ന മേനോന്‍ സി.പി.ഐ.യുടെ പ്രതിനിധിയായാണ് കേരളനിയമസഭയിലെത്തിയത്.
ആദ്യ നിയമസഭയിലെ അഭിമാനമായ കൊളാടി ഗോവിന്ദന്‍കുട്ടി പിന്നിട് നിയമസഭയിലേക്ക് മത്സരിച്ചില്ല. 1984-ൽ പൊന്നാനി ലോകസഭാമണ്ഡലത്തിൽ നിന്ന് മുസ്‌ലിംലീഗിലെ ജി.കെ. ബനാത്ത്‌വാലയുമായി മത്സരിച്ചു പരാജയപ്പെട്ടു. വെളിയങ്കോട് പഞ്ചായത്തിന്റെ അദ്ധ്യക്ഷനായി 18 വർഷക്കാലം മേനോന്‍ പ്രവർത്തിച്ചു.
കേരളാ സാഹിത്യ അക്കാദമി അംഗം, കേരള കലാമണ്ഡലം എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം, സി.പി.ഐ. സംസ്ഥാന കൗൺസിലംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ പങ്കെടുത്ത ഗോവിന്ദൻകുട്ടി മേനോൻ നിരവധി പ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. ഗുരുവായൂർ ദേവസ്വത്തിന്റെ മാഗസിനായ ഭക്തപ്രിയയുടെ എഡിറ്റോറിയൽ അംഗമായും പ്രവർത്തിച്ചു. കരുമാട്ടില്‍ പാലക്കോട്ടു കൃഷ്ണമേനോന്റെ മകള്‍ ഡോക്ടര്‍ പദ്മയാണ് ഗോവിന്ദന്‍കുട്ടി മേനോന്റെ സഹധര്‍മ്മിണി. അജിത്തും അമ്രിതയും അരുണയും മക്കളാണ്. 2003 ഓഗസ്റ്റ് 13 നു ഗോവിന്ദന്‍കുട്ടി മേനോന്‍ അന്തരിച്ചു.