Friday, November 22, 2024
spot_imgspot_img
HomeIndiaകൊൽക്കത്ത ബലാത്സംഗക്കൊല: ബംഗാൾ സർക്കാരിനെ രൂക്ഷമായി വിമർശിച്ച്‌ സുപ്രീംകോടതി

കൊൽക്കത്ത ബലാത്സംഗക്കൊല: ബംഗാൾ സർക്കാരിനെ രൂക്ഷമായി വിമർശിച്ച്‌ സുപ്രീംകോടതി

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ യുവവനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ ബംഗാൾ സർക്കാരിനെതിരെയും പൊലീസിനെതിരെയും രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ഭയാനകമെന്ന് വിശേഷിപ്പിച്ച സുപ്രീം കോടതി ഇത് രാജ്യത്തുടനീളമുള്ള ഡോക്ടർമാരുടെ സുരക്ഷയുടെ പ്രശ്‌നമാണെന്നുംചൂണ്ടിക്കാട്ടി.

സ്ത്രീകൾക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ലെങ്കിൽ, തൊഴിൽ ഇടങ്ങൾ സുരക്ഷിതമല്ലെങ്കിൽ അവർക്ക് തുല്യത നിഷേധിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. സംഭവത്തിൽ കേസ് എടുക്കുന്നതിൽ കാലതാമസം വരുത്തിയ ബംഗാൾ സാർക്കാരിനെയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ആശുപത്രി അധികൃതർ എന്താണ് ചെയ്തതെന്നും കോടതി ചോദിച്ചു.

പുലർച്ചെയാണ് ക്രൂരകൃത്യം നടന്നത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അത് ആത്മഹത്യയായി മാറ്റാൻ ശ്രമിച്ചുവെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കൊൽക്കത്ത പൊലീസിനെതിരെയും കോടതി രൂക്ഷവിമർശനം ഉയർത്തി. എങ്ങനെയാണ് ജനക്കൂട്ടം ആശുപത്രിയിലെത്തിയതെന്നും കോടതി ചോദിച്ചു. പ്രിൻസിപ്പലിന്റെ പെരുമാറ്റം പരിശോധിക്കെ എങ്ങനെയാണ് ഉടൻ മറ്റൊരു മെഡിക്കൽ കോളജിൽ അദ്ദേഹത്തെ നിയമിച്ചതെന്നും ബംഗാൾ സർക്കാരിന്റെ അധികാരം പ്രതിഷേധക്കാരുടെ മേൽ അഴിച്ചുവിടരുതെന്നും കോടതി പറഞ്ഞു. മിക്ക യുവഡോക്ടർമാരും 36 മണിക്കൂർ ജോലി ചെയ്യുന്നുണ്ടെന്നും ജോലിസ്ഥലത്ത് സുരക്ഷിതമായ സാഹചര്യം ഉറപ്പാക്കാൻ ദേശീയ പ്രോട്ടോക്കോൾ വികസിപ്പിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. ജൂനിയർ, സീനിയർ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിർദേശങ്ങള്‍ തയാറാക്കാൻ 10 പേരടങ്ങുന്ന ദേശീയ ദൗത്യ സേനയെ രൂപീകരിച്ചു. മൂന്നാഴ്ചയ്ക്കകം ഇടക്കാല റിപ്പോർട്ടും രണ്ട് മാസത്തിനുള്ളില്‍ പൂർണറിപ്പോർട്ടും സമർപ്പിക്കണം. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് വ്യാഴാഴ്ച സമർപ്പിക്കാനാണ് സിബിഐക്ക് കോടതി നല്‍കിയിരിക്കുന്ന നിർദേശം. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.

സർജൻ വൈസ് അഡ്മിറല്‍ ആർ സരിൻ, ഡോ. ഡി നാഗേശ്വർ റെഡ്ഡി, ഡോ. എം ശ്രീനിവാസ്, ഡോ. പ്രതിമ മൂർത്തി, ഡോ. ഗോവർധൻ ദത്ത്, ഡോ. സുമിത്ര റാവത്ത്, പ്രൊഫ. അനിത സക്സേന (എയിംസ് ഡല്‍ഹി), പ്രൊഫ. പല്ലവി സാപ്രെ (ഡീൻ ഗ്രാൻഡ് മെഡിക്കല്‍ കോളേജ്, മുംബൈ), ഡോ. പദ്മ ശ്രീവാസ്തവ (എയിംസ്) എന്നിവരാണ് പാനലിലുള്ളത്.

ബംഗാളിൽ ക്രമസമാധാനനില പൂർണമായി പരാജയപ്പെട്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. കൊൽക്കത്ത പൊലീസിന്റെ അനുമതിയോടെയാണ് ആൾക്കൂട്ടം ആശുപത്രിയിൽ പ്രവേശിച്ചത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസ് അന്വേഷണം സിബിഐക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു. ഡോക്ടറുടെ മരണത്തിൽ പ്രതിഷേധിച്ച് തുടരുന്ന സമരം രോഗികൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. കുറ്റക്കാരെ കണ്ടെത്തണമെന്നും പ്രതികൾക്ക് പരാമവധി ശിക്ഷ ഉറപ്പാക്കണമെന്നുമാണ് സമരം ചെയ്യുന്ന ഡോക്ടർമാരുടെ ആവശ്യം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നുള്ള ഉറപ്പമാണ് അവർക്ക് വേണ്ടതെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

ഓഗസ്റ്റ് ഒൻപതിനാണ് മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ അർധനഗ്നമായ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് പതിമൂന്നിന് കൊൽക്കത്ത ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറി. കൊല്ലപ്പെട്ട യുവതിയുടെ രക്ഷിതാക്കളുടെയടക്കം ഹർജിയിലാണ് കേസ് സിബിഐക്ക് കൈമാറിയത്. ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായി വ്യാപകപ്രതിഷേധം ഉയർന്നിരുന്നു.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares