മുംബൈ: കോഴിക്കോട് എലത്തൂർ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഷാറൂഖ് സെയ്ഫി പിടിയിൽ. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് സെന്‍ട്രല്‍ ഇന്റലിജന്‍സും മഹാരാഷ്ട്രയിലെ എടിഎസും ചേര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അക്രമം നടന്ന് നാലാം ദിവസമാണ് ഷഹറൂഖിനെ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് പിടികൂടിയത്.
തലയ്ക്കും മുഖത്തും കാലിലും കൈയിലും പരുക്കേറ്റ ഷാറൂഖ്, ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുംബൈ എടിഎസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ചികിത്സയ്ക്ക് ശേഷമായിരിക്കും ഇയാളെ കേരളത്തിലെത്തിക്കുകയെന്നും സൂചനയുണ്ട്. എലത്തൂരിലെ ആക്രമണത്തിന് ശേഷം ട്രെയിനും മറ്റ് വാഹനങ്ങളും കയറിയാണ് ഇയാള്‍ മഹാരാഷ്ട്രയില്‍ എത്തിയതെന്നാണ് നിഗമനം. ഇയാളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
എലത്തൂർ ട്രെയിൻ തീവയ്പ്പിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു. പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ഉന്നത വൃത്തങ്ങളിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്ന വിവരം പ്രതി പിടിയിലായി എന്ന് തന്നെയാണ്.