അരങ്ങിന്റെ അധികാരിയായി പുരുഷനെ മാത്രം പ്രതിഷ്ഠിക്കുന്ന വ്യവസ്ഥാപിതമായി ചിട്ടപ്പെടുത്തിയെടുത്ത പൊതു ഘടന സാമൂഹ്യ ശ്രേണിയിൽ അടിച്ചമർത്തപ്പെടുന്ന സ്ത്രീ സമൂഹത്തോട് കാണിക്കുന്ന ചില അരുതുകളോടും ആജ്ഞകളോടും നിർഭയം കലഹിച്ച വിപ്ലവം. ആണധികാര സാമൂഹിക വ്യവസ്ഥയുടെ സമ്മർദ്ദങ്ങളിൽ നിന്നുമുരുത്തിരിയുന്ന ഭൂരിപക്ഷ ചിന്താ ഗതിയാൽ നയിക്കപ്പെടുന്ന സാംസ്‌കാരിക നിയന്ത്രണങ്ങളെ പ്രഥമമായിത്തന്നെ പൊളിച്ചെഴുതിയ പോരാട്ട വീര്യം.
നാടക നടി രാജമ്മക്ക് വിശേഷണങ്ങൾ അനവധിയുണ്ട്.എന്നാൽ നാടകത്തിനിടെ ആർ എസ് എസിന്റെ ഏറു കൊണ്ടു നെറ്റി പൊട്ടിയിട്ടും ചോരയൊലിപ്പിച്ചു നാടകം തുടർന്ന ചരിത്രം കൂടി പറയാനുണ്ട് അരങ്ങിൽ വിസ്മയം തീർത്ത നാടക പ്രതിഭക്ക് കണിയാപുരം രാമ ചന്ദ്രൻ രചിച്ച് കെ.പി.എ.സി അരങ്ങിലെത്തിച്ച ‘ഭഗവാൻ കാലുമാറുന്നു’. എന്ന നാടകത്തിനിടെയായിരുന്നു സംഘ പരിവാറിന്റെ ഫാസിസ്റ്റ് നിലപാടുകളോട് സമരസപ്പെടാനാവില്ലെന്ന് പ്രഖ്യാപിച്ച് പരിക്കേറ്റ ശരീരവുമായി അവർ നാടകം തുടർന്നത്.

നാടകം മത വികാരം വൃണപ്പെടുത്തുന്നുവെന്നാരോപിച്ചാണ് ഹിന്ദു സംഘടനാ പ്രവർത്തകരിൽ നിന്നും വലിയ രീതിയിൽ ഭീഷണിയുണ്ടായത്. പലയിടങ്ങളിലും നാടക അവതരണത്തിനു നേരെ ആക്രമണങ്ങൾ അരങ്ങേറി. അഭിനേതാക്കൾക്ക് പരിക്കേറ്റു. കൊല്ലത്ത് കൂനമ്പായിക്കുളത്ത് ഓപ്പൺ എയർ സ്‌റ്റേജിൽ നാടകം അവതരിപ്പിച്ചു കൊണ്ടിരിക്കെ രൂക്ഷമായ കല്ലേറുണ്ടായി.കല്ലേറിൽ ഗുരുതര പരിക്കേറ്റ നടൻ കെ.പി.എ.സി ജോൺസൺ അബോധാവസ്‌ഥയിലായി ഒരാഴ്‌ച ആശുപത്രിയിൽ കഴിഞ്ഞു.
മറ്റൊരിക്കൽ മൂവാറ്റുപുഴയിൽ നാടകം നടന്നുകൊണ്ടിരിക്കെയാണ് സ്റ്റേജിൽ രാജമ്മക്ക് നേരെ കല്ലെറിഞ്ഞത്.നടിയുടെ നെറ്റിയിലാണ് കല്ലുകളിലൊന്ന് പതിച്ചത്. ചോര കുത്തിയൊഴുകിയിട്ടും രാജമ്മ രംഗം വിടാൻ തയ്യാറായില്ലെന്ന് മാത്രമല്ല അഭിനയിച്ച് പൂർത്തിയാക്കുക തന്നെ ചെയ്തു.എന്നാൽ കല്ലേറിൽ സാരമായ പരിക്കുകൾ രാജമ്മക്ക് സംഭവിച്ചിരുന്നു.നെറ്റിയില്‍ ആറ് തുന്നിക്കെട്ട് ഉണ്ടായിരുന്നു.എന്നാൽ ഈ സംഭവം നാടകത്തിന് സുരക്ഷ ഒരുക്കാൻ സിപിഐ പ്രവർത്തകരെ പ്രേരിപ്പിക്കുകയായിരുന്നു. പാര്‍ട്ടി സഖാക്കള്‍ നാടക വേദികളുടെ സുരക്ഷ ഭടന്മാരായി മാറുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്.

നാടകം കളിക്കുന്ന ഓരോ വേദികളിലും അവര്‍ കാവല്‍ നിന്നു. ബഹളവും കല്ലുമായി വന്നവരെ പാർട്ടി പ്രവർത്തകർ നേരിട്ടു. ഇതോടെ ആക്രമണകാരികൾ നാടകത്തിന്നെതിരെയുള്ളപ്രചാരണങ്ങളിൽ നിന്നും ആക്രമണങ്ങളിൽനിന്നും പൂർണ്ണമായും പിന്മാറി.തുടർന്ന് കാലങ്ങളോളം ‘ഭഗവാൻ കാലുമാറുന്നു’ അരങ്ങിൽ സജീവവുമായിരുന്നു. വിമർശനങ്ങളെ ആശയപരമായി ഖണ്ഡിക്കുന്നതിനും പ്രതിരോധിക്കുന്നതിനും ബദലായി ഫാസിസ്റ്റു ശൈലിയിൽ എതിർപ്പിൻ സ്വരങ്ങളെ ഉന്മൂലനം ചെയ്യുന്ന സംഘ പരിവാർരീതി ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
അസഹിഷ്ണുതയുടെ പ്രതി രൂപമായ ആർ എസ് എസ് നവോത്ഥാന മൂല്യങ്ങളുടെ കടക്കൽ കത്തി വെച്ച് കൊണ്ട് നടത്തുന്ന ജനാധിപത്യ വിരുദ്ധ പ്രവണതകളെ ബഹു ജനങ്ങളെ അണി നിരത്തി ചെറുത്ത് തോൽപ്പിച്ച ചരിത്രമാണ് പ്രബുദ്ധ കേരളത്തിനുള്ളത്.മിത്തുകളെയും ഇതിഹാസകഥകളെയും ശാസ്ത്രമായി അവതരിപ്പിക്കുന്ന വിജ്ഞാനവിരുദ്ധതയുടെ വക്താക്കൾ ‘എമ്പുരാൻ’ വെളിപ്പെടുത്തുന്ന ചരിത്ര യാഥാർത്ഥ്യങ്ങളോട് പുറം തിരിഞ്ഞു നിൽക്കുന്ന സമീപനം വർത്തമാന കാലത്ത് സ്വീകരിക്കുമ്പോൾ ‘രാജമ്മ’യും ‘കെ പി എ സി’യും കേരളത്തിന്റെ മുന്നിൽ വീണ്ടും ചർച്ചക്ക് വരികയാണ്