തിരുവനന്തപുരം: കെ സുധാകരന്റെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് ഇന്ന് തെറിക്കുമെന്ന് റിപ്പോർട്ട്. പുതിയ അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. കെ സുധാകരനെ മാറ്റാൻ തന്നെയാവും ഹൈക്കമാൻഡ് തീരുമാനിക്കുക. അതേസമയം ഹൈക്കമാന്റും കേരളത്തിലെ പ്രബലരായ കോൺഗ്രസ് നേതാക്കളും മാറ്റാൻ ഉള്ള നീക്കവുമായി മുന്നോട്ട് പോവുമ്പോളും സുധാകരൻ കാണിക്കുന്ന എതിർപ്പ് നേതൃതത്തെ വെട്ടിലാക്കുന്നുണ്ട്.
അനാരോഗ്യം പറഞ്ഞ് മൂലയ്ക്ക് ഇരുത്താൻ ശ്രമം ഉണ്ടെന്ന് ഒരു അഭിമുഖത്തിൽ സുധാകരൻ തുറന്നടിച്ചിരുന്നു. സുധാകരൻ പറഞ്ഞത് വലിയ ചർച്ചയായി മാറുകയും ചെയ്തു.
അതേസമയം കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുധാകരനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ രണ്ട് ചേരി രൂപപ്പെട്ടതായി സൂചനയുണ്ട.
സുധാകരനെ സ്ഥാനത്ത് നിന്നും പുറത്താക്കണം എന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ സുധാകരനെ പിന്തുണച്ച് ഒരു വിഭാഗം രംഗത്തെത്തുന്നുണ്ട്. കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ ഡോ.ശശി തരൂർ എം.പി, കെ.പി.സി.സി മുൻ അധ്യക്ഷന്മാരായ വി.എം.സുധീരൻ, കെ.മുരളീധരൻ തുടങ്ങിയവരാണ് സുധാകരനു പിന്തുണയറിച്ച് രംഗത്തെത്തിയിരിക്കുന്നത്.
എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഗ്രൂപ്പ് നേതാക്കളായ കെ.സി.ജോസഫ്, എം.എം. ഹസൻ തുടങ്ങിയവരെല്ലാം കെ.സുധാകരനെ മാറ്റുന്നതിനെ അനുകൂലിക്കുന്നവരുടെ ചേരിയിലും ഉറച്ച് നിൽക്കുന്നു.
സുധാകരനെ മാറ്റിയാൽ പകരം ഉയർന്ന് കേൾക്കുന്ന പേരുകളോടും പാർട്ടിയിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. ഉടൻ മാറ്റുമെന്ന സൂചനയ്ക്കിടെ വഴങ്ങില്ലെന്ന് സുധാകരൻ സൂചന നൽകിയത് നേതൃത്വത്തിനും അപ്രതീക്ഷിത തിരിച്ചടിയായി. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന നേരിയ സൂചന പോലും ലഭിച്ചിട്ടില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. തന്നെ മാറ്റണമെങ്കില്‍ ഡൽഹിക്ക് വിളിപ്പിക്കേണ്ട കാര്യമില്ലെന്നും പാര്‍ട്ടി സ്ഥാനം ഒഴിയാന്‍ പറഞ്ഞാല്‍ ഒഴിയുമെന്നാണ് കെ സുധാകരന്‍ പറഞ്ഞിരുന്നത്.