വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസിനെ കയ്യൊഴിഞ്ഞ് കെപിസിസി. കേസിന്റെ ഉത്തരവാദിത്വം യൂത്ത്കോൺഗ്രസ് തന്നെ ചുമക്കെട്ടെ എന്നാണ് കെപിസിസി നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. കേസിൽ പാർടിക്ക് ഉത്തരവാദിത്വമില്ലെന്നും ഇക്കാര്യത്തിൽ മറുപടി നൽകേണ്ടത് യൂത്ത് കോൺഗ്രസ് നേതൃത്വമാണെന്നും കെപിസിസി തെരഞ്ഞെടുപ്പ് കമീഷന് നൽകിയ കത്തിൽ പറഞ്ഞു.
കേസ് മനഃപൂർവം വൈകിക്കാനും വഴിതിരിച്ചുവിടാനുമുള്ള ശ്രമമാണ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതൃത്വങ്ങൾ നടത്തുന്നത്. വിഷയത്തിൽ മറുപടി നൽകാൻ രണ്ടുതവണ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സമയം നൽകിയിരുന്നു. മറുപടി നൽകുന്നത് ആലോചിച്ചശേഷം മാത്രമെന്നും ചോദിക്കുമ്പോൾ എടുത്ത് നൽകാനാകില്ലെന്നുമായിരുന്നു തുടക്കം മുതൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാട്. രണ്ടാംവട്ടം നൽകിയ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നും പൂർണമായും യൂത്ത് കോൺഗ്രസ് നടത്തിയ തെരഞ്ഞെടുപ്പാണെന്നും കെപിസിസി മറുപടി നൽകിയത്.
യൂത്ത് കോൺഗ്രസ് സ്വതന്ത്ര സംഘടനയാണ്. അവരുടെ ആഭ്യന്തര ഇലക്ഷനിൽ കോൺഗ്രസിന് ഉത്തരവാദിത്വമില്ല. ഇക്കാര്യത്തിൽ മുൻ അധ്യക്ഷൻ ഷാഫി പറമ്പിൽ മറുപടി നൽകിയിട്ടുണ്ടെന്നും കെപിസിസി വ്യക്തമാക്കി.
അതേസമയം, കേസിലെ അഞ്ചാം പ്രതിയായ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് എം ജെ രഞ്ജുവിനായി തിരച്ചിൽ ശക്തമാക്കി. ഇയാളാണ് കേസിലെ മുഖ്യ കണ്ണി. ഇത് മനസ്സിലാക്കി യൂത്ത് കോൺഗ്രസ് നേതൃത്വം രഞ്ജുവിനെ ഒളിപ്പിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡിനെക്കുറിച്ച് കാസർകോട്, തിരുവനന്തപുരം, എറണാകുളം, കോട്ടയം ജില്ലകളിലെല്ലാം പരാതികളുണ്ട്. വ്യാജ കാർഡിന്റെ മദർകാർഡ് ഉടമ കാസർകോട് സ്വദേശിയും പൊലീസിൽ പരാതിയുമായെത്തി. തന്റെ തിരിച്ചറിയൽ കാർഡിലെ വിവരങ്ങൾ ഉപയോഗപ്പെടുത്തി വ്യാജ കാർഡ് നിർമിച്ചെന്നാണ് ഇദ്ദേഹത്തിന്റെ പരാതി. ചിറ്റാരിക്കൽ സ്റ്റേഷനിലും ജില്ലാ പൊലീസ് മേധാവിക്കും ഇദ്ദേഹം പരാതി നൽകി.