കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്കിൻറെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയിൽ വിമതർക്കെതിരെ ഭീഷണി പ്രസംഗവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടാൽ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നാണ് ഭീഷണി. അതുകൊണ്ട് തടി വേണോ ജീവൻ വേണോ എന്ന് ഓർക്കണമെന്നും കെ സുധാകരൻ പറഞ്ഞു. എന്തെങ്കിലും സംഭവിച്ചാൽ ഈ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നും ബാങ്ക് പതിച്ച് കൊടുക്കാൻ കരാർ ഏറ്റെടുത്തവർ ഇത് ഓർക്കണമെന്നും കെ സുധാകരൻ പറഞ്ഞു.
കാശുവാങ്ങി ഇടുപക്ഷത്തിന് ജോലി കൊടുക്കാനുള്ള ശ്രമം അനുവദിക്കില്ല. തടി വേണോ ജീവൻ വോണോ എന്ന് ഓർത്തോളുവെന്നും കെ സുധാകരൻ പറഞ്ഞു. ഭീഷണി പ്രസംഗത്തിൻറെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. പതിറ്റാണ്ടുകയാളായി കോൺഗ്രസ് നിയന്ത്രണത്തിലാണ് ചേവായൂർ സർവീസ് സഹകരണ ബാങ്ക്. എന്നാൽ, കുറച്ചുകാലമായി ബാങ്ക് ഭരണസമിതിയും കോൺഗ്രസ് ജില്ലാ നേതൃത്വവും രണ്ട് തട്ടിലാണ്. ഭരണസമിതിയിലെ ഏഴു പേരെ നേരത്തെ പാർട്ടി പുറത്താക്കിയിരുന്നു.