തിരുവനന്തപുരം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തിനെതിരെ വിദ്യാർഥി പോരാട്ടത്തിനൊടുവിൽ ഡയറക്ടർ ശങ്കർ മോഹൻ രാജി വെച്ചു. മുഖ്യമന്ത്രിക്കാണ് രാജി സമർപ്പിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ സർക്കാരിന് കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് ഡയറക്ടറുടെ രാജി.
ശങ്കർ മോഹനെതിരെ ഇൻസ്റ്റിറ്റിയൂട്ടിലെ വിദ്യാർഥികൾ നടത്തുന്ന സമരം 48 ദിവസത്തിലേക്കു കടന്നിരിക്കെയാണ് രാജി. ശങ്കർ മോഹനെതിരെ എഐവൈഎഫ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. എഐവൈഎഫിന്റെയും എഐഎസ്എഫിന്റെയും നേതൃത്വത്തിൽ ശങ്കർ മോഹനെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാനിരിക്കുന്ന വേളയിലാണ് രാജി. രാജിക്കത്ത് ചെയർമാനും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിലും നൽകിയതായി ശങ്കർ മോഹൻ പറഞ്ഞു.