തിരുവനന്തപുരം: ഇടുക്കി തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുൾപൊട്ടൽ പ്രവചിക്കാൻ കഴിയാത്തതായിരുവെന്ന് റവന്യുമന്ത്രി കെ രാജൻ. കുടയത്തൂർ ദുരന്ത സാധ്യതാ മേഖല ആയിരുന്നില്ല. സഭയിലെ ചോദ്യോത്തര വേളയിലായിരുന്നു മന്ത്രിയുടെ മറുപടി.
ഏതാണ്ട് 70 വർഷം മുൻപാണ് അവിടെയൊരു ഉരുൾപൊട്ടലുണ്ടായത്. ദുരന്തത്തിന്റെ മറ്റൊരു സാധ്യതയും ഇത്തവണയുണ്ടായിരുന്നില്ല. ഓറഞ്ച് ബുക്ക് എല്ലാത്തവണത്തെയും പോലെ തയ്യാറാക്കി ദുരന്തമുണ്ടാകുന്ന സ്ഥലങ്ങളിൽ മുൻകൂട്ടി അറിയിപ്പ് നൽകി ജാഗ്രതയോടെയാണ് ഇത്തവണയും പ്രവർത്തിച്ച് വന്നത്. ഈ അപകടം നേരത്തെ പ്രവചിക്കാൻ സാധിച്ചില്ല. മന്ത്രി കൂട്ടിച്ചേർത്തു.
കുടയത്തൂർ സംഗമം കവല മാളിയേക്കൽ കോളനിയിലാണ് ഇന്നലെ പുലർച്ചെയോടെ ഉരുൾപൊട്ടലുണ്ടായത്. മാളിയേക്കൽ കോളനിയിലെ സോമൻ എന്നയാളുടെ കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. സോമൻ, മാതാവ് തങ്കമ്മ, മകൾ ഷിമ, ഭാര്യ ഷിജി, ചെറുമകൻ ദേവാനന്ദ് എന്നിവരാണ് മരിച്ചത്. സോമന്റെ വീട് പൂർണമായും ഒലിച്ചുപോയിരുന്നു.