വയനാടിന്റെ അതിജീവനത്തിനായി എഐവൈഎഫ് ഒരുക്കുന്ന 10 സ്നേഹവീടുകളുടെ നിർമ്മാണത്തിന് കൈകോർത്ത് കുമാരിയമ്മ. വയനാടിനെ തകർത്തെറിഞ്ഞ ഉരുൾപൊട്ടലിൽ നിന്ന് അതിജീവിച്ചവർക്കായി എഐവൈഎഫ് നിർമ്മിച്ചു നൽകുന്ന 10 സ്നേഹ വീടിന്റെ നിർമ്മാണത്തിലേക്ക് കോട്ടയം ജില്ലയിൽ കടുത്തുരുത്തി കടപ്ലാമറ്റം സ്വദേശി കുമാരി കെ എസ് തന്റെ അഞ്ച് സെന്റ് സ്ഥലം സംഭാവന ചെയ്തു. വയനാടിനെ ചേർത്തു പിടിക്കാൻ നിരവധി സുമാനസുകളാണ് മുന്നോട്ട് വരുന്നത്. അവരിലൊരാളായ കുമാരിച്ചേച്ചിയെ പോലുള്ളവർ കോട്ടയത്തു നിന്നും ഉണ്ടെന്ന് പറയുന്നത് അഭിമാനം പകരുന്നതാണെന്ന് കുമാരിയുടെ കടപ്ലാമറ്റത്തെ വീട്ടിൽ സന്ദർശനം നടത്തിയ എഐവൈഎഫ് ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് വ്യക്തമാക്കി. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ കെ രഞ്ജിത്ത് കടുത്തുരുത്തി എഐവൈഎഫ് മണ്ഡലം സെക്രട്ടറി സച്ചിൻ സദാശിവൻ തുടങ്ങിയവർ സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നു.
വയനാട്ടിലെ ഉരൾപ്പൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 വീട് വച്ചു നൽകുമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മറ്റി വ്യക്തമാക്കിയതിനു പിന്നാലെ നിരവധി പേരാണ് അതിൽ പങ്കാളികളാകാൻ രംഗത്തെത്തുന്നത്. എഐവൈഎഫ് കിളിമാനൂർ മണ്ഡലം പ്രസിഡന്റ് ടി താഹ അഞ്ച് സെന്റ് ഭൂമിയും ടി ജെ വിലാസിനിയമ്മ വായനാട്ടിൽ തന്റെ പേരിലുള്ള 30 സെന്റും നേരത്തെ എഐവൈഎഫിന്റെ ഭവന നിർമ്മാണ പദ്ധതിയിലേക്ക് സംഭാവന ചെയ്തിരുന്നു.