Tuesday, December 3, 2024
spot_imgspot_img
HomeKeralaകുട്ടി-കുറുമ്പ സമരനായിക സഖാവ് കുട്ടി അന്തരിച്ചു

കുട്ടി-കുറുമ്പ സമരനായിക സഖാവ് കുട്ടി അന്തരിച്ചു

പാലമേലിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അസാധാരണവും, സംഭവബഹുലവുമായ ഒരേടായി മാറിയ കുട്ടി-കുറുമ്പ സമരത്തിലെ നായിക സഖാവ് കുട്ടി 92 ആമത്തെ വയസ്സിൽ ഇന്നലെ കാലയവനിക പൂകി.

1980കളുടെ ആദ്യപാദത്തിലാണ് കുട്ടി-കുറുമ്പ സമരം എന്നറിയപ്പെടുന്ന സംഭവവികാസങ്ങൾക്കും, സമരങ്ങൾക്കും പാലമേൽ/നൂറനാട് പ്രദേശം വേദിയാകുന്നത്.

പാലമേൽ, മറ്റപ്പള്ളി നിവാസികളും സഹോദരിമാരുമായിരുന്ന കുറുമ്പയും, കുട്ടിയും തമ്മിലുണ്ടായ കുടുംബ തർക്കം പിന്നീട് വലിയ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് കാരണമായി തീരുകയായിരുന്നു.

ജേഷ്ഠത്തി കുറുമ്പ സിപിഎം പ്രവർത്തകയും, അനുജത്തി കുട്ടിയും ഭർത്താവ് കൊച്ചുചെറുക്കനും സിപിഐ പ്രവർത്തകരുമായിരുന്നു.

ഇരുവർക്കും ഇടയിലുണ്ടായിരുന്ന വഴി തർക്കത്തിൽ സിപിഎം പ്രവർത്തകയായ കുറുമ്പയ്ക്ക് അനുകൂലമായി ഒരുദിവസം വൈകുന്നേരം അപ്രതീക്ഷിതമായി ഉളവുക്കാട് പഞ്ചായത്ത് മെമ്പർ പാലവിളയിൽ രാഘവൻപിള്ള, വൈദ്യർ നാണു തുടങ്ങിയവരുടെ നേതൃത്വത്തിൽ മുപ്പതോളം സിപിഎം പ്രവർത്തകർ കുട്ടിയുടെ വസ്തുവിലൂടെ ബലമായി വഴിവെട്ടി.

തുടർന്നുണ്ടായ സംഘർഷത്തിൽ സ:കുട്ടിക്കും, സ:കൊച്ചുചെറുക്കനും മർദ്ദനമേൽക്കുകയും മണ്ണ്കൊണ്ട് ഉണ്ടാക്കിയ അവരുടെ വീട് തകർന്നുവീഴുകയും, ഉണ്ടായിരുന്ന ഒരു പശുവിന് സാരമായ പരിക്ക് പറ്റുകയും ചെയ്തു.

കുട്ടിയും, കൊച്ചുചെറുക്കനും കർഷകത്തൊഴിലാളികളും, കശുവണ്ടിതൊഴിലാളികളും സജീവ സിപിഐ പ്രവർത്തകരുമായിരുന്നു.

തങ്ങളുടെ പ്രവർത്തകർ കൂടിയായ ഈ കർഷകതൊഴിലാളി കുടുംബത്തിന് നേരെനടന്നത് അന്യായമായ അക്രമമാണെന്നും, പ്രസ്തുത വിഷയം ജനശ്രദ്ധയിൽ കൊണ്ടുവരണമെന്നും സമരം രാഷ്ട്രീയമായി ഏറ്റെടുക്കണമെന്നും സിപിഐ തീരുമാനിച്ചു.

മറ്റപ്പള്ളി പഞ്ചായത്ത് അംഗവും സിപിഎം നേതാവും ആയിരുന്ന കെ. ഗോവിന്ദപിള്ള ആയിരുന്നു അന്ന് പാലമേൽ പഞ്ചായത്ത് പ്രസിഡൻറ്.

പഞ്ചായത്ത് പ്രസിഡന്റിന്റെ അനുമതിയോടെ, ഒരു പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലാണ് കുട്ടിയുടെ വീടും, ജീവിതോപാധികളും തകർത്തതെന്നും ആയതിനാൽ തങ്ങളുടെ സംരക്ഷണം പഞ്ചായത്ത് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്
കുട്ടിയും, ഭർത്താവ് കൊച്ചുചെറുക്കനും, 10 വയസ്സുള്ള മകൻ കൃഷ്ണൻകുട്ടിയും പാലമേൽ പഞ്ചായത്ത് ഓഫീസിന് മുൻപിൽ സത്യാഗ്രഹ സമരം ആരംഭിച്ചു.

പഞ്ചായത്ത് ഓഫീസിന് മുൻപിൽ ഉണ്ടായിരുന്ന മരത്തിൽ ഒരു ഉറിയും തൂക്കിയിട്ട്, അവിടെയുണ്ടായിരുന്ന തൈ തെങ്ങിൻറെ ചുവട്ടിൽ പായയും വിരിച്ച് കുട്ടിയും, കുടുംബവും, പഞ്ചായത്ത് ഓഫീസ് വളപ്പിനുള്ളിലും, സമരപ്പന്തൽ കെട്ടി സിപിഐ പഞ്ചായത്ത്ഓഫീസ് വളപ്പിന് പുറത്തും സമരം ആരംഭിച്ചു.

എം.സുകുമാരപിള്ള, സി.എസ്.ഉണ്ണിത്താൻ,അപ്പുപിള്ള, വിളയിൽ നാരായണപിള്ള, കെ ശാമുവേൽ, ടി.കെകറുത്തകുഞ്ഞ്, വി.കറുത്തകുഞ്ഞ്, കെ.ചന്ദ്രൻഉണ്ണിത്താൻ, പി.കെ.സോമൻ, വി.പ്രഭാകരൻപിള്ള, കെ.ശിവരാമൻ, അമീർസാഹിബ്, എം.കെ.രാജേന്ദ്രൻ തുടങ്ങിയവരായിരുന്നു സമരത്തിന്റെ നേതൃത്വമായി പ്രവർത്തിച്ചിരുന്നത്.

നീണ്ട 56 ദിവസക്കാലം സത്യാഗ്രഹ സമരം തുടർന്നു.

ഇരു കമ്യൂണിസ്റ്റ്പാർട്ടികളും, ഇരുവശങ്ങളിലായി നിലയുറപ്പിച്ചതോടെ സംഘർഷത്മകമായ നിരവധി സംഭവവികാസങ്ങൾക്ക് പാലമേൽ വേദിയായി.

തങ്ങളുടെ പക്ഷം വിശദീകരിച്ചുകൊണ്ട് സിപിഎം നേതൃത്വത്തിൽ വാർഡുകൾ തോറും പൊതുയോഗങ്ങൾ സംഘടിപ്പിച്ചു.

തൊട്ടു പിന്നാലെ സിപിഐയും അതാത് കേന്ദ്രങ്ങളിൽ തങ്ങളുടെ പക്ഷം വിശദീകരിച്ചുകൊണ്ട് പൊതുയോഗങ്ങൾ സംഘടിപ്പിച്ചു.

സ: പി ആർ കൃഷ്ണൻ നായർ സിപിഎമ്മിന്റെയും, സ: കെ ചന്ദ്രൻഉണ്ണിത്താൻ സിപിഐയുടെയും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായിരുന്നു.

സിപിഐ അന്ന് പാലമേൽ പഞ്ചായത്തിൽ 32 പൊതുയോഗങ്ങളും, പഞ്ചായത്തിലാകെ കാൽനട പ്രചരണ ജാഥയും സംഘടിപ്പിച്ചു.

കുട്ടിയും,കുടുംബവും പഞ്ചായത്ത് ഓഫീസ് പടിക്കൽ നിന്ന് മാറാൻ തയ്യാറാകാതെ വന്നതോടെ പോലീസിന് അവരെ അറസ്റ്റ് ചെയ്യേണ്ടിവന്നു.

അച്ഛനും അമ്മയും അറസ്റ്റ് ചെയ്യപ്പെട്ടാൽ മകൻറെ സംരക്ഷണം പോലീസ് ഏറ്റെടുക്കുമോ എന്ന ചോദ്യം ഉയർന്നതോടെ അച്ഛനോടും അമ്മയോടും ഒപ്പം 10 വയസ്സുകാരൻ മകൻ കൃഷ്ണൻകുട്ടിയും അറസ്റ്റ് ചെയ്യപ്പെടുകയും തുടർന്ന് മാവേലിക്കര സബ്ജയിലിവുകയും ചെയ്തു.

അതോടെ സമരത്തിന് വമ്പിച്ച രാഷ്ട്രീയ മാനങ്ങൾ കൈവന്നു.

പാവപ്പെട്ട ഒരു കർഷക തൊഴിലാളി കുടുംബത്തിൻറെ വീട് തകർക്കുകയും, അവരെയും, മകനെയും അന്യായമായി ജയിലിൽ അടയ്ക്കുകയും ചെയ്തിരിക്കുന്നു എന്ന പൊതുവികാരം വളർന്നുവരികയും വമ്പിച്ച ബഹുജന ശ്രദ്ധയും ബഹുജന പിന്തുണയും സമരത്തിന് ലഭ്യമാവുകയും ചെയ്തു.

അന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സ:എൻ.ഇ.ബലറാമിന്റെ സന്ദേശം സമരത്തിന് വർദ്ധിച്ച ആവേശം പകർന്നു.

ന്യായമായ പരിഹാരം ഉണ്ടാകാത്തപക്ഷം സമരം തുടരുക. ഞാൻ നിങ്ങൾക്കൊപ്പമുണ്ട് എന്നായിരുന്നു സന്ദേശം.

അന്ന് പന്തളം മണ്ഡലത്തിന്റെ ഭാഗമായിരുന്ന തുമ്പമൺ, തെക്കേക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുൾപ്പടെ നിരവധി ആളുകൾ ദിവസവും സമരപ്പന്തലിൽ എത്തിക്കൊണ്ടിരുന്നു.

കുട്ടിയും,കുടുംബവും ജയിലിൽ അടയ്ക്കപ്പെട്ടതോടെ സിപിഐ നേതാക്കൾ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു.

വിളയിൽ നാരായണപിള്ള, കെ ശാമുവേൽ, കാവിനാൽ പരമേശ്വരൻ പിള്ള, കെ ചന്ദ്രനുണ്ണിത്താൻ തുടങ്ങിയവരാണ് നിരാഹാരം കിടന്നത്.

ഇന്നത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപീകരിക്കപ്പെട്ടതിനുശേഷം ഉള്ള ആദ്യ എൽഡിഎഫ് ഗവൺമെൻറ് അധികാരത്തിൽ കയറി ഏതാനും മാസങ്ങൾ പൂർത്തിയാകുന്നതേ ഉണ്ടായിരുന്നുള്ളൂ.

സമരം സംസ്ഥാനതല ശ്രദ്ധ നേടിയതോടെ സമരം അവസാനിപ്പിക്കുന്നതിന് ഇരു പാർട്ടികളുടെയും ഉന്നതരാഷ്ട്രീയ നേതൃത്വം ഇടപെട്ടു.

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന എസ്.രാമചന്ദ്രൻ പിള്ള, പി.കെ ചന്ദ്രാനന്ദൻ, സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന റ്റി.വി നടേശൻ എന്നിവരുടെ മുൻകൈയിൽ ഒത്തുതീർപ്പ് തീരുമാനങ്ങളിലെത്തി.

കുട്ടിക്കും കുടുംബത്തിനും ഉണ്ടായ നഷ്ടം പരിഹരിക്കണമെന്നും കയ്യേറി വെട്ടിയ വഴി അടക്കണം എന്നുമുള്ള ആവശ്യം അംഗീകരിക്കപ്പെട്ടു.

വീട് വെക്കുവാൻ 5000 രൂപ, ഒരു തെങ്ങ്, ഒരു പശുക്കുട്ടി, അഞ്ചു പറ നെല്ല് തുടങ്ങിയവ നഷ്ടപരിഹാരമായി സ്വീകരിച്ചുകൊണ്ട് സത്യാഗ്രഹ സമരം വിജയകരമായി പര്യവസാനിച്ചു.

പണിതീർന്ന പുതിയവീട്ടിലേക്ക് കുട്ടിയെയും, കുടുംബത്തെയും നൂറനാട് ജംഗ്ഷനിൽനിന്ന് പ്രകടനമായി കൊണ്ടുവന്നു താമസിപ്പിക്കുകയായിരുന്നു.

ഒരു രാഷ്ട്രീയകക്ഷി, മറ്റൊരു രാഷ്ട്രീയകക്ഷിയിൽ നിന്ന് നഷ്ടപരിഹാരം വാങ്ങിക്കൊണ്ട് ഒരു സമരം അവസാനിപ്പിച്ച അപൂർവവും, അസാധാരണവുമായ ചരിത്രം ഇന്ത്യയുടെ തന്നെ രാഷ്ട്രീയ ഭൂപടത്തിൽ അധികം ഉണ്ടാകാൻ ഇടയില്ല.

സ: കുട്ടി അന്തരിച്ചെങ്കിലും ഏതു പ്രതിസന്ധികളെയും നേരിട്ട്, സമരഭൂമിയിൽ അടിയുറച്ചുനിൽക്കാനുള്ള അടിസ്ഥാന വർഗ്ഗത്തിന്റെ സമരശേഷിയുടെ പ്രതീകമായി ആ പേര് പാലമേലിന്റെ രാഷ്ട്രീയ ചരിത്രത്തിൽ എന്നെന്നേക്കുമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

ആ അമ്മയ്ക്ക് അന്ത്യാഭിവാദനം.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares