തിരുവനന്തപുരം: ലക്ഷദ്വീപിലെ ക്യാമ്പസ് രാഷ്ട്രീയ നിരോധന ശ്രമം പ്രതിഷേധാർഹമാണെന്ന് എഐഎസ്എഫ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച സർക്കുലർ പിൻവലിക്കണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു.
ലക്ഷദ്വീപിൽ വിദ്യാർത്ഥി സമരങ്ങളും പ്രകടനങ്ങളും ധർണകളും കഴിഞ്ഞ ദിവസം അഡ്മിനിസ്ട്രേഷൻ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഹൈക്കോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടിയാണ് നിരോധനമെന്നാണ് അഡ്മിനിസ്ട്രേഷന്റെ വാദം. ഉത്തരവ് ലംഘിക്കുന്ന വിദ്യാർത്ഥികളെ കോളജുകളിൽനിന്ന് പുറത്താക്കും എന്നും മുന്നറിയിപ്പുണ്ട്. വിദ്യാർത്ഥികളുടെ ജനാധിപത്യ അവകാശങ്ങൾക്ക് എതിരായ വെല്ലുവിളിയാണിത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിദ്യാർത്ഥി പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ നടപടി. കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അടക്കം പ്രശ്നങ്ങളിൽ വിദ്യാർത്ഥികൾ സമരവുമായി രംഗത്തിറങ്ങിയിരുന്നു.
പോളിടെക്നിക് കോളജിൽ സമരത്തിനിടെ വിദ്യാർത്ഥികളെ പൊലീസ് മർദിച്ചത് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വിവിധ വിഷയങ്ങളിൽ വരുംദിവസങ്ങളിൽ വിദ്യാർത്ഥി പ്രതിഷേധം നടക്കാനിരിക്കെയാണ് നിരോധന ഉത്തരവ്.