കൊച്ചി: ലക്ഷദ്വീപിൽ നിന്ന് എത്തുന്ന രോഗികൾക്കായി എറണാകുളത്തും ബേപ്പൂരിലുമായി ഒരുക്കിയിരുന്ന ലക്ഷദ്വീപ് ആരോഗ്യവകുപ്പിന്റെ മെഡിക്കൽ ആംബുലൻസ് സൗകര്യങ്ങൾ പിൻവലിച്ചതോടെ ചികിത്സയ്ക്ക് എത്തുന്നവർ ദുരിതത്തിലായി. മെഡിക്കൽ ആംബുലൻസുകൾ പ്രവർത്തനം നിർത്തിയതോടെ കപ്പലിൽ നിന്നും ആശുപത്രിയിലേക്ക് എത്തുന്ന ദ്വീപിലെ രേഗികൾക്ക് നേരിടേണ്ടി വരുന്നത് കൊടും ദുരിതങ്ങളാണ്.
കൊച്ചിയിലെ വില്ലിങ്ടൺ ഐലൻഡിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിൽ മൂന്നോളം ആംബുലൻസുകൾ ആയിരുന്നു നിലവിലുണ്ടായിരുന്നത്. വൻകരയിൽ ചികിത്സയ്ക്കായി എത്തുന്ന ലക്ഷദ്വീപിൽ നിന്നുള്ള രോഗികളെ കപ്പലിൽ നിന്നും വിമാനത്താവളത്തിൽ നിന്നും സൗജന്യമായി ആശുപത്രികളിലേക്ക് എത്തിക്കുന്നതിനും തിരികെ കൊണ്ടുപോകുന്നതിനുമായി ഉപയോഗിച്ചിരുന്ന മെഡിക്കൽ ആംബുലൻസുകളാണ് ഇപ്പോൾ ലക്ഷദ്വീപ് ആരോഗ്യ വകുപ്പ് മടക്കി കൊണ്ടുപോയിരിക്കുന്നത്. ഇതോടെ വൻകരയിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികളെ കപ്പലിൽ നിന്നും ആശുപത്രിയിൽ എത്തിക്കാൻ വലിയ തുക കൊടുത്തു സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട ഗതികേടിലായിരിക്കുകയാണ്.
ലക്ഷദ്വീപ് ആരോഗ്യവകുപ്പിന്റെ സേവനങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നയപരമായ തീരുമാനങ്ങളുടെ ഭാഗമായി അവിടെ ജോലിചെയ്തിരുന്ന മുഴുവൻ ഉദ്യോഗസ്ഥന്മാരെയും താൽക്കാലിക ജീവനക്കാരെയും ലക്ഷദ്വീപിലേക്ക് മാറ്റിയെന്നാണ് പുറത്തുവരുന്ന വിവരം. ലക്ഷദ്വീപ് നിവാസികൾക്ക് കേരളവുമായുള്ള ബന്ധം തകർത്ത് പൂർണമായും ദ്വീപ് നിവാസികളെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനങ്ങളുടെ ഭാഗമാണ് പുതിയ നടപടി. കേരളത്തോടുള്ള അടുപ്പം അവസാനിപ്പിക്കാൻ സ്കൂളുകളിൽ നിന്നും മലയാള ഭാഷ എടുത്തുകളയുകയും ദ്വീപിൽ നിന്നുള്ള കപ്പലുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി പ്രഫൂൽ ഖോഡ പട്ടേൽ അധികാരത്തിലേറിയതിനു പിന്നാലെ കടുത്ത അടിച്ചമർത്തലുകളാണ് ദ്വീപ് വാസികൾ നേരിടുന്നത്. ഭൂവിസ്ത്രിയും വാഹനങ്ങളുടെ എണ്ണം കുറവുമായ ദ്വീപിൽ റോഡ് നവീകരണത്തിന്റെ പേരിൽ നിരവധി പേർക്ക് കിടപ്പാടവും ഭൂമിയും നഷ്ടപ്പെട്ടു. അതിനെല്ലാം പിന്നാലെയാണ് ഭരണകൂടം അറിഞ്ഞുകൊണ്ടുള്ള ആംബുലൻസുകളുടെ പിൻവലിക്കൽ.