ജൂൺ ഒന്നിന് ഏഴാം ഘട്ടത്തോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിക്കും. നാലിന് വോട്ടെണ്ണും. അവസാന ഘട്ടത്തിൽ ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിലുമായി 57 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. പഞ്ചാബ്, ഹിമാചൽ സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് അവസാനിക്കും. പഞ്ചാബിലെയും യുപിയിലെയും 13 വീതം മണ്ഡലങ്ങളിലേക്കും ബംഗാളിലെ ഒമ്പതും ബിഹാറിലെ എട്ടും ഒഡിഷയിലെ ആറും ഹിമാചലിലെ നാലും ജാർഖണ്ഡിലെ മൂന്നും ചണ്ഡീഗഢിലെ ഒരു മണ്ഡലത്തിലേക്കുമാണ് വോട്ടെടുപ്പ്.
പഞ്ചാബിൽ എഎപിയും കോൺഗ്രസുമായാണ് പ്രധാന മത്സരം. അകാലിദളും ബിജെപിയും മത്സരരംഗത്തുണ്ട്. ഹിമാചലിലെ നാലിടങ്ങളിൽ ബിജെപിയും കോൺഗ്രസും മുഖാമുഖം ഏറ്റുമുട്ടുന്നു. ചണ്ഡീഗഢിൽ ഇന്ത്യ കൂട്ടായ്‌മയ്ക്കായി കോൺഗ്രസാണ് മത്സരിക്കുന്നത്.ബിജെപിയാണ് പ്രധാന എതിരാളി.ബംഗാളിലെ എട്ട് മണ്ഡലങ്ങളിൽ തൃണമൂൽ–- ബിജെപി–- സിപിഐ എം ത്രികോണ മത്സരമാണ്.