കാസര്‍കോട്: ലോകവും രാജ്യവും കേരളത്തെ അതിശയത്തോടെ നോക്കിക്കാണുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
എങ്ങനെ സംസ്ഥാനത്തിന് അതിജീവിക്കാന്‍ കഴിയുന്നു എന്നാണ് ചോദ്യം. എല്ലാ മേഖലകളിലും കേരളത്തെ നമ്പര്‍ വണ്‍ ആക്കാനായി. തകരട്ടെ എന്നാഗ്രഹിച്ച കേന്ദ്രത്തിന് പോലും അവാര്‍ഡുകള്‍ നല്‍കേണ്ട സ്ഥിതി വന്നു.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം കാസര്‍കോട് കാലിക്കടവില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.എല്‍ഡിഎഫ് ഭരണം കാലോചിതമായി കേരളത്തെ മാറ്റിയെന്നും കേരളം ശപിച്ചുകൊണ്ടിരുന്ന ഭരണത്തിന് 2016നോടെ വിരാമമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു ഘട്ടത്തിലും കേരളത്തിന് അര്‍ഹമായ സഹായം കേന്ദ്രത്തില്‍ നിന്നും ലഭിച്ചില്ല. ജനത്തിനും സര്‍ക്കാരിനും നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും കൊണ്ട് കേരളം വലഞ്ഞപ്പോള്‍ സഹായിച്ചില്ലെന്ന് മാത്രമല്ല, സഹായിക്കാന്‍ ശ്രമിച്ചവരെ തടയുന്ന നിലയാണുണ്ടായത്.
കേന്ദ്ര സര്‍ക്കാരിന്റേത് നശീകരണ മനോഭാവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ദേശീയപാത വികസനവും ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയും സർക്കാർ നടപ്പാക്കി. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു ഇതിന്റെ അവസ്ഥയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ലൈഫ് മിഷനിലൂടെ സംസ്ഥാനത്ത് നാലരലക്ഷം വീടുകളാണ് നിര്‍മ്മിച്ചത്. ഏതു രംഗം എടുത്താലും മാറ്റത്തിന്റെ ചിത്രമേ കാണാനാകൂ. കേരളത്തിലെ മാധ്യമങ്ങള്‍ ഇടതു വിരോധം കാട്ടി കേന്ദ്രസര്‍ക്കാരിനൊപ്പം നിന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.