രാഹുൽഗാന്ധി കയ്യൊഴിഞ്ഞതിനേ തുടർന്ന് വയനാട് ലോക്സഭ മണ്ഡലത്തിൽ അടിച്ചേൽപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പിന് എൽഡിഎഫ് ഒരുങ്ങുകയാണ്. ലോക്‌സഭാ മണ്ഡലം കൺവൻഷൻ വ്യാഴാഴ്‌ചയാണ്. രാവിലെ ഒമ്പതിന് കൽപ്പറ്റ സഹകരണ ബാങ്ക് പരിസരത്തുനിന്ന് സ്ഥാനാർഥി സത്യൻ മൊകേരിയെ കൺവൻഷൻ ചേരുന്ന ചന്ദ്രഗിരി ഓഡിറ്റോറിയത്തിലേക്ക് പ്രകടനമായി ആനയിക്കും. തുടർന്ന് സത്യൻ കലക്ടറേറ്റിലെത്തി വരണാധികാരിയായ കലക്ടർ ഡി ആർ മേഘശ്രീക്ക് നാമനിർദേശ പത്രിക നൽകും.
കൺവൻഷൻ സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ, സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ, മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ, എംപിമാരായ പി സന്തോഷ് കുമാർ, പി പി സുനീർ, ഘടകകക്ഷി നേതാക്കളായ ജോസ് തെറ്റയിൽ, അഹമ്മദ് ദേവർകോവിൽ, പ്രൊഫ. എ പി അബ്ദുൽ വഹാബ്, യു ബാബു ഗോപിനാഥ്, കെ ജെ ദേവസ്യ തുടങ്ങിയവർ പങ്കെടുക്കും. കൽപ്പറ്റ നിയമസഭാ മണ്ഡലം കൺവൻഷനും ഒപ്പം നടക്കും.
കർഷകസമര നേതാവ് എന്ന നിലയിൽ വയനാടിന് സുപരിചിതനാണ് സത്യൻ മൊകേരി. സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെത്തുടർന്ന് അടുത്തദിവസം വയനാട്ടിൽ എത്തിയപ്പോൾ തന്നെ ആവേശകരമായ വരവേൽപാണ് കർഷകമണ്ണ് സത്യൻ മൊകേരിക്ക് നൽകിയത്. തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ രൂപീകരണം വ്യാഴാഴ്‌ച നടക്കുന്നതോടെ പ്രവർത്തനം കൂടുതൽ ചിട്ടയോടെ നീങ്ങും. നാടിനൊപ്പം എന്നുമുണ്ടാകും എന്ന ഉറപ്പാണ് എൽഡിഎഫും സത്യൻ മൊകേരി.