തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് നടത്തുന്ന ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി ഒരു ലക്ഷത്തിലധികം പ്രവർത്തകർ രാജ്ഭവൻ മാർച്ചിൽ അണിചേർന്നു. ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിൽ നടന്ന മാർച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ മാർച്ചിൽ അണിനിരന്നു.
ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ കേന്ദ്രം ഉന്നത വിദ്യാഭ്യാസ മേഖലയെ ദുരുപയോഗം ചെയ്യുന്നുകയാണെന്നും അതിന് അനുവദിക്കില്ലെന്നും സിപിഐ(എം) ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി പ്രഖ്യാപിച്ചു. യുജിസി മാർഗ്ഗനിർദ്ദേശമാണ് പ്രധാനം എന്ന വാദം അംഗീകരിക്കാനാവില്ല. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖല സംരക്ഷിക്കാനുള്ള കേരളത്തിന്റെ പോരാട്ടത്തിൽ ബിജെപി ഇതര സംസ്ഥാനങ്ങൾ കേരളത്തിന് ഒപ്പംചേരണമെന്നും യെച്ചൂരി വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയിലെ കാവി വൽക്കരണം അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ് രാജ്ഭവൻ ഉപരോധത്തിൽ പ്രകടമായതെന്ന് സിപിഐ(എം) സംസ്ഥന സെക്രട്ടറി എം വി ഗോവിന്ദനും പ്രഖ്യാപിച്ചു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖല സംരക്ഷിക്കാൻ ഉള്ള കേരളത്തിന്റെ പോരാട്ടം ചരിത്രപരമാണെന്നും അദ്ദേഹം പറഞ്ഞു. വിസിമാരെ നിയമിച്ചത് ഗവർണറാണ്. മൂന്നു പേരുടെ പട്ടിക വേണമായിരുന്നുവെങ്കിൽ ഗവർണർ അന്ന് ആവശ്യപ്പെടണമായിരുന്നുവെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.