Friday, November 22, 2024
spot_imgspot_img
HomeKeralaകാനത്തിന്റെ വിടവാങ്ങൽ; അനുശോചിച്ച് നേതാക്കൾ

കാനത്തിന്റെ വിടവാങ്ങൽ; അനുശോചിച്ച് നേതാക്കൾ

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിൽ രാഷ്ട്രീയ സാമൂ​ഹ്യ രം​ഗത്തെ പ്രതിനിധികൾ അനുശോചനം രേഖപ്പെടുത്തി. ഇടതുപക്ഷത്തിനും പുരോഗമന പ്രസ്ഥാനങ്ങൾക്കാകെയും കനത്ത നഷ്ടമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. മികവുറ്റ സംഘാടകനും ദിശാബോധമുള്ള നേതാവുമായിരുന്നു സഖാവെന്നും വിടവാങ്ങൽ ഉൾക്കൊള്ളാനാവാത്ത വേദനയാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

അര നൂറ്റാണ്ടു കാലത്തെ വൈകാരികബന്ധമാണ് കാനവുമായി ഉണ്ടായിരുന്നതെന്ന് പന്ന്യൻ രവീന്ദ്രൻ അനുസ്മരിച്ചു. അദ്ദേഹം മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു. എനിക്ക് വിദൂരമായ ഒരു ധാരണ പോലുമില്ലായിരുന്നു. പ്രസ്ഥാനത്തിന്‌റെ പ്രധാനപ്പെട്ട ഒരു ഏടാണ് നഷ്ടമായത്. അതിലുണ്ടാകുന്ന ആഘാതം ഒരിക്കലും ഊഹിക്കാൻ പറ്റുന്നതല്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

സിപിഐയുടെ ശക്തനായ നേതാക്കളിലൊരാളായിരുന്നു കാനം രാജേന്ദ്രനെന്ന് സിപിഐ നേതാവ് സി ദിവാകരൻ പ്രതികരിച്ചു. സികെ ചന്ദ്രപ്പന് ശേഷം പാർട്ടി സഖാക്കൾ വളരെ പ്രതീക്ഷയോടെ സെക്രട്ടറിയായി തിരഞ്ഞെടുത്ത നേതാവാണ് കാനം. ഒന്നല്ല, രണ്ടല്ല, മൂന്ന് തവണ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. വളരെ ധൈര്യമുള്ള നേതാവായിരുന്നു. ഏത് കാര്യത്തിനും നേരിട്ടിറങ്ങാനും അഭിപ്രായം പറയാനും പാർട്ടിയെ ശരിയായ വഴിയിലേക്ക് നയിക്കാനും കാനത്തിന് സാധിച്ചിരുന്നെന്നും ദിവാകരൻ പറഞ്ഞു.

ഒരു മനുഷ്യായുസ് മുഴുവൻ അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവാണ് കാനം രാജേന്ദ്രനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനസ്മരിച്ചു. കമ്യൂണിസ്റ്റ് വിപ്ലവ പ്രസ്ഥാനത്തിനുവേണ്ടി നിലകൊണ്ട, സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ നേതൃത്വം നൽകിയ നേതാവിനെയാണ് നഷ്ടമായത്. വളരെയേറെ പ്രതികൂല സാഹചര്യങ്ങൾ രൂപപ്പെടുമ്പോഴെല്ലാം വളരെ ശരിയായ ദിശാബോധത്തോട് കൂടി സിപിഎമ്മിനേയും സിപിഐയേയും യോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിൽ വളരെ ശ്രദ്ധേയ നേതൃത്വമായിട്ടാണ് കാനം നിലക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൃത്യമായ നിരീക്ഷണവും ലക്ഷ്യബോധവും കമ്യൂണിസ്റ്റ് മൂല്യവും ഉയർത്തിപ്പിടിക്കാൻ എല്ലാ കാലത്തും ആത്മാർത്ഥമായി പരിശ്രമിച്ച് പോരാടിയ വിപ്ലവകാരിയായിരുന്നു കാനം രാജേന്ദ്രനെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ യോജിപ്പിനും ഐക്യത്തിനും വേണ്ടി അങ്ങേയറ്റം പരിശ്രമിച്ചു. കേരളത്തിന്റെ സാമൂഹിക മനസുകളിൽ ഇടതുപക്ഷ അനുഭാവം ഉയർത്തിക്കൊണ്ടുവരാൻ അദ്ദേഹം പരിശ്രമിച്ചു. നിയമസഭാ സാമാജികനെന്ന നിലയിലും പൊതുപ്രവർത്തകനെന്ന നിലയിലും കേരളം മുഴുവൻ നിറഞ്ഞുനിന്ന ഉത്തമനായ കമ്യൂണിസ്റ്റ് നേതാവായിരുന്നു കാനമെന്നും ഇ പി കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും, കേരളത്തിലെ ഇടതുപക്ഷമുന്നണിക്കും മുന്നണിയുടെ നേതൃത്വത്തിലുള്ള സർക്കാരിനും സഖാവ് കാനത്തിന്റെ വിയോഗം വലിയ നഷ്ടമായിരിക്കും സൃഷ്ടിക്കുകയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ പ്രതികരിച്ചു. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനും ഐക്യത്തിനും വേണ്ടിയിട്ടുള്ള സന്ദേശം കേരളത്തിലെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വലിയൊരു ശ്രമമാണ് അദ്ദേഹം നടത്തിയത്. അതുകൊണ്ട് തന്നെ സാധാരാണ നിലയിൽ കാണുന്ന സിപിഐ, സിപിഎം വൈരുദ്ധ്യം രണ്ട് സർക്കാരിലും ഇല്ലാതായതിന്റെ പ്രധാന കാരണം അദ്ദേഹത്തിന്റെ വ്യക്തിപരമായ ഇടപെടലും സമീപനവുമായിരുന്നുവെന്നും ബാലൻ പറഞ്ഞു.

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ തീരാനഷ്ടമാണ് കാനം രാജേന്ദ്രന്റെ വേർപാടെന്ന് എം വി ജയരാജൻ പറഞ്ഞു. തൊഴിലാളികളുടെയും കൃഷിക്കാരുടെയും പക്ഷം ചേർന്ന് അവർക്കുവേണ്ടി ശക്തമായ നിലപാട് സ്വീകരിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹമെന്നും എം വി ജയരാജൻ പറഞ്ഞു.

ഇടതുപക്ഷത്തെ സൗമ്യമുഖമായിരുന്ന കാനം രാജേന്ദ്രൻ നിലപാടുകൾ വെട്ടിത്തുറന്ന് പറയാൻ ആർജവം കാണിച്ച വ്യക്തിയായിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അനുസ്മരിച്ചു. സിപിഐയുടെ ജനകീയ മുഖമായിരുന്ന അദ്ദേഹം ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് എടുത്ത പല നിലപാടുകളും പ്രശംസനീയമാണ്. എതിർ രാഷ്ട്രീയ ചേരിയിലായിരുന്നുവെങ്കിലും കാനവുമായി എന്നും നല്ല വ്യക്തിബന്ധമായിരുന്നു പുലർത്തിയിരുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares