1992 ഡിസംബർ 6 അന്നൊരു ഞായറാഴ്ചയായിരുന്നു. നാലര നൂറ്റാണ്ട് കാലം ഇന്ത്യൻ മതേതരത്വത്തിന്റെ ജ്വലിക്കുന്ന പ്രതീകമായ ബാബരി മസ്ജിദ് ഫാസിസ്റ്റ് ഭീകരന്മാർ തകർത്തു കളഞ്ഞ ദിനം. അന്ന് വൈകിട്ട് പ്രധാന മന്ത്രി നരസിംഹ റാവുവിന്റെ വസതിയിലെത്തുന്നു കണ്ണീര് വീണ താടിയും തൊപ്പിയും ധരിച്ച ഒരു മനുഷ്യൻ. യു പി യിലെ കല്യാൺ സിംഗ് ഗവണ്മെന്റിന്റെ മേൽ കുറ്റം ചാരി രക്ഷപ്പെടാൻ ശ്രമിച്ച റാവുവിന്റെ മുഖത്ത് നോക്കി ഇന്ത്യൻ ന്യൂന പക്ഷങ്ങൾക്ക് അങ്ങയിലുള്ള വിശ്വാസം നഷ്‌ടപ്പെരിക്കുന്നു എന്നും രാജ്യത്തെയും ന്യൂന പക്ഷങ്ങളെയും വഞ്ചിച്ച അങ്ങ് രാജി വെച്ച് ഇറങ്ങിപ്പോകണമെന്നും ആ മനുഷ്യൻ ഗർജ്ജിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ അന്നത്തെ ദേശീയ അധ്യക്ഷൻ ഇബ്രാഹിം സുലൈമാൻ സേട്ട് ആയിരുന്നു അത്. ‘മെഹബൂബെ മില്ലത്ത്’ എന്ന് ഒരു കാലത്ത് മുസ്ലിം ലീഗുകാർ ആദരവോടെ വിളിച്ച സേട്ട് സാഹിബ്.
ബാബരി മസ്ജിദ് ധ്വംസനത്തെ തുടർന്ന് അതിനു കൂട്ട് നിന്ന പ്രധാനമന്ത്രി നരസിംഹറാവുവിന്റെയും കോൺഗ്രസിന്റെയും വഞ്ചനയിൽ പ്രതിഷേധിച്ച് കേരളത്തിലെ യു.ഡി.എഫിന്റെ ഭരണപങ്കാളിത്തം മുസ്‌ലിം ലീഗ് ഉപേക്ഷിക്കണമെന്ന് ഇബ്‌റാഹീം സുലൈമാൻ സേട്ട് ആവശ്യപ്പെട്ടപ്പോൾ കേരളത്തിന്റെ ലീഗ് നേതൃത്വം അത് നിരസിക്കുകയായിരുന്നു. 1948 മുതൽ യുപിയിൽ കോൺഗ്രസ് മുഖ്യമന്ത്രി ആയിരുന്ന ഗോവിന്ദ് വല്ലഭ് പന്ത് മുതൽ മുൻ പ്രധാനമന്ത്രിമാർ ആയിരുന്ന രാജീവ് ഗാന്ധിയും പി വി നരസിംഹറാവുവും ഉൾപ്പെടെയുള്ളവരുടെ ചതിയുടേയും വഞ്ചനയുടേയും ഫലമാണ് ബാബരി മസ്ജിദ് തകർച്ചക്ക് ഇട വരുത്തിയത്.
അയോധ്യയിൽ ശ്രീരാമ വിഗ്രഹങ്ങൾ സ്വയംഭൂവായിരിക്കുന്നു എന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ അറിയിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി വല്ലഭ് പന്തിനോട് വിഗ്രഹങ്ങൾ സരയു നദിയിലേക്ക് എറിയാൻ അന്ന് നെഹ്റു നിർദ്ദേശിക്കുകയുണ്ടായി. എന്നാൽ പന്ത് ആകട്ടെ നെഹറുവിനെ ധിക്കരിച്ച് പൂജ നടത്തുവാനുള്ള സകല സൗകര്യങ്ങളും ഒരുക്കി കൊടുക്കുകയാണ് ചെയ്തത്.
ഇന്ത്യൻ മതേതരത്വത്തിന്റെ കടക്കൽ കത്തി വെച്ച് കൊണ്ട് കോൺഗ്രസ് ചെയ്ത കൊടും വഞ്ചന സേട്ടുവിനെ ഏറെ വേദനിപ്പിച്ചിരുന്നു. കോൺഗ്രസ് വഞ്ചനയും അതിനോടുള്ള ലീഗ് വിധേയത്വവും സാഹിബിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ബാല്യം മുതൽ ലീഗിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച അദ്ദേഹം ലീഗിനോട് വിട പറഞ്ഞു 1994 ൽ ‘ഇന്ത്യൻ നാഷണൽ ലീഗി’ന് രൂപം കൊടുത്തു. മരണം വരെയും ബാബരി നൊമ്പരം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അഖിലേന്ത്യ പ്രസിഡന്റ് സ്ഥാനം ആദർശത്തേക്കാൾ വലുതല്ലെന്ന് പ്രഖ്യാപിച്ച സേട്ടു സാഹിബിന്റെ അനുയായികൾ ഇന്നലെ വയനാട്ടിൽ പച്ചക്കൊടിയുമായി ഇടത് മുന്നണി റാലിയിൽ അണി നിരന്നപ്പോൾ ഫാസിസത്തോട് സന്ധി ചെയ്യാത്ത നേതാവിന്റെ അനുയായികൾ തന്നെയാണ് തങ്ങളെന്ന് ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു അവർ!
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ മുസ്ലിം ലീഗിന്റെ പച്ചക്കൊടിക്ക് വിലക്കേർപെടുത്തുകയും കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപനത്തോട് പ്രതികരിക്കാനാവാതെ ലീഗ് നേതൃത്വം നിസ്സഹായാവസ്ഥയിൽ ആയിരിക്കുകയും ചെയ്യുന്ന വേളയിൽ ഇബ്രാഹിം സുലൈമാൻ സേട്ടിനെ പോലൊരു നേതാവിന്റെ അഭാവം തിരിച്ചറിയുകയാണ് സാധാരണ ലീഗ് അണികൾ. ഉത്തരേന്ത്യയിൽ ആർ എസ് എസ് വ്യാജ പ്രചാരണമൊഴിവാക്കുന്നതിന് വേണ്ടിയാണ് കൊടി ഉപേക്ഷിക്കുന്നതെന്ന നേതൃത്വത്തിന്റെ വിശദീകരണത്തോട് ആർ എസ് എസ് ന്റെ വിമർശനം ഭയന്ന് അടിയറ വെക്കേണ്ടതാണോ പാർട്ടിയുടെ അസ്തിത്വവും കൊടിയുമെന്നാണ് പ്രവർത്തകർ ചോദിക്കുന്നത്. സംഘ പരിവാർ പ്രചാരണങ്ങളെ ആശയ പരമായിട്ടാണ് നേരിടേണ്ടതെന്നും കീഴടങ്ങൽ സമീപനം ആത്മാഭിമാനത്തിന്നേറ്റ ക്ഷതമാണെന്നുമാണ് ഭൂരിപക്ഷം ലീഗുകാരുടെയും പക്ഷം.
അതിനിടെ ഇടത് പക്ഷ ജനാധിപത്യ മുന്നണി യോഗങ്ങളിൽ ഐ എൻ എൽ പതാകക്ക് കിട്ടുന്ന സ്വീകാര്യത ലീഗ് കേന്ദ്രങ്ങളിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. ഇന്നലെ ആനി രാജയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്നിടെ ലീഗ് കൊടിക്ക് യു ഡി എഫ് യോഗത്തിൽ നില നിൽക്കുന്ന അയിത്തത്തിന്നെതിരെ വൃന്ദ കാരാട്ട് ആഞ്ഞടിക്കുകയും ചെയ്തു. ഐ എൻ എൽ ന്റെ പച്ചക്കൊടി എടുത്ത് വീശിയ സഖാവ് ചെങ്കൊടിയും പച്ചക്കൊടിയും ഒരുമിച്ച് പിടിച്ചുള്ള രാഷ്ട്രീയ പോരാട്ടമാണ് ഇടതിന്റേതെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ആദർശങ്ങളെ ബലി കഴിച്ച് അധികാരത്തിനൊപ്പം സഞ്ചരിക്കുകയെന്ന ലീഗ് നയത്തോട് ഇനിയും സന്ധി ചെയ്യേണ്ടതുണ്ടോ എന്നാണ് ലീഗ് പ്രവർത്തകാരോട് ഐ എൻ എൽ കാർ ചോദിക്കുന്നത്. ബിജെപി യുടെ തീവ്ര വർഗീയ നിലപാടുകളോട് അനുരഞ്ജനപ്പെട്ടു സ്വയം പരിഹാസ്യരാകരുതെന്നും അവർ ലീഗ് അണികളെ ഉപദേശിക്കുന്നു. ഏതായാലും അപമാനകരമായ സാഹചര്യത്തിൽ ആർജ്ജവമില്ലാത്ത നേതൃത്വത്തെ പഴിച്ചു കൊണ്ട് നിഷ്കളങ്കരായ ലീഗ് അണികൾ ഒന്നടങ്കം ചോദിക്കുന്നു!
‘സേട്ടു സാഹിബ് ഇന്ന് ഉണ്ടായിരുന്നെങ്കിൽ ‘