ന്യൂഡൽഹി: ബുൾഡോസർ രാജിൽ കേന്ദ്രത്തിനെതിരെ കടുത്ത വിമർശനവുമായി സുപ്രിം കോടതി. കുറ്റാരോപിതർക്കെതിരെയുള്ള ബുൾഡോസർ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജികളിലാണ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബഞ്ചിന്റെ വിമർശനം. കേസിൽ പ്രതിയായാൽ വീടുകൾ പൊളിക്കരുത്. വീട് നിൽക്കുന്ന സ്ഥലം അനധികൃതമെങ്കിൽ നോട്ടീസ് നൽകാമെന്നും കോടതി വ്യക്തമാക്കി. പല സംസ്ഥാനങ്ങളിലും പിടിമുറുക്കിയ ഈ പ്രവണതയെ ‘ബുൾഡോസർ ജസ്റ്റിസ്’ എന്നാണ് വിളിക്കുന്നത്.
ഇത്തരം കേസുകളിൽ അകപ്പെട്ടവരുടെ അനധികൃത കെട്ടിടങ്ങൾ മാത്രമാണ് പൊളിച്ചതെന്നാണ് സംസ്ഥാന അധികാരികൾ മുമ്പ് പറഞ്ഞിരുന്നത്. എന്നാൽ കേസിൽ പ്രതിയായത് കൊണ്ട് മാത്രം ഒരാൾ കുറ്റക്കാരനാകുന്നില്ല. കുറ്റക്കാരൻ ആണെങ്കിൽ പോലും സ്വത്തിൽ അവകാശം ഇല്ലാതാകുന്നില്ല. പ്രതിയായതിന്റെ പേരിൽ വീട് പൊളിച്ച് കളയുന്നത് നിയമവിരുദ്ധമാണ്. പാർപ്പിടം മൗലികഅവകാശമാണെന്നും സുപ്രിം കോടതി വിലയിരുത്തി.