Monday, November 25, 2024
spot_imgspot_img
HomeEditorial'നേടിയ അറിവ് ശരിക്കും ദഹിച്ചിട്ടില്ലെങ്കില്‍ കമ്മ്യൂണിസം വെറുമൊരു പൊള്ളവാക്കായിത്തീരും'; യുവാക്കളോട് ലെനിന്‍

‘നേടിയ അറിവ് ശരിക്കും ദഹിച്ചിട്ടില്ലെങ്കില്‍ കമ്മ്യൂണിസം വെറുമൊരു പൊള്ളവാക്കായിത്തീരും’; യുവാക്കളോട് ലെനിന്‍

രാജ്യം എക്കാലത്തെയും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന ഈ സംഘപരിവാര്‍ കാലഘട്ടത്തില്‍, കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, ച്രപരിപ്പിക്കുന്ന, സോഷ്യലിസ്റ്റ് സമൂഹം സ്വപ്‌നം കാണുന്ന രാജ്യത്തെ പൊരുതുന്ന തലമുറയ്ക്ക് വേണ്ടി, സഖാവ് ലെനിന്‍ 1920ല്‍ നടത്തിയ ഇന്നും പ്രസക്തമായ പ്രസംഗം യങ് ഇന്ത്യ എഡിറ്റോറിയലായി പ്രസിദ്ധീകരിക്കുന്നു.

യുവ കമ്മ്യൂണിസ്റ്റ് ലീഗിന്റെ മൂന്നാം അഖില റഷ്യന്‍ കോണ്‍ഗ്രസ്സില്‍ ലെനിന്‍ നടത്തിയ പ്രസംഗം ഒക്ടോബര്‍ 2 , 1920

സഖാക്കളെ…

യുവകമ്മ്യൂണിസ്റ്റ് ലീഗിന്റെ കടമകളെക്കുറിച്ചും അതോടനുബന്ധിച്ച് ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്കില്‍ യുവജനസംഘടനകള്‍ പൊതുവില്‍ എത്തരത്തിലുള്ളതായിരിക്കണമെന്നതിനെക്കുറിച്ചും നിങ്ങളോട് ഇന്നു സംസാരിക്കണമെന്നാണ് എന്റെ ഉദ്ദേശം.

ഈ പ്രശ്‌നത്തെക്കുറിച്ചു ചിന്തിക്കേണ്ടത് വിശേഷിച്ചും ആവശ്യമാണ്. കാരണം , ഒരു കമ്മ്യൂണിസ്റ്റ് സമൂഹം പ്രയോഗത്തില്‍ കെട്ടിപ്പടുക്കുകയെന്ന കടമ യുവജനങ്ങളെയാണു നേരിടുന്നതെന്ന് ഒരര്‍ത്ഥത്തില്‍ പറയാവുന്നതാണ്. ചൂഷണത്തില്‍ അധിഷ്ഠിതമായ പഴയ മുതലാളിത്ത ജീവിതരീതിയുടെ അടിത്തറ തകര്‍ക്കുകയെന്ന കടമയാണ് മുതലാളിത്ത സമൂഹത്തില്‍ വളര്‍ന്നുവന്ന പൊതുപ്രവര്‍ത്തകരുടെ തലമുറയ്ക്ക് ഏറിവന്നാല്‍ നിര്‍വ്വഹിക്കാന്‍ കഴിയുന്നതെന്നു വ്യക്തിമാണ്. തൊഴിലാളിവര്‍ഗ്ഗത്തിനും അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിനും അധികാരം നിലനിര്‍ത്താനും ഉറച്ച ഒരു അടിത്തറയിടാനും സഹായകരമായ ഒരു സാമൂഹ്യവ്യവസ്ഥ സൃഷ്ടിക്കുകയെന്ന കടമയാണ് ഏറിവന്നാല്‍ ആ തലമുറയ്ക്കു നിര്‍വ്വഹിക്കാന്‍ കഴിയുന്നത്. എന്നാല്‍ പുതിയ സാഹചര്യങ്ങളില്‍-ചൂഷണത്തില്‍ അധിഷ്ഠിതമായ ബന്ധങ്ങള്‍ നിലനില്‍ക്കാത്ത ഒരു പരിതസ്ഥിതിയില്‍ – പ്രവര്‍ത്തിച്ചുതുടങ്ങുന്ന ഒരു തലമുറയ്ക്കു മാത്രമേ ആ അടിത്തറയിന്മേല്‍ പണിതുടങ്ങാന്‍ കഴിയൂ.

യുവജനങ്ങളെ നേരിടുന്ന കടമകളെ ഈ നിലപാടില്‍ നിന്നു നോക്കുമ്പോള്‍ എനിക്കു പറയാനുള്ളതിതാണ്. പൊതുവില്‍ യുവജനങ്ങളുടേയും പ്രത്യേകിച്ച് യുവകമ്യൂണിസ്റ്റ് ലീഗിന്റെയും മറ്റെല്ലാ യുവജനസംഘടനകളുടേയും കടമകളെ ഒറ്റ വാക്കില്‍ പറയാവുന്നതാണ്, പഠിക്കുക.

തീര്‍ച്ചയായും ‘ ഒറ്റവാക്കു മാത്രമാണിത്. എന്തു എങ്ങനെ പഠിക്കണം, എന്ന സര്‍വ്വ പ്രധാനമായ ചോദ്യങ്ങള്‍ക്ക് അതു മറുപടി നല്‍കുന്നില്ല. പഴയ മുതലാളിത്ത സമൂഹത്തിന്റെ പരിവര്‍ത്തനത്തോടെ, കമ്മ്യൂണിസ്റ്റ് സമൂഹം കെട്ടിപ്പടുക്കാന്‍ പോകുന്ന പുതിയ തലമുറകളെ പഴയ രീതിയില്‍ വളര്‍ത്തിക്കൊണ്ടുവരാനും പരിശീലിപ്പിക്കാനും പഠിപ്പിക്കാനും സാധ്യമല്ലെന്നതാണ് ഇവിടെ ഓര്‍ക്കേണ്ട പ്രധാന സംഗതി. പഴയ സമൂഹത്തില്‍നിന്നും അവശേഷിച്ചിട്ടുള്ള സാധനസാമഗ്രികള്‍ വച്ചുകൊണ്ടുവേണം യുവജനങ്ങളുടെ പഠിപ്പും പരിശീലനവും വിദ്യാഭ്യാസവും നടത്താന്‍. അറിവിന്റെയും സംഘടനകളുടേയും സ്ഥാപനങ്ങളുടേയും ആകെത്തുകയുടെ അടിസ്ഥാനത്തില്‍ മാത്രമേ, പഴയ സമൂഹത്തില്‍നിന്നു നമുക്കു ലഭിച്ചിട്ടുള്ള മാനുഷിക ശക്തികളുടേയും ഉപാധികളുടേയും ശേഖരത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടു മാത്രമേ നമുക്കു കമ്മ്യൂണിസം കെട്ടിപ്പടുക്കാന്‍ കഴിയൂ. യുവതലമുറയുടെ പരിശ്രമഫലമായി പഴയതില്‍നിന്നു വ്യത്യസ്തമായ ഒരു സമൂഹം , അതായത് കമ്മ്യൂണിസ്റ്റ് സമൂഹം , ഉടലെടുക്കുമെന്ന് ഉറപ്പുവരുത്തണമെങ്കില്‍ യുവജനങ്ങളെ പഠിപ്പിക്കുന്നതിലും സംഘടിപ്പിക്കുന്നതിലും പരിശീലിപ്പിക്കുന്നതിലും സമൂലമായ മാറ്റം വരുത്തിയേ പറ്റൂ. യുവജനങ്ങളെ നാം എന്തു പഠിപ്പിക്കണം, കമ്മ്യൂണിസ്റ്റ് യുവാക്കള്‍ എന്ന പേരിനര്‍ഹരാകണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അവരെന്തു പഠിക്കണം, നാം തുടങ്ങിവച്ച പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ കഴിയുമാറ് അവരെ എങ്ങനെ പരിശീലിപ്പിക്കണം എന്ന പ്രശ്‌നം നാം വിശദമായി പരിശോധിക്കേണ്ടത് ഇക്കാരണത്താലാണ്.

യൂത്ത്ലീഗും കമ്മ്യൂണിസത്തിലേക്കു മുന്നേറാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങള്‍ പൊതുവിലും കമ്മ്യൂണിസത്തെക്കുറിച്ചു പഠിക്കണം – ഇതാണ് ഈ ചോദ്യത്തിനുള്ള ഏറ്റവും സ്വാഭാവികമായ മറുപടി എന്നു തോന്നിയേക്കാം .

എന്നാല്‍ ഈ മറുപടി – ”കമ്മ്യൂണിസത്തെക്കുറിച്ചു പഠിക്കണം” എന്നത് – വളരെ സാമാന്യമായ ഒരു പറച്ചിലായിപ്പോയി . കമ്മ്യൂണിസത്തെക്കുറിച്ച് പഠിക്കാന്‍ എന്തെല്ലാമാണു വേണ്ടത് ? കമ്മ്യൂണിസത്തെക്കുറിച്ച് അറിവു ലഭിക്കാന്‍ പൊതുവിജ്ഞാനത്തിന്റെ ആകെത്തുകയില്‍ നിന്നും എന്തെല്ലാം വേര്‍പെടുത്തി എടുക്കേണ്ടതുണ്ട്? ഇവിടെ പല അപകടങ്ങളും ഉളവായേക്കാം. കമ്മ്യൂണിസത്തെക്കുറിച്ചു പഠിക്കുകയെന്ന കടമ തെറ്റായി അവതരിപ്പിക്കുകയോ അതിനെ ഏകപക്ഷീയമായി വ്യാഖ്യാനിക്കുകയോ ചെയ്യുമ്പോള്‍ പലപ്പോഴും വാകുന്ന അപകടങ്ങളാണവ.

കമ്മ്യൂണിസത്തെക്കുറിച്ചു പഠിക്കുകയെന്നാല്‍ കമ്മ്യൂണിസ്റ്റ് പ്രമാണഗ്രന്ഥങ്ങളിലും ലഘുലേഖകളിലും പുസ്തകങ്ങളിലും അടങ്ങിയിട്ടുള്ള അറിവു മുഴുവന്‍ ആര്‍ജ്ജിക്കുക എന്നാണര്‍ത്ഥം – ഇതാണ് സ്വാഭാവികമായും നമുക്ക് ആദ്യം മനസ്സില്‍ തോന്നുന്നത്. പക്ഷെ കമ്മ്യൂണിസത്തെക്കുറിച്ചുള്ള പഠനത്തെ സംബന്ധിച്ച് ഇത്തരമൊരു നിര്‍വ്വചനം പ്രാകൃതവും അപര്യാപ്തവുമായിരിക്കും. കമ്മ്യൂണിസത്തെക്കുറിച്ചുള്ള പഠനം കമ്മ്യൂണിസ്റ്റ് പുസ്തകങ്ങളിലും ലഘുലേകളിലുമുള്ള കാര്യങ്ങള്‍ മനഃപാഠമാക്കുന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണെങ്കില്‍ കമ്മ്യൂണിസ്റ്റ് മൂലഗ്രന്ഥങ്ങളിലെ വാചകങ്ങളെടുത്തു കസര്‍ത്തുകാട്ടുകയും വീമ്പടിക്കുകയും ചെയ്യുന്നവരെ നമുക്ക് നിഷ്പ്രയാസം ലഭിക്കുന്നതാണ്. അതുപലപ്പോഴും വലിയ ദ്രോഹം വരുത്തിവയ്ക്കുകയും ചെയ്യും. കാരണം , കമ്മ്യൂണിസ്റ്റ് പുസ്തകങ്ങളിലും ലഘുലേഖകളിലും എഴുതിവച്ചിട്ടുള്ളത് മനഃപാഠമാക്കിയിട്ടുള്ള അത്തരക്കാര്‍ ഈ അറിവു മുഴുവനും ഒന്നിച്ചു മനസ്സിലാക്കാനോ കമ്മ്യൂണിസം യഥാര്‍ത്ഥത്തില്‍ ആവശ്യപ്പെടുന്നതു പ്രവര്‍ത്തിക്കാനോ കഴിവില്ലാത്തവരായിരിക്കും.

പുസ്തകങ്ങളും പ്രയോഗികജീവിതവും തമ്മിലുള്ള വമ്പിച്ച വിടവാണ് പഴയ മുതലാളിത്ത സമൂഹത്തില്‍ നിന്നും നമുക്ക് കിട്ടിയിട്ടുള്ള ഏറ്റവും ദോഷകരവും നിര്‍ഭാഗ്യകരവുമായ ഒരു സംഗതി. എല്ലാ കാര്യങ്ങളും ഏറ്റവും ഭംഗിയായി വിവരിക്കുന്ന പുസ്തകങ്ങള്‍ പലതും നമ്മള്‍ കണ്ടിട്ടുണ്ട് എന്നാല്‍ അങ്ങേയറ്റം ഗര്‍ഹണീയവും കാപട്യം നിറഞ്ഞതുമായ കള്ളങ്ങളാണ്. മുതലാളിത്ത സമൂഹത്തെക്കുറിച്ചുള്ള സത്യവിരുദ്ധമായ വിവരണമാണ്, അവയില്‍ മിക്കതിലും അടങ്ങിയിട്ടുള്ളത്.

കമ്മ്യൂണിസത്തെപ്പറ്റി പുസ്തകജ്ഞാനം മാത്രം ഉള്‍ക്കൊള്ളുന്നത് അങ്ങേയറ്റം തെറ്റായിരിക്കുമെന്നു പറഞ്ഞത് അതുകൊണ്ടാണ്. ഇപ്പോള്‍ നമ്മള്‍ പ്രസംഗങ്ങളിലും ലേഖനങ്ങളിലും കമ്മ്യൂണിസ് പറ്റി മുമ്പുപറഞ്ഞിരുന്നത് ആവര്‍ത്തിക്കുക മാത്രമല്ല ചെയ്യുന്നത്. കാരണം, നമ്മുടെ പ്രസംഗങ്ങളും ലേഖനങ്ങളും എല്ലാ രംഗങ്ങളിലുമുള്ള നമ്മുടെ ദൈനംദിന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുകൊണ്ടുള്ളതാണ്. പണിയെടുക്കാതെയും സമരം ചെയ്യാതെയും കമ്മ്യൂണിസ്റ്റ് ലഘു ലേഖകളില്‍ നിന്നും കൃതികളില്‍നിന്നും കമ്മ്യൂണിസത്തെക്കുറിച്ച് പുസ്തകജ്ഞാനം ലഭിച്ചതുകൊണ്ടു യാതൊരു പ്രയോജനവുമില്ല. കാരണം, സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള പഴയ വിടവ്, പഴയ ബൂര്‍ഷ്വാസമൂഹത്തിന്റെ ഏറ്റവും ഗര്‍ഹണീയമായ സവിശേഷതയായിരുന്ന ആ പഴയ വിടവ്, തുടരുകയായിരിക്കും അതിന്റെ ഫലം.

കമ്മ്യൂണിസ്റ്റ് മുദ്രാവാക്യങ്ങള്‍ മാത്രം ഗ്രഹിക്കുന്നത് അതിലേറെ അപകടകരമാണ് . ഈ അപകടം നാം യഥാസമയത്ത് മനസ്സിലാക്കി യില്ലായിരുന്നെങ്കില്‍, സര്‍വ്വ കഴിവുമുപയോഗിച്ച് ഈ അപകടം ഒഴിവാക്കിയില്ലായിരുന്നെങ്കില്‍, കമ്മ്യൂണിസത്തെക്കുറിച്ച് ആ വിധത്തില്‍ പഠിച്ചശേഷം കമ്മ്യൂണിസ്റ്റുകാരെന്നു പറഞ്ഞു നടക്കുമായിരുന്ന അഞ്ചോ പത്തോ ലക്ഷം ചെറുപ്പക്കാരും ചെറുപ്പക്കാരികളും കമ്മ്യൂണിസത്തിന് വമ്പിച്ച ദ്രോഹം വരുത്തിവയ്ക്കുമായിരുന്നു.

അപ്പോള്‍ ഈ ചോദ്യം ഉദിക്കുന്നു. കമ്മ്യൂണിസത്തെപ്പറ്റി പഠിക്കുന്നതിന് ഇതിനെയെല്ലാം കൂട്ടിയോജിപ്പിക്കേണ്ടത് എങ്ങനെയാണ്? പഴയ സ്‌കൂളില്‍ നിന്ന്, പഴയ തരത്തിലുള്ള ശാസ്ത്രത്തില്‍ നിന്ന്, എന്താണു നാം എടുക്കേണ്ടത്? സര്‍വ്വതോമുഖമായ വിദ്യാഭ്യാസം സിദ്ധിച്ചവരെ സൃഷ്ടിക്കുക, ശാസ്ത്രങ്ങള്‍ പൊതുവില്‍ പഠിപ്പിക്കുക – ഇതായിരുന്നു പഴയ തരം സ്‌കൂളുകളുടെ പ്രഖ്യാപിതലക്ഷ്യം. ഇതു തികച്ചും കളവായിരുന്നുവെന്നു നമുക്കറിയാം. കാരണം, സമൂഹമാകെ നിലനിന്നത് ജനങ്ങളെ വര്‍ഗ്ഗങ്ങളായി ചൂഷകരും മര്‍ദ്ദിതരുമായി വേര്‍തിരിച്ചു നിര്‍ത്തുകയെന്ന അടിസ്ഥാനത്തിലാണ്. വര്‍ഗ്ഗബോധത്തില്‍ കുതിര്‍ന്നിരുന്നതിനാല്‍ പഴയ സ്‌കൂളുകള്‍ സ്വാഭാവികമായും ബൂര്‍ഷ്വാസിയുടെ മക്കള്‍ക്കുമാത്രമാണ് അറിവ് നല്‍കിയത്. ഓരോവാക്കും ബൂര്‍ഷ്വാസിയുടെ താല്‍പ്പര്യാര്‍ത്ഥം വളച്ചൊടിക്കപ്പെട്ടു. ഈ സ്‌കൂളുകളില്‍ തൊഴിലാളികളിലും കര്‍ഷകരിലും പെട്ട യുവതലമുറയ്ക്ക് വിദ്യാഭ്യാസമല്ല ലഭിച്ചത്; ബൂര്‍ഷ്വാസിയുടെ താല്‍പ്പര്യങ്ങള്‍ക്കുപയുക്തമായ കാര്യങ്ങള്‍ അവരുടെ തലയില്‍ അടിച്ചുകയറ്റുകയാണു ചെയ്തത്. ബൂര്‍ഷ്വാസിയുടെ ഭൃത്യന്മാരായി ഉപകരിക്കാത്തവണ്ണവും അവരുടെ സൈ്വരജീവിതം വിഘ്‌നപ്പെടുത്താതെ അവര്‍ക്കു ലാഭമുണ്ടാക്കിക്കൊടുക്കാന്‍ പ്രാപ്തരാകത്തക്കവണ്ണവുമാണ് ആ യുവതല മുറയെ പരിശീലിപ്പിച്ചെടുത്തത് . അതുകൊണ്ട് പഴയ തരം സ്‌കൂളുകളെ തിരസ്‌ക്കരിക്കുമ്പോള്‍ത്തന്നെ യഥാര്‍ത്ഥ കമ്യൂണിസ്റ്റ് വിദ്യാഭ്യാസത്തിനാവശ്യായതു മാത്രം അവയില്‍ നിന്നെടുക്കുകയെന്ന കടമ നാം മുന്നോട്ടുവച്ചിരിക്കുന്നത് .

ഇതുപറയുമ്പോള്‍ പഴയ സ്‌കൂളുകള്‍ക്കെതിരായി എപ്പോഴും കേട്ടുവരാറുള്ള ആക്ഷേപങ്ങളേയും ആരോപണങ്ങളേയും കുറിച്ച ചിലതു പറയേണ്ടിയിരിക്കുന്നു . അവ നമ്മെ പലപ്പോഴും തികച്ചും തെറ്റായ നിഗമനത്തിലെത്തിക്കാനിടയുണ്ട്. വെറും പുസ്തകങ്ങളില്‍ നിന്നുള്ള അറിവു മാത്രമേ പഴയ സ്‌കൂളില്‍ നിന്നും ലഭിച്ചിരുന്നുവെന്നും കാര്യങ്ങള്‍ അവിരാമമായി തലയിലടിച്ചുകയറ്റുകയാണ് അവ ചെയ്തിരുന്നതെന്നും പറയാറുണ്ട്. ഇതു ശരിയാണ്. എങ്കിലും പഴയ സ്‌കൂളുകളില്‍ മോശമായിരുന്നതെന്തെന്നും നമുക്കു പ്രയോജനപ്രദമായതെന്തെന്നും വിവേചിച്ചറിയണം . അതില്‍ നിന്നും കമ്മ്യൂണിസത്തിന് ആവശ്യമായത് തെരഞ്ഞെടുക്കാന്‍ നമുക്ക് കഴിയണം .

പഴയ സ്‌കൂളുകള്‍ വെറും പുസ്തകജ്ഞാനം മാത്രമേ നല്‍കിയുള്ളൂ. പ്രയോജനമില്ലാത്തതും ആവശ്യമില്ലാത്തതും കഴമ്പില്ലാത്തതുമായ കുറെ അറിവ് അരച്ചുകലക്കി കുടിക്കാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കുകയാണ് അവ ചെയ്തത്. ഇത് ബുദ്ധി മുരടിപ്പിക്കുകയും യുവതലമുറയെ ഒരേ അച്ചിലിട്ടു വാര്‍ത്തെടുത്ത ഉദ്യോഗസ്ഥമേധാവികളായി മാറ്റുകയും ചെയ്തു. എന്നാല്‍ മനുഷ്യരാശി സംഭരിച്ചിട്ടുള്ള വിജ്ഞാനസമ്പത്ത് ഉള്‍ക്കൊള്ളാതെ ഒരാള്‍ക്ക് കമ്മ്യൂണിസ്റ്റുകാരനാകാമെന്നാണ് ഇതില്‍നിന്ന് അനുമാനിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ അത് ഗുരുതരമായ തെറ്റായിരിക്കും. കമ്മ്യൂണിസം തന്നെ ഉടലെടുത്തിട്ടുള്ളത് ആ വിജ്ഞാനസമാഹാരത്തില്‍നിന്നാണ്. അത് ആര്‍ജ്ജിക്കാതെ കേവലം കമ്മ്യൂണിസ്റ്റ് മുദ്രാവാക്യങ്ങളും കമ്മ്യൂണിസ്റ്റ് ശാസ്ത്രത്തിന്റെ നിഗമനങ്ങളും മാത്രം പഠിച്ചാല്‍ മതിയാകുമെന്നു കരുത തെറ്റാണ്. മനുഷ്യവിജ്ഞാനത്തിന്റെ ആകെത്തുകയില്‍നിന്നും കമ്മ്യൂണിസം ഉടലെടുത്തതെങ്ങനെയെന്നതിന്റെ ഒരു ഉദാഹരണമാണ് മാര്‍ക്‌സിസം.

കമ്മ്യൂണിസ്റ്റ് സിദ്ധാന്തം, കമ്മ്യൂണിസമെന്ന ശാസ്ത്രം, പ്രധാനമായും ആവിഷ്‌ക്കരിച്ചത് മാര്‍ക്‌സാണ്. എന്നാല്‍, അദ്ദേഹമൊരു പ്രതിഭാശാലിയായിരുന്നെങ്കില്‍പ്പോലും , മാര്‍ക്‌സിസം എന്ന തത്വസംഹിത പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരൊറ്റ സോഷ്യലിസ്റ്റിന്റെ പ്രവര്‍ത്തനഫലമായിട്ടല്ല തുടരുന്നതെന്നും അത് ലോകമൊട്ടുക്കും ലക്ഷക്കണക്കിനും കോടിക്കണക്കിനും തൊഴിലാളികളുടെ തത്വ സംഹിതമായിത്തീര്‍ന്നിരിക്കുന്നുവെന്നും മുതലാളിത്തത്തിനെതിരായ സമരത്തില്‍ അവരതു പ്രയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും നിങ്ങള്‍ വായിച്ചും കേട്ടും അറിഞ്ഞിരിക്കും. ഏറ്റവും വിപ്ലവകാരിയായ വര്‍ഗ്ഗത്തില്‍പ്പെട്ട ലക്ഷക്കണക്കിനും കോടിക്കണക്കിനുമാളുകളുടെ മനസ്സും ഹൃദയവും കവരാന്‍ മാര്‍ക്‌സിന്റെ അനുശാസനങ്ങള്‍ക്ക് എങ്ങനെ കഴിഞ്ഞുവെന്നും ചോദിച്ചാല്‍ അതിന് ഒരേയൊരു മറുപടിയേ ലഭിക്കു. മുതലാളിത്തത്തിന്‍ കീഴില്‍ ആര്‍ജ്ജിച്ച മനുഷ്യവിജ്ഞാനത്തിന്റെ ഉറച്ച അടിത്തറയാണ് മാര്‍ക്‌സ് തന്റെ പ്രവര്‍ത്തനത്തിന് ആസ്പദമായെടുത്തത്. മനുഷ്യസമൂഹത്തിന്റെ വികാസനിയമങ്ങള്‍ പഠിച്ചപ്പോള്‍ മുതലാളിത്തം കമ്മ്യൂണിസത്തിലേക്കു വളര്‍ന്നു വികസിക്കുമെന്നത് അനിവാര്യമാണെന്ന് മാര്‍ക്‌സിനു മനസ്സിലായി. ആ മുതലാളിത്ത സമൂഹത്തെക്കുറിച്ചു നടത്തിയ ഏറ്റവും സൂക്ഷ്മവും വിശദവും അഗാധവുമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. അതേവരെയുള്ള ശാസ്ത്രങ്ങളെക്കുറിച്ചു പൂര്‍ണ്ണമായി ഗ്രഹിച്ചതിനുശേഷമാണ്, അദ്ദേഹമതു തെളിയിച്ചതെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടകാര്യം. ഒരൊറ്റ വിശദാംശം പോലും അവഗണിക്കാതെ, മനുഷ്യരാശി സൃഷ്ടിച്ചിട്ടുള്ള സര്‍വ്വതും അദ്ദേഹം വിമര്‍ശനബുദ്ധ്യാ പുതുക്കിയെഴുതി . മനുഷ്യചിന്ത സൃഷ്ടിച്ചിട്ടുള്ള സര്‍വ്വതിനേയും അദ്ദേഹം പുനഃപരിശോധിക്കുകയും വിമര്‍ശനവിധേയമാക്കുകയും തൊഴിലാളി പ്രസ്ഥാനത്തിന്റെ ഉരകല്ലില്‍ മാറ്റുരച്ചുനോക്കുകയും ചെയ്തു. അതില്‍ നിന്നാണ് അദ്ദേഹം ബൂര്‍ഷ്വാപരിമിതികളില്‍ കുടുങ്ങിനില്‍ക്കുകയോ ബൂര്‍ഷ്വാമുന്‍വിധികളുടെ ബന്ധനത്തില്‍ കഴിയുകയോ ചെയ്തിരുന്നവര്‍ക്ക് എത്താന്‍ കഴിയാതിരുന്ന നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നത്.

ഉദാഹരണത്തിന് തൊഴിലാളിവര്‍ഗ്ഗ സംസ്‌ക്കാരത്തെപ്പറ്റി പറയുമ്പോള്‍ നാം ഇത് ഓര്‍ക്കേണ്ടതാണ്. മനുഷ്യരാശിയുടെ ഇതഃപര്യന്തമുള്ള വികാസത്തിനിടയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള സംസ്‌ക്കാരത്തെ കുറിച്ച് സൂക്ഷ്മമായി മനസ്സിലാക്കി അതിനെ രൂപാന്തരപ്പെടുത്തിയാല്‍ മാത്രമേ നമുക്ക് തൊഴിലാളി വര്‍ഗ്ഗ സംസ്‌ക്കാരം സൃഷ്ടിക്കാന്‍ കഴിയൂ എന്നു വ്യക്തമായി ഗ്രഹിച്ചില്ലെങ്കില്‍ ഈ പ്രശ്‌നം പരിഹരികാന്‍ സാധിക്കുകയില്ല. ശൂന്യതയില്‍ നിന്നും പിടിച്ചെടുക്കാവുന്ന ഒന്നല്ല തൊഴിലാളി വര്‍ഗ്ഗസംസ്‌ക്കാരം. തൊഴിലാളിവര്‍ഗ്ഗ സംസ്‌കാരത്തിന്റെ വൈദഗ്ദ്ധ്യം ചമയുന്നവരുടെ കണ്ടുപിടുത്തവുമല്ല അത്. ആണന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ് മുതലാളിത്ത സമുഹത്തിന്റെയും ഭൂവുടമ സമൂഹത്തിന്റെയും ഉദ്യോഗസ്ഥമേധാവിത്വ സമൂഹത്തിന്റെയും നുകത്തിന്‍ കീഴില്‍ മാനവരാശി സംഭരിച്ചിട്ടുള്ള വിജ്ഞാനശേഖരത്തിന്റെ യുക്തിയുക്തമായ വികാസമായിരിക്കണം തൊഴിലാളിവര്‍ഗ്ഗസംസ്‌ക്കാരം. ഈ പാതകളെല്ലാം നയിച്ചുകൊണ്ടിരിക്കുന്നതും തുടര്‍ന്നു നയിക്കാന്‍ പോകുന്നതും തൊഴിലാളിവര്‍ഗ്ഗ സംസ്‌ക്കാരത്തിലേക്കാണ്. മനുഷ്യസമൂഹം എത്തിച്ചേരുന്നതെവിടെയാണെന്ന്, വര്‍ഗ്ഗസമരത്തിലേക്കും തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തിന്റെ ആരംഭത്തിലേക്കും നയിക്കുന്ന പാത ഏതാണെന്ന്, മാര്‍ക്‌സ് പുതുരൂപം നല്‍കിയ അര്‍ത്ഥശാസ്ത്രം നമുക്കു കാട്ടിത്തന്നിട്ടുണ്ട്. അതുപോലെതന്നെയാണ് തൊഴിലാളിവര്‍ഗ്ഗ സംസ്‌ക്കാരത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത് .

പഴയ സ്‌കൂളുകള്‍ ഉരുവിട്ടു പഠിപ്പിക്കുന്ന ഏര്‍പ്പാടാണു സ്വീകരിച്ചിരുന്നതെന്നു പറഞ്ഞ് യുവജനങ്ങളുടെ പ്രതിനിധികളും പുതിയൊരു വിദ്യാഭ്യാസത്തിനുവേണ്ടി വാദിക്കുന്ന ചിലരും പലപ്പോഴും അവയെ കുറ്റപ്പെടുത്തുന്നതു കേള്‍ക്കാറുണ്ട്. പഴയ സ്‌കൂളുകളിലുണ്ടായിരുന്ന നല്ല കാര്യങ്ങള്‍ നാം സ്വീകരിക്കണമെന്നാണ് നമുക് അവരോടു പറയാനുള്ളത്. പത്തിലൊമ്പതു ഭാഗം പ്രയോജനരഹിതവും ശേഷമൊരുഭാഗം വളച്ചൊടിക്കപ്പെട്ടതുമായ ഒട്ടേറെ അറിവ് കുട്ടികളുടെ മനസ്സില്‍ കുത്തിത്തിരുകുന്ന ഏര്‍പ്പാട് നാം സ്വീകരിക്കാന്‍ പാടില്ല. എന്നാല്‍ നാം കമ്മ്യൂണിസ്റ്റ് നിഗമനങ്ങളില്‍ ഒതുങ്ങിനില്‍ക്കണമെന്നോ കമ്മ്യൂണിസ്റ്റ് മുദ്രാവാക്യങ്ങള്‍ മാത്രം പഠിച്ചാല്‍ മതിയെന്നോ അല്ല ഇതിനര്‍ത്ഥം. അങ്ങനെ കമ്മ്യൂണിസം സൃഷ്ടിക്കാന്‍ സാദ്ധ്യമല്ല . മാനവരാശി സൃഷ്ടിച്ചിട്ടുള്ള എല്ലാ മൂല്യങ്ങളേയും കുറിച്ച് അറിവു നേടിക്കൊണ്ട് മനസ്സിനെ സമ്പന്നമാക്കുമ്പോള്‍ മാത്രമേ ഒരാള്‍ക്ക് കമ്മ്യൂണിസ്റ്റുകാരനാകാന്‍ കഴിയൂ.

ഉരുവിട്ടു പഠിപ്പിക്കേണ്ട ആവശ്യം നമുക്കില്ല. എങ്കിലും മൗലിക കാര്യങ്ങളെക്കുറിച്ചുള്ള അറിവു നല്‍കിക്കൊണ്ട് ഓരോ വിദ്യാര്‍ത്ഥി യുടേയും മനസ്സു വികസിപ്പിക്കുകയും തികവുറ്റതാക്കിത്തീര്‍ക്കുകയും ചെയ്യേണ്ടതാവശ്യമാണ്. നേടിയ അറിവ് ശരിക്കും ദഹിച്ചിട്ടില്ലെങ്കില്‍ കമ്മ്യൂണിസം വെറുമൊരു പൊള്ളവാക്കായിത്തീരും. കമ്മ്യൂണിസ്റ്റുകാരന്‍ കേവലം വീമ്പു പറയുന്നവനായിത്തീരും. ഈ അറിവ് വെറുതെ ആര്‍ജ്ജിക്കുകയല്ല വേണ്ടത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares