അഡ്വ. വിനീത വിൻസന്റ്
(എഐവൈഎഫ് യുവതി സബ്കമ്മിറ്റി കൺവീനർ)
ഒരുമിച്ചു നടക്കാം വർഗ്ഗീയതിക്ക് എതിരെ ഒന്നായ് പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് സംഘടിപ്പിക്കുന്ന കാൽനട ജാഥകൾക്ക് മെയ് 15നു തുടക്കം കുറിക്കുകയാണ്. തൊഴിലില്ലായ്മയും വർഗ്ഗീയതയും നടമാടുന്ന നമ്മുടെ രാജ്യത്ത്, ഫാസിസം അതിന്റെ യഥാർത്ഥ രൂപം പുറത്തെടുത്തു തുടങ്ങിയിരിക്കുന്നു. ആർഎസ്എസും ബിജെപിയും രാജ്യത്തെ ഹൈന്ദവ രാഷ്ട്രമാക്കി മാറ്റാനുള്ള ഓട്ടത്തിന് വേഗത കൂട്ടിയിരിക്കുന്നു.
രാജ്യത്തെ കോർപ്പറേറ്റുകൾക്ക് എഴുതി നൽകിയ മോദി, യുവാക്കളെ തൊഴിലില്ലായ്മയുടെ പടുക്കുഴിയിലേക്ക് തള്ളി വിട്ടു. തൊഴിൽ സുരക്ഷ എന്നത് ഇന്നത്തെ ഇന്ത്യയിൽ വെറും വ്യാമോഹം മാത്രമാണ്. ട്രെഡ് യുണിയനുകളെ ചങ്ങലയ്ക്കിട്ട് കോർപ്പറേറ്റുകൾക്ക് അഴിഞ്ഞാടാനുള്ള അവസരം ഒരുക്കി നൽകി.
സമസ്ത മേഖലയിലും അഴിമതി. ചോദ്യം ചെയ്യുന്നവരെ രാജ്യദ്രോഹികളെന്ന് ചാപ്പ കുത്തുന്നു. രാജ്യത്തെ സ്ത്രീകൾ ഒട്ടുമേ സുരക്ഷിതരല്ല, കൂട്ട ബലാത്സംഗങ്ങൾ തുടർക്കഥയാണ്. സ്ത്രീ സുരക്ഷയിൽ അല്പമെങ്കിലും ഭേദം നമ്മുടെ കേരളമാണ്. അടിസ്ഥാന സൗകര്യ വികസനത്തിലും ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലും കേരളം എന്നും രാജ്യത്തിനു മാതൃകയാണ്.
ബിജെപിയുടെ വർഗീയ അജണ്ട കേരളത്തിൽ വിലപ്പോകില്ല. എന്നാൽ ബിജെപിയും ആർഎസ്എസും ചെയ്യുന്നത് എന്താണ്? മതേതരത്വത്തിന്റെ അവസാന തുരുത്തായി നിലനിൽക്കുന്ന കേരളത്തെ തകർക്കാനായി നിരന്തരം വ്യാജ പ്രചരണങ്ങളും വർഗ്ഗീയ വിദ്വേഷ പ്രചരണങ്ങളും നടത്തുന്നു. നമ്മൾ ഇതിനെയൊക്കെ ചെറുത്തു മുന്നോട്ട് പോകും.
ഇന്ത്യയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് പുത്തൻ ഊർജം പകരുന്നതാകും എഐവൈഎഫിന്റെ സേവ് ഇന്ത്യ മാർച്ച്. ഈ മുന്നേറ്റത്തിന്റെ ഭാഗമാകാൻ എല്ലാ ജനാധിപത്യ, മതേതര വിശ്വാസികളെയും ആവേശത്തോടെ, സസ്നേഹം ക്ഷണിക്കുകയാണ്. വരൂ, മാറ്റത്തിന്റെ യാത്രയുടെ ഭാഗമാകൂ..