To: ശ്രീമതി മേനകാ ഗാന്ധി
ഡൽഹി
ബഹുമാന്യയായ മാഡം
വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലുവാൻ ഉത്തരവിട്ടതിനെതിരെ താങ്കൾ നൽകിയ സ്റ്റേറ്റ്മെന്റ് ആണ് ഈ കത്തെഴുതാൻ എന്നെ പ്രേരിപ്പിച്ചിട്ടുള്ളത്. താങ്കളുടെ സ്റ്റേറ്റ്മെന്റിൽ വനം കയ്യേറ്റം നടന്നതു കൊണ്ടാണ് വന്യമൃഗങ്ങൾ കാടു വിട്ട് നാട്ടിലേക്ക് ഇറങ്ങുന്നതെന്നും, ഭക്ഷണ വസ്തുവായ കാട്ടുപന്നികളെ വെടിവെച് കൊല്ലുന്നതിനാൽ കടുവകൾക്ക് ആഹാരം ഇല്ലാത്തതിനാൽ അവ കാടുവിട്ട് പുറത്തിറങ്ങുമെന്നും താങ്കൾ പറയുന്നു.
അക്കാദമിക്ക് വിവരശേഖരണത്തിന്റെ ഭാഗമായി താങ്കൾ പറയുന്ന കാര്യങ്ങൾ പ്രഥമ ദൃഷ്ടി യാ ശരിയെന്ന് തോന്നുമെങ്കിലും വയനാട്ടിലെ വസ്തുതകൾ താങ്കൾ പറഞ്ഞതല്ല. ഇന്ത്യയിൽശരാശരി 16 ശതമാനം മാത്രം വനവിസ്തൃതി ഉള്ളപ്പോൾ വയനാട് ജില്ലയിൽ ആകെ യുള്ള ഭൂമിയുടെ 38 ശതമാനം വനമാണ്. അതായത് 2131 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വയനാട്ടിൽ 820 ചതുരശ്ര കിലോമീറ്റർ ഭൂമിയും വനമാണ്. ഇതിൽ തന്നെ 344 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വയനാട് വൈൽഡ് ലൈഫ് സാൻഞ്ചറി കഴിച്ചാൽ ബാക്കിയുള്ളത് അനേകം ബീറ്റ് ഫോറസ്റ്റുകൾ അടക്കമുള്ള വെസ്റ്റേഡ് ഫോറസ്റ്റ് ആണ്.
1970ലെ വെസ്റ്റിങ്ങ് ആൻഡ് അസൈമെന്റ് ആക്ട് പ്രകാരം ഭൂരഹിതരായ ആളുകൾക്ക് പതിച്ചു കൊടുക്കുവാൻ വേണ്ടി പിടിച്ചെടുത്ത ഭൂമിയാണ് പിന്നീട് വെസ്റ്റഡ്ഫോറസ്റ്റ് ആയി മാറിയിട്ടുള്ളത്. കണക്കുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുന്നതുമാണ്. 1947ൽ സ്വാതന്ത്ര്യം പ്രാപിക്കുന്ന സമയത്ത് വയനാട്ടിൽ ഉണ്ടായിരുന്ന ഫോറസ്റ്റിന്റെ വിസൃതിയിൽ ഏതാണ്ട് 25% ത്തോളം ഭൂമി ഇപ്പോൾ വനമായി വർദ്ധിച്ചിട്ടുണ്ട്. വയനാട്ടിൽ ഫോറസ്റ്റിന്റെ വിസ്തൃതി കുറഞ്ഞുവെന്ന താങ്കളുടെ സ്റ്റേറ്റ്മെന്റ് അവാസ്തവമാണ്.
1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം പാസായതിനുശേഷം വയനാട്ടിലെ കാടുകളിൽ വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. മാത്രമല്ല വയനാട്ടിനോട് ചേർന്ന് കിടക്കുന്ന തമിഴ്നാട് കർണാടക സംസ്ഥാനത്തിലെ ഫോറസ്റ്റുകളിൽ നിന്നും, നല്ല കാലാവസ്ഥയും ഭക്ഷണവും ഉള്ള വയനാടൻ കാടുകളിലേക്ക് വേനൽക്കാലത്ത് വന്യമൃഗങ്ങൾ കടന്നുവരുന്നുമുണ്ട്. ഇത്രയും ചെറിയ ഭൂവിസ്തൃതിയുള്ള വയനാടൻ കാടുകളിൽ 150-ൽ പരം കടുവകളും 500-ൽ അധികം ആനകളും ജീവിക്കുന്നുണ്ട്.
വന്യജീവികളുടെ ആവാസ വ്യവസ്ഥയെ സംബന്ധിച്ച് കൂടുതൽ അറിയുന്ന താങ്കൾ ഇക്കാര്യത്തിൽ എക്സ്പെർട്ട് ആണല്ലോ. കേവലം 320 ചതുരശ്ര കിലോമീറ്റർ ഉള്ള വയനാട് വൈൽഡ് ലൈഫ് സാൻഞ്ച്വറിയിൽ എങ്ങനെയാണ് നൂറ്റമ്പതിൽപരം കടുവകൾ ജീവിക്കുക ? എങ്ങനെയാണ്500-ൽ അധികം ആനകൾ ജീവിക്കുക ? വനംവകുപ്പിന്റെ വികലമായ നയo കൊണ്ട് നിലവിലുണ്ടായിരുന്ന വനത്തിൽ 40% ത്തോളം വെട്ടിത്തെളിച്ച് അവിടെ തേക്ക്, യൂക്കാലിമരങ്ങ ളുടെ ഏകവിള തോട്ടങ്ങൾ വെച്ചുപിടിപ്പിച്ചിരിക്കുകയാണ്. ഈ സ്ഥലത്ത് വന്യമൃഗങ്ങൾക്ക് ഒരു ഭക്ഷ്യ വസ്തുവും ഇല്ല. തേക്ക് തോട്ടങ്ങളിലെ ചൂടുകൊണ്ട് മൃഗങ്ങൾക്ക് അവിടെ നിൽക്കാൻ പോലും സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് മൃഗങ്ങൾ കാടു വിട്ട് നാട്ടിലേക്ക് ഇറങ്ങുന്നത്.
ഞങ്ങൾ വയനാട്ടിലെ കൃഷിക്കാർ മൃഗങ്ങളെയും കാടിനെയും സ്നേഹിക്കുന്നവരാണ്. ഞങ്ങളാണ് ഈ പ്രകൃതിയെ സംരക്ഷിക്കുന്നവർ. 8 ലക്ഷം ജനങ്ങൾ മാത്രം താമസിക്കുന്ന ഈ ചെറിയ ജില്ലയിൽ 1980 ന് ശേഷം 163 ആളുകൾ കാട്ടാനയുടെ ആക്രമണത്താൽ മരിച്ചിട്ടുണ്ട്. 2015 നു ശേഷം പത്തു വർഷത്തിനുള്ളിൽ എട്ട് ആളുകളെയാണ് കടുവ കടിച്ചുകീറി ഭക്ഷിച്ചത്. കാട്ടുപന്നിയും കുരങ്ങും മയിലും മാനും നശിപ്പിക്കാത്ത ഒരിഞ്ച് കൃഷിഭൂമി പോലും ഇന്ന് വയനാട്ടിൽ ഇല്ല.
കാർഷിക മേഖലയായ ഈ പ്രദേശത്തെ ജനങ്ങൾ കൃഷി ഉപേക്ഷിച്ച് നാടുവിട്ടു പോകുന്നു. മേഡം, ഞങ്ങൾക്കും ഇവിടെ ജീവിക്കേണ്ടേ! ഞങ്ങൾക്ക് കൃഷി ചെയ്യേണ്ടേ ! ഞങ്ങളെ കൊന്നു തിന്നുന്ന, ഞങ്ങടെ മക്കളെ ഭക്ഷണമാക്കുന്ന, ഞങ്ങളുടെ വളർത്തുമൃഗങ്ങളെ കൊല്ലുന്ന, ഞങ്ങളുടെ കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ എന്തു ചെയ്യണം.
വിദേശരാജ്യങ്ങളിൽ വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചാൽ കള്ളിംങ്ങ്നടത്തുന്ന സംവിധാനങ്ങൾ ഉള്ളതായി നമുക്ക്ക്കറിയാം. എന്തുകൊണ്ട് അത് ഇവിടെ നടത്തിക്കൂടാ. ഇവിടത്തെ വനത്തിന് ഉൾക്കൊള്ളാൻ കഴിയാത്തആനകളെയും കടുവകളെയും പിടിച്ച് ഇവകൾ ഇല്ലാത്ത വനത്തിലേക്ക് എന്തുകൊണ്ട് മാറ്റിക്കൂടാ. കാടും നാടും വേർതിരിക്കുന്ന വിധത്തിൽ, കാട്ടിൽ നിന്ന് മൃഗങ്ങൾ നാട്ടിലേക്ക് കടക്കാത്ത വിധത്തിൽ ആവശ്യമായ പ്രതിരോധ സംവിധാനങ്ങൾ ഉണ്ടാക്കാൻ കഴിയില്ലേ.
മൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ തകർക്കുന്ന വിധത്തിൽ നിലവിലുള്ള തേക്കു,യുക്കാലിപ്റ്റ്സ് തോട്ടങ്ങളെ സ്വാഭാവിക വനങ്ങളാക്കാൻ കഴിയില്ലേ. ഇതിനെല്ലാം ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്. നിങ്ങളെക്കാൾ അധികം മൃഗങ്ങളെയും വനങ്ങളെയും സ്നേഹിക്കുന്നവരാണ് ഞങ്ങൾ.
ഞങ്ങളിൽ ഒരാൾ ആകുവാൻ നിങ്ങൾക്ക് കഴിയുമോ.? ഞങ്ങളെപ്പോലെ കഷ്ടപ്പെട്ട് കൃഷിയെടുത്ത് ജീവിക്കുവാൻ നിങ്ങൾക്ക് കഴിയുമോ.? എങ്കിൽ വരൂ വയനാട്ടിലേക്ക്. ഞങ്ങൾ നിങ്ങൾക്ക് ഭൂമി തരാം. ഇവിടെ താമസിച്ച് കൃഷിയെടുത്ത് ജീവിക്കുവാൻ നിങ്ങൾക്ക് കഴിയുമോ. തുടക്കത്തിൽ ഒരേക്കർ ഭൂമി നിങ്ങൾക്ക് സൗജന്യമായി നൽകാം. പിന്നിട് എത്ര വേണമെങ്കിലും നൽകാം. കൃഷിയെടുക്കാം ! പ്രകൃതിയെ സ്നേഹിച്ചു കൊണ്ട് ഇവിടെ ജീവിക്കാം. ഞങ്ങളിൽ ഒരാൾ ആകുവാൻ നിങ്ങൾക്ക് കഴിയുമോ. എങ്കിൽ വരൂ.
ബഹുമാനത്തോടെ
ഇ ജെ ബാബു
സെക്രട്ടറി
സിപിഐ
വയനാട് ജില്ലാ കൗൺസിൽ
94473577 34
ejbabumananthavady@gmail.com