ന്യൂഡൽഹി: എൽഐസി സ്വകാര്യവത്കണത്തിനെതിരെ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. എൽഐസിയെ കുത്തകമുതലാളിമാരുടെ കാൽചുവട്ടിലേക്ക് തീറെഴുതിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഓഹരികൾ വിറ്റുതുലയ്ക്കാനുള്ള കേന്ദ്രസർക്കരിന്റെ തീരുമാനം. ഇതു വലിയ അഴിമതിയും തട്ടിപ്പുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്റെ സ്വകാര്യ വത്കരണ നയത്തിന്റെ ഭാഗമാണിതെന്ന് സിപിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ധനസമ്പാദന നയത്തിന്റെ അടിസ്ഥാനത്തിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വത്കരണത്തിലൂടെയും ബിജെപി യുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ എല്ലാ ദേശീയ സ്വത്തുക്കളും വിൽക്കുന്നത് ഖേദകരമാണെന്ന് സിപിഐ ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു. കോർപറേറ്റ് നികുതികൾ പുനഃസ്ഥാപിച്ചും സമ്പന്നരുടെ നികുതി കൂട്ടിയും വരുമാന വർധനയുണ്ടാക്കാതെ ചെലവുകൾ നിർവഹിക്കുന്നതിന് ദീർഘകാല ആസ്തികൾ വിറ്റൊഴിവാക്കുന്നത് സർക്കാരിന്റെ പരാജയമാണ് വ്യക്തമാക്കുന്നതെന്നും വലതുപക്ഷ‑അമേരിക്കൻ സാമ്പത്തിക നയത്തിന് സമാനമാണെന്നും രാജ വ്യക്തമാക്കി.
നിലവിലെ ചെലവുകൾ നിറവേറ്റുന്നതിനായി ദീർഘകാല ആസ്തികൾ വിറ്റുതുലച്ച് വരുമാനം ശേഖരിക്കുന്നത് രാജ്യത്തെ വലിയൊരു ദുരന്തത്തിലേക്ക് കൊണ്ടുച്ചെന്നെത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് എൽഐസിയുടെ ഓഹരി വില്പന നടപടികൾ നിർത്തിവയ്ക്കണമെന്ന് ഡി രാജ ആവശ്യപ്പെട്ടു.
വിറ്റഴിക്കലുകൾ രാജ്യത്തിന്റെ പരമാധികാരത്തെയും സാമ്പത്തിക സ്വാതന്ത്ര്യത്തെയും പ്രതികൂലമായി ബാധിക്കും. ഇത് ആഭ്യന്തര അന്താരാഷ്ട്ര കോർപ്പറേറ്റ് മുതലാളിമാർക്ക് നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.